കേരളത്തിലെ 71 നാടന്‍ കുരുമുളകിനങ്ങള്‍ കണ്ടെത്തി

കേരളത്തിലെ 71 നാടന്‍ കുരുമുളകിനങ്ങള്‍ കണ്ടെത്തി. ജൈവ കാര്‍ഷികോത്പന്നങ്ങള്‍ നിർമ്മിച്ച് വിപണനം ചെയ്യുന്ന റുഡോള്‍ഫ് ബ്യൂളര്‍ എന്ന ജര്‍മന്‍കാരനാണ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ച് ഈ ഇനങ്ങള്‍ കണ്ടെത്തിയത്. ഇനിയും 29 ഇനങ്ങള്‍കൂടിയുണ്ടെന്ന് അദ്ദേഹം പറയുന്നു. നാടന്‍ കുരുമുളകിനങ്ങളെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പഠനത്തിനായി എംജി സര്‍വകലാശാലയുമായി സഹകരിച്ചു പ്രവർത്തിക്കാനും റൂഡോൾഫിന് പദ്ധതിയുണ്ട്.

സര്‍വകലാശാലയിലെ അന്തര്‍സര്‍വകലാശാല സുസ്ഥിര ജൈവകൃഷി പഠനകേന്ദ്രവുമായി ചേര്‍ന്നായിരിക്കും പഠനം. സ്വന്തം ഉത്പന്നങ്ങള്‍ ഇക്കോലാന്റ് എന്ന സ്ഥാപനത്തിലൂടെ നേരിട്ട് വിപണിയിലെത്തിച്ച റുഡോള്‍ഫ് പിന്നീട് വിവിധ രാജ്യങ്ങളില്‍നിന്ന് ഔഷധ സസ്യങ്ങള്‍ക്കും സുഗന്ധ വ്യജ്ഞനങ്ങള്‍ക്കും വിപണി കണ്ടെത്തി. 2002-ലാണ് ഇദ്ദേഹം വയനാട്ടിലെത്തുന്നത്.

വയനാട്ടിലും കണ്ണൂരിലുമുള്ള വനമേഖലയില്‍ ചില ആദിവാസി വിഭാഗങ്ങള്‍ നാടന്‍ കുരുമുളക് ഇനങ്ങള്‍ കൃഷി ചെയ്യുന്നുണ്ടെന്ന് മനസിലാക്കി അവിടെ നിന്നാണ് 71 ഇനങ്ങളും ശേഖരിച്ചത്. ജൈവകൃഷിക്കും നാടന്‍ ഇനങ്ങള്‍ക്കും ജര്‍മനിയിലുള്ള പ്രിയമാണ് കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ നാടന്‍ ഇനങ്ങള്‍ തേടാന്‍ റുഡോള്‍ഫിനെ പ്രേരിപ്പിച്ചത്.

ഇതുവരെ കണ്ടെത്തിയ ഇനങ്ങളെക്കുറിച്ച് ‘ദി ആര്‍ക്ക് ഓഫ് പെപ്പര്‍'(കുരുമുളകിന്റെ പേടകം എന്ന പേരില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ഇക്കോലാന്റ് ഹെര്‍ബ്‌സ് ആന്റ് സ്‌പൈസസും ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പുതിയ ഇനം കണ്ടെത്തി കഴിഞ്ഞാല്‍ അതിന്റെ വള്ളി ശേഖരിച്ച് ശാസ്ത്രീയമായി കൃഷി ചെയ്ത് കൂടുതല്‍ വള്ളികള്‍ തയ്യാറാക്കി കർഷകർക്ക് നൽകുകയാണ് റുഡോൾഫ് ചെയ്യുന്നത്.

Also Read: മാവുകൾക്കും വേണം ശ്രദ്ധയോടെയുള്ള പരിചരണം; പകരം കിട്ടുന്നതോ, നല്ലൊരു മാമ്പഴക്കാലം

Image: pixabay.com