ജൈവോത്സവം: വനിതാ കര്‍ഷകര്‍ മുഖ്യധാരയിലേക്ക്

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതാ കര്‍ഷരെ സംഘിപ്പിച്ച് ഡല്‍ഹിയില്‍ നടത്തിവന്ന വനിതാ ജൈവ(കാര്‍ഷിക)മേള (2017) പുതിയ പ്രതീക്ഷകള്‍ പകര്‍ന്ന് സമാപിച്ചു. കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം സംഘടിപ്പിച്ച കാര്‍ഷികമേളയിലൂടെ 15 ദിവസം കൊണ്ട് നേടിയത് 1.84 കോടി രൂപയുടെ വിറ്റുവരവാണ്. രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ ഡല്‍ഹി ടൂറിസത്തിനു കീഴിലുള്ള INA ബസാറില്‍ സംഘടിപ്പിച്ച മേള സന്ദര്‍ശിക്കുകയും ചെയ്തു. മേളയുടെ സ്വീകാര്യത ചെറുകിട വനിതാ കര്‍ഷകരെ മുഖ്യധാരയിലേക്കെത്തിക്കാനും അവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തിന്റെ പലയിടത്തായി വനിതാ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ജൈവോത്പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തിച്ചിരുന്നത്. ഇതില്‍, മണ്ണിപ്പൂരിലെ തനത് കറുത്ത അരി മുതല്‍ തേയില, സുഗന്ധ വ്യഞ്ജനങ്ങള്‍, അടുക്കള സാമഗ്രികള്‍, ശരീര സൗന്ദര്യോത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഒക്ടോബര്‍ ഒന്നാം തീയതി ആരംഭിച്ച മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് വകുപ്പ് മന്ത്രി മേനകാ ഗാന്ധിയാണ്. “രാസവളങ്ങളുടേയും രാസകീടനാശിനികളുടേയും രാസസംരക്ഷണോപാധികളുടേയും സഹായമില്ലാതെ ഉത്പാദിപ്പിക്കുന്ന ജൈവ കാര്‍ഷികോത്പന്നങ്ങളുടെ ഗുണമേന്മ ഇതിനകം തെളിയിക്കപ്പെട്ടതാണെന്ന് സമാപനവേളയില്‍ മേനകാ ഗാന്ധി പ്രസ്താവിച്ചു. “കാര്‍ഷിക വൃത്തിയുടെ ചെലവ് 20 മുതല്‍ 40 ശതമാനം വരെ കുറയുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കുകയും അതോടൊപ്പം മണ്ണ് സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്നൊരു മേന്മകൂടി ജൈവകൃഷിക്കുണ്ട്.” മേനകാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Also Read: കൃഷി വികസന പദ്ധതികളില്‍ 30 ശതമാനം ഫണ്ട് വനിതാ കര്‍ഷകര്‍ക്ക്