കാലവർഷം കലിതുള്ളുമ്പോൾ കനത്ത തിരിച്ചടിയേറ്റ് കർഷകർ; വിവിധ വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയാം
കാലവർഷം കലിതുള്ളുമ്പോൾ കനത്ത തിരിച്ചടിയേറ്റ് കർഷകർ; വിവിധ വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയാം. സംസ്ഥാനം ഒറ്റയ്ക്കു നടപ്പാക്കുന്നതും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്നതുമായ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന വിള ഇന്‍ഷുറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ്, സംസ്ഥാന വിള ഇന്‍ഷുറന്‍സ് എന്നിവയാണ് പ്രധാന വിള ഇന്‍ഷുറന്‍സ് പദ്ധതികൾ.
വരള്‍ച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഭൂകമ്പം, ഉരുള്‍പൊട്ടല്‍, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മിന്നലേല്‍ക്കല്‍, വന്യമൃഗങ്ങളുടെ ആക്രമണം, കാട്ടുതീ എന്നീ നാശങ്ങളില്‍ കര്‍ഷകര്‍ക്ക് ഈ പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് ലഭ്യമാകും. കേരളത്തില്‍ പ്രധാനമായും കൃഷിചെയ്യുന്ന 27 വിളകള്‍ക്കാണ് സംസ്ഥാന സര്‍ക്കാറിന്റെ വിള ഇന്‍ഷുര്‍ പരിരക്ഷ ലഭിക്കുന്നത്.
തെങ്ങ്, വാഴ, മരച്ചീനി, നെല്ല്, കവുങ്ങ്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കരിമ്പ്, ഏലം, കൈതച്ചക്ക, ജാതിക്ക, പച്ചക്കറി തുടങ്ങിയവയ്ക്കെല്ലാം വിള ഇന്‍ഷുറന്‍സ് ലഭിക്കും. എന്നാല്‍, ഫസല്‍ ഭീമ യോജന പ്രകാരം തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത വിളകള്‍ക്കാണ് ഇന്‍ഷുര്‍ ലഭിക്കുന്നത്. ഒടിഞ്ഞു വീഴാറായതും നശിക്കാറായതുമായ വിളകൾക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.
കൂടാതെ ഒരു കൃഷിയിടത്തിലെ വിളകളെ ഭാഗികമായി ഇന്‍ഷുര്‍ പദ്ധതിയില്‍ അംഗമാക്കാനാവില്ല. കേന്ദ്ര പദ്ധതി പ്രകാരം ഏതെങ്കിലും ബാങ്കില്‍ നിന്ന് കാര്‍ഷിക വായ്പയെടുത്തിട്ടുള്ള കര്‍ഷകര്‍ എന്തായാലും വിള ഇന്‍ഷുറന്‍സില്‍ ചേര്‍ന്നിരിക്കണം എന്നും നിബന്ധനയുണ്ട്.
അതുകൊണ്ട് വായ്പയെടുത്ത കര്‍ഷകര്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. ബാങ്കില്‍ നിന്ന് വായ്പയെടുക്കാത്ത കര്‍ഷകര്‍ എസ്.ബി. അക്കൗണ്ടുള്ള ബാങ്കുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, പ്രാഥമിക സഹകരണസംഘങ്ങള്‍, അംഗീകൃത ബ്രോക്കിങ് സ്ഥാപനങ്ങള്‍ എന്നിവ മുഖാന്തരവും പദ്ധതി നിര്‍വഹണ ഏജന്‍സിയെ നേരിട്ടും സമീപിച്ചും സംയുക്ത വിള ഇന്‍ഷുറന്‍സിന് അപേക്ഷിക്കാം.
സംസ്ഥാനത്തിന്റെ പദ്ധതിയിൽ ചേരാന്‍ അതത് കൃഷിഭവനുകളെയാണ് സമീപിക്കേണ്ടത്. കൃഷിഭവനില്‍ നിന്നു ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചതും നികുതിശീട്ടിന്റെ പകര്‍പ്പും ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ച സ്വന്തം പേരിലുള്ള എസ്.ബി. അക്കൗണ്ടും സഹിതം കൃഷിഭവനുകളില്‍ നേരിട്ട് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുര്‍ ചെയ്യാം.