കാര്‍ഷിക രംഗത്ത് സമഗ്രവികസനം സാധ്യമാക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കാര്‍ഷിക രംഗത്ത് സമഗ്രവികസനം സാധ്യമാക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ഷക സംഘടനാ പ്രതിനിധികളുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിന് കാര്‍ഷികരംഗത്തിന്റെ വികസനം പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ തരം കൃഷി പ്രോത്‌സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്.

കൃഷിയില്‍ കേരളത്തിന്റേതായ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ തയ്യാറാക്കാനാവണം. ചില മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി പരിശ്രമിച്ചാല്‍ ഇത് സാധ്യമാകും. ലോകത്താകെ ഇന്ന് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കാണ് ആവശ്യക്കാരുള്ളത്. നെല്‍ക്കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പുരോഗതി കൈവരിക്കാനായി. നെല്ല് സംഭരണത്തില്‍ പാലക്കാട് ജില്ലയില്‍ മികച്ച തുടക്കമിടാനായി. സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിക്കുന്ന നടപടി ശരിയായി മുന്നോട്ടു പോകുന്നു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേരകൃഷി പ്രോത്‌സാഹിപ്പിക്കുന്നതിന് ഒട്ടേറെ നടപടി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. നാളീകേരത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രാധാന്യം നല്‍കണം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെല്ലാം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഈ രീതി വ്യാപിപ്പിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. കുരുമുളക് കൃഷിയില്‍ ഒരുകാലത്ത് കേരളമായിരുന്നു മുന്നില്‍. നന്നായി ശ്രമിച്ചാല്‍ പഴയ സ്ഥാനം വീണ്ടെടുക്കാനാവും. റബറിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യം മനസിലാക്കാതെയുള്ള കേന്ദ്ര നടപടി തിരുത്തിക്കേണ്ടിവരും. ഇതില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ.

ഏലം, തേയില കര്‍ഷകര്‍ക്കും സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. പച്ചക്കറി കൃഷിയില്‍ കുറേയേറെ മുന്നേറാനായി. ഒന്നുകൂടി ശ്രമിച്ചാല്‍ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും സംഘടനാ പ്രതിനിധികള്‍ അവതരിപ്പിച്ചു. കൃഷി, ധനം, റവന്യു, ഭക്ഷ്യ പൊതുവിതരണം, വനം, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗം ചേര്‍ന്ന് കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Also Read: കർഷക ക്ഷേമ ബോർഡ് ഉടൻ; കര്‍ഷക പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തും

Image: Facebook