കർണാടകയിൽ തെരഞ്ഞെടുപ്പ് മേളം കൊഴുക്കുമ്പോൾ വെറുംകൈയ്യോടെ മാണ്ഡ്യയിലെ കർഷകർ

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

കർണാടകയിൽ തെരഞ്ഞെടുപ്പ് മേളം കൊഴുക്കുമ്പോൾ വെറുംകൈയ്യോടെ ശൂന്യമായ ഭാവിയിലേക്ക് ഉറ്റുനോക്കുകയാണ് മാണ്ഡ്യയിലെ കർഷകർ. രാഷ്ട്രീയക്കാർക്ക് വാഗ്ദാനങ്ങൾ വെറും ടിവി കാമറകൾക്കു മുന്നിൽ വിളമ്പാനുള്ളതാണെന്ന തിരിച്ചറിവിലാണ് തങ്ങളെന്ന് കർഷകർ പറയുന്നു.

മേയ് 12 ന് കർണാടക പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ കർഷക സ്നേഹംകൊണ്ട് വീർപ്പുമുട്ടുകയാണ് പ്രധാന കക്ഷികളായ കോൺഗ്രസ്, ബിജെപി, ജനതാദൾ എസ് എന്നീ പ്രധാന കക്ഷികളുടെ പ്രകടന പത്രികകൾ. അധികാരമേറിയാൽ ഒരു വർഷത്തിനുള്ളിൽ കർഷകരുടെ കടങ്ങളെല്ലാം എഴുതിത്തള്ളുമെന്നും ആത്മഹത്യ ചെയ്ത കർഷകരുടെ പേരിലുള്ള എല്ലാ വായ്പകളും എഴുതിത്തളുമെന്നുമാണ് ജനതാദൾ എസിന്റെ വാഗ്ദാനം.

ദേശസാൽകൃത, സഹകരണ ബാങ്കുകളിൽ നിന്നെടുത്ത ഒരു ലക്ഷം രൂപവരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നാണ് ബിജെപിയുടെ നിലപാട്. വായ്പ എഴുതിത്തള്ളലിനെ കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും കർഷകരുടെ ആദായം ഇരട്ടിയാക്കലും ജലസേചനത്തിനായി 1.25 ലക്ഷം കോടി രൂപ വകയിരുത്തുമെന്നതുമാണ് കോൺഗ്രസിന്റെ തുറുപ്പുചീട്ടുകൾ.

എന്നാൽ മാണ്ഡ്യ മേഖലയിലെ ഗാനൻഗുരുവിലെ കർഷകർ ഈ വാഗ്ദാനങ്ങളൊന്നും മുഖവിലക്കെടുത്തിട്ടില്ല. ഈ രാഷ്ട്രീയക്കാർ ആദ്യം കാവേരി തർക്കം പരിഹരിച്ച് കൃഷിക്കാവശ്യമായ വെള്ളം എത്തിക്കട്ടെ എന്നാണ് ഇവരുടെ നിലപാട്. തങ്ങളോടല്ല, മാധ്യമങ്ങളോടാണ് രാഷ്ട്രീയക്കാർ വാഗ്ദാനങ്ങൾ വാരിവിതറിന്നതെന്നും ഇവർ ആരോപിക്കുന്നു.

തമിഴ്നാടും കർണാടകയും തമ്മിൽ കത്തിനിൽക്കുന്ന കാവേരി നദീജല തർക്കത്തിന്റെ ഹൃദയഭാഗമാണ് മാണ്ഡ്യ കാർഷിക മേഖല. കർണാടക സർക്കാരിൻറെ 2014 ലെ മാനവിക വികസന റിപ്പോർട്ട് അനുസരിച്ച് ഏതാണ്ട് പകുതിയിലധികം വരുന്ന, 324,060 ഹെക്ടറോളം, മണ്ഡ്യയിലെ കൃഷി ഭൂമി നനയ്ക്കുന്നത് കാവേരിക്ക് കുറുകെ പണിത കൃഷ്ണരാജ സാഗർ ഡാമിൽ നിന്നുള്ള വെള്ളമാണ്.

എന്നാൽ താളംതെറ്റിയ മൺസൂൺ, ജലവിഭവ ശോഷണം, അമിതമായ വെള്ളം കുടിച്ചു തീർക്കുന്ന വിളകൾ, അമിത ഭൂഗർഭ ജലവിനിയോഗം, മണൽ ഖനനം, അതിവേഗത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ എന്നിവ മാണ്ഡ്യയിലെ കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണ്. കഴിഞ്ഞ 40 വർഷത്തിനിടെ ഏറ്റവും രൂക്ഷമായ വരൾച്ചയിലൂടെയാണ് കർണാടക കടന്നുപോകുന്നത്.

മാണ്ഡ്യയിലെ വറ്റിവരണ്ടു കിടക്കുന്ന കനാലുകളിൽ കഴിഞ്ഞ രണ്ടുമാസമായി വെള്ളമെത്തിയിട്ടില്ലെന്ന് കർഷകർ പറയുന്നു. ശേഖരിച്ചുവച്ച് ധാന്യങ്ങൾ കഴിച്ച് ജീവിക്കുന്ന ഇവർ ഇന്ന് വരുമാനത്തിനായി ആശ്രയിക്കുന്നത് ബാക്കിയുള്ള കന്നുകാലികളെയാണ്. കുറഞ്ഞ പലിശനിരക്കിൽ സഹകരണ വായ്പകൾ ലഭ്യമാണെങ്കിലും ഇത്രയും രൂക്ഷമായ വരൾച്ചയിൽ അതുപോലും തിരിച്ചടിയ്ക്കാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു.

Courtesy: ruralindiaonline.org

Also Read: വംശനാശത്തിന്റെ വക്കിൽ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്; അവശേഷിക്കുന്നത് 200 ൽ താഴെ പക്ഷികൾ മാത്രം

Image: pixabay.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.