കള്ളപ്പണം വെളുത്തു, കര്‍ഷകന്റെ നടുവൊടിഞ്ഞു
അറബിക്കടലില്‍ നിന്ന് വലിയൊരു സുനാമി ആഞ്ഞടിച്ചുവരുന്നു എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന ഭയാശങ്കകളോടെയാണ് കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ ജനത ”നോട്ട് അസാധുവാക്കല്‍” വാര്‍ത്ത കേട്ടത്. കയ്യിലിരിക്കുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്ക് കടലാസ്സിന്റെ വില പോലുമില്ലെന്ന് നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും എല്ലാവര്‍ക്കും മനസ്സിലായി. കള്ളപ്പണവും വ്യാജനോട്ടും തടയാനും രാജ്യത്തിന്റെ സാമ്പത്തിക ഘടന തകർക്കാൻ ശ്രമിക്കുന്ന തീവ്രവാദശക്തികളെ പ്രതിരോധിക്കാനുമുള്ള നടപടിയെന്ന നിലയിലാണ് കറൻസി നിരോധനത്തെ അവതരിപ്പിച്ചത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്ന് ഉന്നത വിദ്യാഭ്യാസവും നല്ല കാര്യവിവരവും ഉള്ള സാമ്പത്തിക വിദഗ്ധര്‍ക്കുപോലും ഇനിയും മനസ്സിലായിട്ടില്ല. അപ്പോള്‍ പിന്നെ പാവപ്പെട്ട, നിരക്ഷകുക്ഷികളായ കര്‍ഷകരുടെയും സാധാരണക്കാരുടെയും കാര്യം പറയാനുണ്ടോ? 500ന്റെയും 1000ന്റെയും കറൻസിയുടെ ആകെ മൂല്യം 14 ലക്ഷം കോടി രൂപയുടേതാണ്. അതായത് രാജ്യത്ത് വിനിമയത്തിലുള്ള ആകെ കറൻസിയുടെ മൂല്യത്തിന്റെ 86 ശതമാനം ഒറ്റയടിക്ക് അസാധുവാക്കപ്പെട്ടു. ബാക്കിയുള്ള 14 ശതമാനം കൊണ്ട് 130 കോടി ജനങ്ങളുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ നടക്കില്ല എന്നതാണ് യഥാർത്ഥ പ്രതിസന്ധി. ഫലത്തിൽ ഒരു സാമ്പത്തിക അടിയന്തരാവസ്ഥ രാജ്യത്ത് സംജാതമായിരിക്കുന്നു.
നോട്ടുനിരോധനത്തെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും
മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി അഭിപ്രായപ്രകടനങ്ങള്‍ നടന്നു. ഇപ്പോഴും നടന്നുവരികയാണ്. ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ നോട്ട് അസാധുവാക്കലിനെ പരിഹസിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ലേഖനമെഴുതുകയും, ലേഖനം വിവാദമായ സാഹചര്യത്തില്‍ നിലപാടിലുറച്ചുകൊണ്ടുതന്നെ ദൃശ്യമാധ്യമങ്ങളില്‍ അദ്ദേഹം അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ രഘുറാം രാജന്റെ പ്രതികരണവും ഈ നടപടിയെ എതിര്‍ത്തുകൊണ്ടുള്ളതാണ്. ലോകോത്തര മണ്ടത്തരമാണ് നോട്ട് നിരോധനം എന്നാണ് ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി പറഞ്ഞത്. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. കള്ളപ്പണം ഉണ്ടായിരുന്നവര്‍ക്കെല്ലാം അത് വെളുപ്പിച്ചെടുക്കാന്‍ അവസരം കിട്ടി. നിരോധിച്ച നോട്ടുകളില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും തിരിച്ചെത്തിയെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്ക്. പ്രാഥമിക ലക്ഷ്യം പോലും നേടാനാകാതെ പരിഷ്കാരം പൊളിഞ്ഞുപോയതിന് തെളിവാണിത്. രാഷ്ട്രീയ വിഡ്ഢിത്തം (Political Blunder) എന്ന വാക്കിനേക്കാള്‍ ഭേദപ്പെട്ട മറ്റൊരു വാക്ക് ഈ ആനമണ്ടത്തരത്തെ സൂചിപ്പിക്കാന്‍ ഡിക്ഷണറിയിലുണ്ടോ എന്നറിഞ്ഞുകൂടാ. അത് ഒരേസമയം രാഷ്ട്രീയ വിഡ്ഢിത്തവും രാഷ്ട്രീയ ആത്മഹത്യയുമാണ്. ഈ നടപടിയുടെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കൂടുതലായി വരാനിരിക്കുന്നതേയുള്ളൂ. ലോകത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെ വെളിച്ചത്തുകൊണ്ടുവരാനാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് ഭരണകൂടത്തിന്റെ വാദം. അത് കള്ളമാണെന്ന് തെളിഞ്ഞു. യഥാര്‍ത്ഥത്തില്‍ കള്ളപ്പണം കയ്യിലുള്ളവര്‍ക്ക് ആ കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നതിന് ഒരു മറ ഒരുക്കിക്കൊടുക്കുകയല്ലേ ചെയ്തത്? അഥവാ അങ്ങനെയൊന്ന് നടന്നുവെങ്കില്‍ എത്ര രൂപ പിടിച്ചെടുത്തു എന്നതിന്റെ കണക്ക് പുറത്തുവിടേണ്ടതല്ലേ? സത്യത്തില്‍, കുത്തകകളുടെ പക്കലുള്ള കള്ളപ്പണം വെളുത്തുകിട്ടിയപ്പോള്‍ ഒടിഞ്ഞുപോയത് പാവപ്പെട്ട കര്‍ഷകന്റെ നടുവാണ്. ഭരണകൂടത്തിന് അതൊക്കെ നിസ്സാരമായിരിക്കാം. എന്നാല്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കുന്നതിന് ചക്രശ്വാസം വലിക്കുന്നവര്‍ക്ക് അത് വലിയ കാര്യം തന്നെയാണ്.
