സംസ്ഥാനത്തെ കൃഷി ഭവനുകൾ രണ്ടു വർഷത്തിനകം അഗ്രോ പ്ലാന്റ് ക്ലിനിക്കുകളാകും; ഒപ്പം കാർഷിക കർമസേനയും

സംസ്ഥാനത്തെ കൃഷി ഭവനുകൾ രണ്ടു വർഷത്തിനകം അഗ്രോ പ്ലാന്റ് ക്ലിനിക്കുകളാകുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് കാർഷിക സേവനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു വർഷത്തിനകം എല്ലാ ബ്ലോക്കിലും അഗ്രോ സെന്ററും എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കാർഷിക കർമസേനയും ആരംഭിക്കും.

ഓരോ കർമസേനയ്ക്കും പത്തുലക്ഷം രൂപയാണു നൽകുന്നത്. ഇതിൽ ഒൻപത് ലക്ഷം യന്ത്രങ്ങൾ വാങ്ങാനാണു വിനിയോഗിക്കുന്നത്. കാർഷിക കർമസേനയ്ക്കു പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൃഷിയിടങ്ങളിൽ കുറഞ്ഞ നിരക്കിൽ യന്ത്രങ്ങളുടെസേവനം എത്തിക്കുന്നതിനും ശാസ്ത്രീയ കൃഷിരീതി പരിചയപ്പെടുത്തി ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിനും കൂടുതൽ പ്രദേശത്തു കൃഷി വ്യാപിപ്പിക്കുകയുമാണു ലക്ഷ്യം.

സംസ്ഥാനത്തെ കൃഷി ഭവനുകൾ അഗ്രോ പ്ലാന്റ് ക്ലിനിക്കുകളായി മാറുന്നതോടെ കാർഷിക മേഖല അടിമുടി മാറുമെന്നും മന്ത്രി വ്യക്തമാക്കി. കൃഷി ചെയ്യുന്നതിനും കർമസേനയുടെ സേവനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470–2673736, 75928 93432.

Also read: ഏറ്റവും കൂടുതൽ തരിശുനിലം കൃഷിയോഗ്യമാക്കുന്ന പഞ്ചായത്തിന് 15 ലക്ഷത്തിന്റെ പുരസ്കാരവുമായി കൃഷി വകുപ്പ്