മത്സ്യ കയറ്റുമതി രംഗത്തെ മിന്നുംതാരമായി കാളാഞ്ചി; പുത്തൻ കൃഷിരീതി അവതരിപ്പിച്ച് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി
മത്സ്യ കയറ്റുമതി രംഗത്തെ മിന്നുംതാരമായി കാളാഞ്ചി; പുത്തൻ കൃഷിരീതി അവതരിപ്പിച്ച് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ). കാളാഞ്ചി മത്സ്യത്തിന്റെ വൻ കയറ്റുമതി സാധ്യതയും വിപണിയിലെ ആവശ്യവും പരിഗണിച്ച് ഓപ്പൺ പോണ്ട് കൾച്ചർ എന്ന പുതിയ കൃഷിരീതിയാണ് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി വികസിപ്പിച്ചത്.
കാളാഞ്ചിയുടെ ഉൽപാദനം ഗണ്യമായി വർധിപ്പിക്കുന്നതും ചെറുകിട മൽസ്യ കർഷകർക്കു കുറഞ്ഞ ചെലവിൽ കൃഷി ചെയ്യാൻ വഴിയൊരുക്കുന്നതുമായ രീതിയാണിത്. എംപിഇഡിഎയുടെ ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഓഫ് അക്വാകൾച്ചർ (ആർജിസിഎ) പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ഇതിന്റെ ആദ്യ മാതൃക പ്രദർശിപ്പിച്ചത്.
പുതിയ രീതിയിലൂടെ ഒരു ഹെക്ടറിൽനിന്ന് ഒൻപതു ടൺ വരെ കാളാഞ്ചി ഉൽപാദിപ്പിക്കാനാവും. നിലവിൽ രാജ്യത്തിന്റെ കയറ്റുമതിയുടെ 70 ശതമാനത്തിലധികം വരുന്ന ചെമ്മീനിനു പകരം വയ്ക്കാവുന്ന മത്സ്യമാണിതെന്ന് എംപിഇഡിഎ ചെയർമാൻ ഡോ.എ. ജയതിലക് പറഞ്ഞു. നിലവിൽ ആഭ്യന്തര വിപണിയിൽ കാളാഞ്ചി ഒരു കിലോയ്ക്ക് 400 രൂപയിലധികം വില ലഭിക്കുന്നുണ്ട്.
Also Read: നല്ല വിലയും വിദേശ വിപണി സാധ്യതയും തികഞ്ഞ അവക്കാഡോ പഴം കൃഷി ചെയ്യാം
Image: fishbase.se