സംസ്ഥാനത്തെ സ്കൂളുകളിൽ “ഓരോ വീട്ടിലും ഔഷധ സസ്യം” പദ്ധതിയുമായി നാഗാർജുന
സംസ്ഥാനത്തെ സ്കൂളുകളിൽ “ഓരോ വീട്ടിലും ഔഷധ സസ്യം” പദ്ധതിയുമായി നാഗാർജുന ഔഷധ ഏജൻസി. കേരളത്തിലെ തെരഞ്ഞെടുത്ത സ്കൂളുകളിലാണ് “ഓരോവീട്ടിലും ഔഷധ സസ്യം” പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം വഴുതക്കാട‌് ഗവ. കോട്ടൺഹിൽ ഗേൾസ് സ്കൂൾ അങ്കണത്തിൽ അശോകത്തൈ നട്ട‌് കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉദ‌്ഘാടനം ചെയ്തു.
“പ്രകൃതിയും മനുഷ്യനും തമ്മിലുളള ബന്ധമാണ് ആയുർവേദത്തിന്റെ അടിസ്ഥാനം. അലോപ്പതി ചികിത്സ വ്യാപകമായതിനുശേഷം ക്ഷീണത്തിലായ ആയുർവേദത്തിന‌് വീണ്ടും താൽപ്പര്യമേറുന്ന സാഹചര്യമാണ‌്. ആവശ്യമായ ഔഷധ സസ്യങ്ങളുടെ ദൗർലഭ്യം മരുന്നുകളുടെ ഗുണമേന്മയെ ബാധിക്കുന്നു. ഇതിന‌് പരിഹാരമായാണ‌് വിദ്യാലയങ്ങളിൽ ഔഷധ സസ്യോദ്യാനം ആരംഭിക്കുന്നത‌്,” മന്ത്രി പറഞ്ഞു
എല്ലാ സ്കൂളുകളിലെയും ജൈവവൈവിധ്യ ഉദ്യാനങ്ങളിൽ ഔഷധസസ്യങ്ങൾ വളർത്തും. ഈ വർഷം അഞ്ച‌് ജില്ലകളിൽ കൃഷി വകുപ്പിന്റെ ഔഷധ സസ്യകൃഷി പ്രത്യേക പദ്ധതിയും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രകൃതി വിഭവങ്ങളുടെ ശരിയായ സംരക്ഷണവും ഉപയോഗവും ശീലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഔഷധ സസ്യങ്ങൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഔഷധ സസ്യക്കൃഷിയ്ക്ക് കൃഷി വകുപ്പ് ഏറെ പ്രാധാന്യമാണ് നൽകുന്നത്.
Also Read: മഴക്കാലത്ത് വളർത്തു മൃഗങ്ങളെ എലിപ്പനിയിൽ നിന്ന് കാക്കാം; പ്രധാന പ്രതിരോധ മാർഗങ്ങൾ ഇവയാണ്
Image: pixabay.com