സംസ്ഥാനത്ത് ആദ്യമായി അണക്കെട്ടിലെ ജലാശയത്തില്‍ നടത്തിയ മത്സ്യക്കൂട് കൃഷിയുടെ കന്നി വിളവെടുപ്പ് 18 ന്
സംസ്ഥാനത്ത് ആദ്യമായി അണക്കെട്ടിലെ ജലാശയത്തില്‍ നടത്തിയ മത്സ്യക്കൂട് കൃഷിയുടെ കന്നി വിളവെടുപ്പ് 18
ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. കണ്ണൂർ ജില്ലയിലുള്ള പായം പഞ്ചായത്തിലെ പെരുമ്പറമ്പില്‍ പഴശ്ശി പദ്ധതിയുടെ ഭാഗമായ ജലാശയത്തില്‍ ആണ് മത്സ്യക്കൂട് കൃഷി നടത്തിവരുന്നത്. കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റിയുടെ (ഫിര്‍മ) നേതൃത്വത്തില്‍ പെരുമ്പറമ്പ് കപ്പച്ചേരിയിലെ പഴശ്ശി ഫിഷ് ഫാം പുരുഷ സ്വാശ്രയസംഘം അംഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ജലാശയത്തില്‍ പൊങ്ങിക്കിടക്കുന്ന പ്രത്യേക രീതിയിലുള്ള കൂടുകളിലാണ് മത്സ്യം വളര്‍ത്തുന്നത്. മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിക്ക് മൂന്ന് കോടിയോളം രൂപയാണ് ചിലവ്. ഇത് ഫിര്‍മ്മയാണ് വഹിക്കുന്നത്. 78 കൂടുകളാണ് ജലാശയത്തില്‍ സ്ഥാപിച്ചിരിക്കുന്നതെങ്കിലും 14 കൂടുകളില്‍ മാത്രമാണ് ഇപ്പോള്‍ മത്സ്യകൃഷി നടത്തിയിരിക്കുന്നത്. പങ്കേഷ്യസ് (ആസാംവാള) വിഭാഗത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇതില്‍ നിക്ഷേപിച്ചത്.
ആറ് ടണ്ണോളം മത്സ്യം ആദ്യ വിളവെടുപ്പില്‍ ലഭിക്കും എന്നാണു കണക്കുകൂട്ടുന്നത്. ഈ മത്സ്യം ആവശ്യക്കാര്‍ക്ക് ഇവിടെവെച്ചുതന്നെ 5 കൗണ്ടറുകളിലായി വില്‍പ്പന നടത്തും. ആദ്യ വിളവെടുപ്പിനു ശേഷം മറ്റുവിവിധ തരത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ മുഴുവന്‍ കൂടുകളിലും നിക്ഷേപിക്കുന്നതോടെ ജില്ലയിലാകെ ഇവിടെ നിന്നും മത്സ്യം വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Image: unsplash.com