പരമ്പരാഗത നെൽവിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്ത മുഴുവന്‍ നെല്ലും സംഭരിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍

പരമ്പരാഗത നെൽവിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്ത മുഴുവന്‍ നെല്ലും സംഭരിക്കുകയും വിൽക്കുകയും ചെയ്യുന്നതിലൂടെ കര്‍ഷകന് ന്യായവില ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വയനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുന്നതിന്റേയും അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന്റേയും ഉദ്ഘാടനം അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നെല്ല് സംഭരിച്ച് സംസ്കരിക്കുന്നതിന് പ്രത്യേക മില്ല് ഈ വര്‍ഷം ആരംഭിക്കും. വയനാട്ടില്‍ 3500 ഹെക്ടറില്‍ പുതിയതായി നെല്‍കൃഷി ആരംഭിക്കുകയാണ് ലക്ഷ്യം. പരമ്പരാഗത വിത്തുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വിത്തുല്‍സവം സംഘടിപ്പിക്കും. മണ്ണുത്തി കാര്‍ഷിക കോളേജില്‍ മൂന്നു കോടി രൂപ ചെലവില്‍ വിത്തു ബാങ്ക് രൂപീകരിക്കും. അമ്പലവയല്‍ ഗവേഷണ കേന്ദ്രത്തില്‍ 110 ഇനം നെല്‍വിത്തുകള്‍ ഒരുക്കിയിട്ടുണ്ട്. വയനാടിന്റെ മാത്രമായ നെല്‍വിത്തുകള്‍ സംബന്ധിച്ച് വിശദമായി പഠനം നടത്തി ഡയറക്ടറി തയ്യാറാക്കിയിരിക്കുകയാണ്.

നെല്‍കൃഷി കുറഞ്ഞതാണ് വയനാടിന്റെ ജലക്ഷാമത്തിന് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു.
വയനാടിനെ കാര്‍ഷിക സമ്പല്‍സമൃദ്ധമായ ജില്ലയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ കര്‍ഷകനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. 2021ഓടെ വയനാട്ടില്‍ 450 ഏക്കര്‍ സ്ഥലത്ത് ആധുനിക രീതിയിലുള്ള പുഷ്പ കൃഷിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.

പ്രത്യേക കാർക മേഖലയായി പ്രഖ്യാപിക്കുന്നയിടങ്ങളില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാവും വിധം ഒരുക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുന്ന പത്തു കോടി രൂപയുടെ പദ്ധതിക്ക് തുടക്കമായതായും മന്ത്രി കൂട്ടിച്ചേർത്തു. അറുപത്തി രണ്ടിനം നെല്‍വിത്തിനങ്ങള്‍ വയനാട്ടിലെ കർഷകർ പാരമ്പര്യമായി ഉപയോഗിച്ചു വരുന്നതായി അടുത്തിടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രവും കൃഷി വിജ്ഞാന കേന്ദ്രവും കാസര്‍കോട് പീലിക്കോട്ടെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

Also Read: ചക്ക ഇനി വെറും ചക്കയല്ല! മാർച്ച് 21 മുതൽ കേരളത്തിന്റെ ഔദ്യോഗിക ഫലം; ഒപ്പം അമ്പലവയലിൽ ചക്ക ഗവേഷണ കേന്ദ്രം വരുന്നു

Image: pixabay.com