പിഴച്ചത് നമുക്കാണ്, പ്രകൃതിയ്ക്കല്ല

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ കെടുതികള്‍ ഒറ്റക്കെട്ടായി നേരിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. കിഴക്കു നിന്ന് പടിഞ്ഞാറേയ്ക്ക് ചരിച്ചുവെച്ച കേരളം എന്ന കൊച്ചു ഭൂപ്രദേശത്ത് മിന്നല്‍ പ്രളയവും കാലവര്‍ഷക്കെടുതിയും വരുത്തിയ ആള്‍നാശത്തിന്റെയും കൃഷിനാശത്തിന്റെയും വസ്തുനാശങ്ങളുടെയും കണക്ക് എണ്ണിത്തിട്ടപ്പെടുത്താവുന്നതിലും അപ്പുറമാണ്. മനുഷ്യന്റെ ശക്തിയും യുക്തിയ്ക്കും നിയന്ത്രണത്തിനും അതീതമായ കാര്യങ്ങളാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉണ്ടായത്. പ്രാഥമികമായി ചില കണക്കുകള്‍ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ടെങ്കിലും യഥാര്‍ത്ഥചിത്രം തെളിഞ്ഞുവരാന്‍ കുറേ കാലമെടുക്കും. പക്ഷെ, നമുക്ക് ഒത്തൊരുമിച്ച് ഈ പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ കഴിയും എന്നുതന്നെ പ്രത്യാശിക്കുക. ഇപ്പോഴത്തെ മഹാപ്രളയത്തിന് പസഫിക് സമുദ്രത്തിലെ “ലാ നിനാ” പ്രതിഭാസവും ന്യൂനമര്‍ദ്ദവുമാണ് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, പ്രളയക്കെടുതിയുടെ രൂക്ഷത വര്‍ദ്ധിപ്പിച്ചതിന് മനുഷ്യനിര്‍മ്മിത കാരണങ്ങള്‍ കൂടിയുണ്ട്. അതുകൊണ്ടാണ് പുഴ അതിന് ഇഷ്ടമുള്ള ഇടങ്ങളിലൂടെ ഒഴുകിപ്പരന്നത്. വെള്ളം സമൃദ്ധമായതിനാല്‍ നില മറന്നവരാണ് നമ്മള്‍. വെള്ളം കൊണ്ട് ഭീകരമായി മുറിവേറ്റവരാണ് നമ്മള്‍ ഇപ്പോള്‍.

പ്രകൃതി ദുരന്തങ്ങള്‍ എപ്പോള്‍ സംഭവിക്കുമെന്നത് സംബന്ധിച്ച സമയം കൃത്യമായി പ്രവചിക്കാന്‍ കഴിയാത്ത കാര്യമാണ് പലപ്പോഴും. മഴ, പ്രളയം, ഭൂകമ്പം, ചുഴലിക്കാറ്റ്, വരള്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ഏകദേശ മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിയും. എങ്കിലും അതൊന്നും കൃത്യമായി വരണം എന്നില്ല. കാരണം, പ്രകൃതിയുടെ നിയമം മനുഷ്യന്റെ നിയന്ത്രണത്തിലല്ല എന്നതുതന്നെ. എന്നാല്‍, പ്രകൃതിക്കു മേലെ മനുഷ്യന്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ സകല സീമകളെയും ലംഘിക്കുന്ന ഘട്ടത്തില്‍ പ്രകൃതി തന്നെ പല രൂപത്തില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ നാം ഒരിക്കലും അവഗണിച്ചുകൂടാ എന്ന് ഈ മഹാപ്രളയം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. നേരത്തെ പലപ്പോഴായി നമുക്ക് പലതരത്തിലുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണ്. ആകസ്മികമായി ഉണ്ടായ വരള്‍ച്ച, കഴിഞ്ഞ മൂന്നുവര്‍ഷമായി തുടര്‍ച്ചയായി തുലാമഴയില്‍വടക്കുകിഴക്കന്‍ മണ്‍സൂണ്‍ഉണ്ടായ ഗണ്യമായ കുറവ്, സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ ചെറിയ ഭൂചലനങ്ങള്‍, വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊന്തിയത്, മലയോരമേഖലകളില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന മണ്ണിടിച്ചിലും സമാനമായ മറ്റ് പ്രതിഭാസങ്ങളും എല്ലാം ഈ മുന്നറിയിപ്പുകളില്‍ പ്രധാനപ്പെട്ടവയായിരുന്നു. എന്നാല്‍, അതൊക്കെ കേവലം പ്രകൃതി പ്രതിഭാസങ്ങളായാണ് നമ്മള്‍ കണക്കാക്കിയത്. ഈ മഹാപ്രളയത്തിന്റെ ദുരന്തമുഖത്തുനില്‍ക്കുമ്പോള്‍ നമ്മുടെ പ്രധാനപ്പെട്ട ചുമതല നമ്മുടെയെല്ലാം പൊതുഭവനമായ ഈ നീലഗ്രഹത്തെ നിലനിര്‍ത്തുന്ന പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുക എന്നതാണ്. പ്രകൃതിവിഭവങ്ങള്‍ക്ക് മേലുള്ള അനാവശ്യമായ കടന്നേറ്റങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ്. ഇപ്പോള്‍ നാം നമ്മുടേത് എന്ന് അഹങ്കരിക്കുന്നതെല്ലാം പൂര്‍വ്വികരില്‍ നിന്ന് നമുക്ക് കൈമാറി കിട്ടിയതാണ് എന്നും അത് പോറലേല്‍ക്കാതെ വരുംതലമുറയിലേക്ക് കൈമാറേണ്ടതാണ് എന്നും നിരന്തരം ഓര്‍മിച്ചുകൊണ്ടേയിരിക്കുക എന്നതാണ്.

നമ്മുടെ നാട്ടിലെ പുഴകളും തോടുകളും അരുവികളും മറ്റ് ജലാശയങ്ങളും കുന്നുകളും മലനിരകളും വയലുകളുമൊന്നും ആരുടെയും സ്വകാര്യ ഉടമസ്ഥതയിലുള്ളവയല്ല. പൊതുസ്വത്താണ് അവയെല്ലാം. ആവശ്യത്തിന് ഉപയോഗിക്കാനും വേണ്ടതുപോലെ സംരക്ഷിക്കാനും എല്ലാവരും കടപ്പെട്ടവരുമാണ്. അവകാശങ്ങള്‍പോലെ തന്നെ പ്രധാനമാണല്ലോ കടമകളും. കേരളം കയ്യേറ്റങ്ങളുടെ നാടാണ് എന്ന് പറയുന്നതില്‍ പ്രിയപ്പെട്ടവായനക്കാര്‍ സദയം ക്ഷമിക്കുക. പക്ഷെ, പറയാതിരിക്കാനാവില്ല. പുഴകളെയും മലകളെയും വയലുകളെയുമെല്ലാം കയ്യേറാമെന്നും ദളിതരെയും ആദിവാസികളെയും സ്ത്രീകളെയും കുട്ടികളെയും ദുര്‍ബല ജനവിഭാഗങ്ങളെയും കയ്യേറ്റം ചെയ്യാമെന്നും എന്നു മുതലാണോ മലയാളി ആലോചിച്ചു തുടങ്ങിയത് അന്നുമുതല്‍ തുടങ്ങിയതാണ് പ്രതിസന്ധികളെല്ലാം. പഴമക്കാര്‍ക്ക് പ്രകൃതിയോടും പ്രകൃതി വിഭവങ്ങളോടും ഉണ്ടായിരുന്ന പാരസ്പര്യവും ആദരവും ജൈവബന്ധവും കാലചക്രം തിരിയുന്നതിനിടെ ഏതോ ദശാസന്ധിയില്‍ നമുക്ക് കൈമോശം വന്നുപോയി. ഐക്യകേരളം രൂപംകൊണ്ടതിനുശേഷം അധികാരത്തില്‍ വന്ന ഭരണകൂടങ്ങള്‍ നിരന്തരം പരിശ്രമിച്ചിട്ടും നടക്കാതിരുന്ന പ്രകൃതികയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കാന്‍ പുഴകള്‍ക്ക് ഏറെ നേരം വേണ്ടിവരില്ലയെന്ന് ഇന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ട്.

ഈ ദുരന്തമുഖത്ത് നിന്ന് നാം പഠിക്കുന്ന പല പാഠങ്ങളില്‍ ഒന്ന് പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതി പ്രാധാന്യം ഇനിയും അവഗണിച്ചു കൂടാ എന്നതാണ്. കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ 188 താലൂക്കുകളിലായി 1,64,280 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് താപ്തി നദി മുതൽ കന്യാകുമാരി വരെ 1500 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട മേഖല ഏകദേശം 25 കോടി ജനതയുടെ ജീവിതവും ആവാസകേന്ദ്രവുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്ന വിശുദ്ധമേഖലയാണ്. ലോകത്തിലെ 35 സുപ്രധാന ജൈവവൈവിദ്ധ്യ കേന്ദ്രങ്ങളിൽ ഒന്നാണ് അത്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങള്‍ക്ക് അതിർത്തിയായി വരുന്നതാണ് പശ്ചിമഘട്ട മലനിരകള്‍. ഈ ആറ്‌ സംസ്ഥാനങ്ങൾക്കും അവിടുത്തെ 26 കോടിയോളം വരുന്ന ജനങ്ങളടക്കം ഒട്ടേറെ ജീവജാലങ്ങൾക്കും ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ തന്നെയാണ്‌ ഈ മലനിരകള്‍. ആകെ വിസ്തൃതിയുടെ ഏകദേശം എഴുപത്തിയഞ്ച് ശതമാനവും വരുന്നത് കേരളത്തിന്റെ ഭാഗത്താണ്. കേരളത്തില്‍ മാത്രം ഇരുപത്തിയെട്ടായിരത്തിലധികം ച.കി.മീ. ഭൂമിയെയും മൂന്നര കോടിയോളം ജനങ്ങളുടെ ജീവിതത്തെയും നേരിട്ട്‌ സ്വാധീനിക്കുന്ന ആവാസവ്യവസ്ഥയാണത്. ഇന്ത്യയിൽ മാത്രം കാണുന്ന നിരവധി തരത്തില്‍പ്പെട്ട ജൈവജാതികളുടെ ആവാസകേന്ദ്രമായ പശ്ചിമഘട്ട മലനിരകളില്‍ നിന്ന് രൂപംകൊള്ളുന്ന ഒട്ടേറെ നദികളുണ്ട്. അങ്ങനെ നോക്കുമ്പോള്‍, നമ്മുടെ നിലനിൽപ്പിനാവശ്യമായ വെള്ളവും മഴയും പ്രകൃതിവിഭവങ്ങളും ശുദ്ധവായു ഉള്‍പ്പെടെയുള്ള എല്ലാം പ്രദാനം ചെയ്യുന്ന ഈ വിശാലമലനിരകളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ നിലനില്‍പ്പിന്റെ കൂടി അനിവാര്യതയാണ്.

എന്തുവിലകൊടുത്തും പശ്ചിമഘട്ട മലനിരകളെ കാത്തുസൂക്ഷിക്കണമെന്നും ഒരുതരത്തിലുമുള്ള അനധികൃത കയ്യേറ്റങ്ങള്‍ അവിടെ അരുത് എന്നും നമ്മെ പഠിപ്പിച്ചത് പ്രൊഫ. മാധവ് ഗാഡ്ഗില്‍ എന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ധ സമിതി (വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ – WGEEP). 2011 സെപ്തംബര്‍ മാസത്തില്‍ ഈ സമിതി പഠനറിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും വലിയ വിവാദങ്ങളെ തുടര്‍ന്ന് ആ ശുപാര്‍ശകള്‍ ഇനിയും നടപ്പിലാക്കിയിട്ടില്ല എന്നതാണ് വസ്തുത. പശ്ചിമഘട്ടത്തെ പൂർണമായും ഒരു പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുകയും അതിൽ തന്നെ ജലലഭ്യതയുമായി ബന്ധപ്പെടുത്തി പ്രത്യേക പരിഗണന നൽകുകയും ചെയ്യണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഈ പ്രദേശത്തെ ജൈവ, ഭൗതിക, പാരിസ്ഥിതിക ഘടകങ്ങൾ കണക്കിലെടുത്ത്‌ അവിടുത്തെ പരിസ്ഥിതി ലോലത കണക്കാക്കി, മൊത്തം പ്രദേശത്തെ മൂന്ന്‌ പരിസ്ഥിതിലോല മേഖലകളായി തരംതിരിക്കുക, പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA)യും അതിന്റെ സംസ്ഥാന/ജില്ലാതല അഥോറിറ്റികളും രൂപീകരിക്കുക, അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക്‌ അംഗീകാരം നൽകേണ്ടതില്ല തുടങ്ങിയ സുപ്രധാനമായ നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്.

ആഗോളാടിസ്ഥാനത്തില്‍ തന്നെ നാം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളും ദുരന്തങ്ങളും കണക്കിലെടുത്ത് അടിയന്തരമായി പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുക എന്നതാണ്. ഇപ്പോഴത്തെ മഹാദുരന്തം നമ്മെ പഠിപ്പിക്കുന്നതെന്താണ്? മനുഷ്യന്‍ ഉള്‍പ്പെടെയെല്ലാം വിശാലമായ ഈ പ്രകൃതിയുടെ ഭാഗമാണ് എന്നതാണ്. മനുഷ്യന്‍ ഒറ്റയ്ക്ക് നിലനില്‍പ്പ് സാധ്യമല്ല എന്നതാണ്. ജൈവ ആവാസ വ്യവസ്ഥയ്ക്ക് അവയുടെ ഇടങ്ങള്‍ തിരികെ നല്‍കുക എന്നതാണ്. പുഴയെ സ്വതന്ത്രമായി ഒഴുകുന്നതിന് അനുവദിക്കുക എന്നതാണ്. നാം നാമായിരിക്കുക എന്നതുകൂടിയാണ്.

അതുകൊണ്ട് പ്രിയപ്പെട്ടവരെ, നമുക്ക് കൂടുതല്‍ ജാഗ്രതയുള്ളവരാകാം. പ്രകൃതിയോട് ചെയ്യുന്ന ഓരോ അതിക്രമത്തിനും നാം വലിയ വില കൊടുക്കേ ണ്ടിവരും എന്നത് യാഥാര്‍ത്ഥ്യമാണ്. മുന്നറിയിപ്പുകള്‍ അവഗണിക്കുമ്പോള്‍ മറക്കാതിരിക്കുക നാം അപകടഘട്ടത്തിലൂടെയുള്ള യാത്രയിലാണെന്ന്.

മലീമസമായ പുഴകളും കിണറുകളും, ചുരുങ്ങുന്ന കാടും നെൽപ്പാടങ്ങളും, ശ്വാസം മുട്ടുന്ന നഗരങ്ങളും; കേരളത്തിന്റെ പരിസ്ഥിതി ധവളപത്രം മുന്നോട്ടുവക്കുന്ന അപ്രിയ സത്യങ്ങൾ

Sijo Porathoor

Writer and activist on ecology, gender issues, human rights, marginalized people.