ചെറുകിട-നാമമാത്ര കര്‍ഷകരുടെ ജീവിത സാഹചര്യം താറുമാറാക്കി
നോട്ട് അസാധുവാക്കലിന്റെ കെടുതികള്‍ ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ചെറുകിട-നാമമാത്ര കര്‍ഷകരെയാണ്. കറൻസി രൂപത്തിലുള്ള പണം ഉപയോഗപ്പെടുത്തി ദൈനംദിന സാമ്പത്തിക ഇടപാടുകൾ നടത്തി നിലനിൽക്കുന്നവരാണ് രാജ്യത്തെ ഒട്ടു മിക്ക കര്‍ഷകരും ചെറുകിട-നാമമാത്ര ഉൽപ്പാദകരും. നോട്ട് അസാധുവാക്കിയതിനെത്തുടർന്ന് സാധാരണ ജനങ്ങളുടെ ക്രയശേഷിയിൽ പൊടുന്നനെ ഇടിവുണ്ടായതു മൂലം ചെറുകിട ഉൽപ്പാദകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വന്നു. ചെറുകിട ഉൽപ്പാദനവും ചെറുകിട വ്യാപാരവും പ്രതിസന്ധിയിലായി. രാജ്യത്ത് പ്രധാനമായും രണ്ട് സമയങ്ങളിലാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. ഖാരിഫ് വിളകളും റാബി വിളകളും. ഖാരിഫ് വിളകൾ ജൂൺ- ജൂലൈ മാസത്തിൽ കൃഷിയിറക്കി സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ വിളവെടുക്കും. എള്ള്, നെല്ല്, കരിമ്പ്,പരുത്തി, നിലക്കടല, ചണം, ചോളം, റാഗി, ബജ്റ, ജോവർ, സോയാബീൻ, സൂര്യകാന്തി എന്നിവയാണ് പ്രധാന ഖാരിഫ് വിളകള്‍. ഒക്ടോബര്‍- ഡിസംബര്‍ മാസങ്ങളില്‍ കൃഷിയാരംഭിച്ച് ഏപ്രില്‍-മെയ് മാസങ്ങളില്‍ വിളവെടുക്കുന്നതാണ് റാബി വിളകള്‍. ഇത് മഞ്ഞുകാലത്തെ ആശ്രയിച്ചിരിക്കുന്നു. ഗോതമ്പ്, ബാര്‍ളി, പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ മുതലായവയാണ് പ്രധാന റാബി വിളകള്‍. ഖാരിഫ് വിളവെടുപ്പ് കഴിഞ്ഞ് റാബി വിളയിറക്കുന്ന സമയത്താണ് നോട്ട് അസാധുവാക്കല്‍ നടപടി ഉണ്ടായത്. ഉല്‍പ്പാദിപ്പിച്ച വിളകള്‍ വില്‍ക്കാനാവാതെ വലഞ്ഞ കര്‍ഷകര്‍ക്ക് റാബി വിള കൃഷിയിറക്കുന്നതിലും പ്രതിസന്ധി നേരിട്ടു. വട്ടിപ്പലിശയ്ക്ക് പണം കടം വാങ്ങി കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന പാവപ്പെട്ട കര്‍ഷകര്‍ക്ക് ഉച്ചിയിലേറ്റ പ്രഹരമാണ് നോട്ട് അസാധുവാക്കല്‍ നടപടി എന്ന് കാണാന്‍ കഴിയും. രാജ്യത്ത് സാമാന്യേന നല്ല മഴ ലഭിച്ച കാലയളവായിരുന്നു അത്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ ബംബര്‍ വിളവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബംബര്‍ വിളവ് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് കിട്ടിയ ഇരുട്ടടിയാണ് ഈ തിരുമണ്ടന്‍ പരിഷ്കാരം. സര്‍ക്കാര്‍ വിവിധ വിളകള്‍ക്ക് പ്രഖ്യാപിച്ച താങ്ങുവിലയേക്കാള്‍ താഴെ വില വരുന്ന സ്ഥിതിവിശേഷം സംജാതമായി. ഇത് കേവലം ഏതെങ്കിലുമൊരു വിളയുടെ കാര്യത്തില്‍ മാത്രമല്ല എന്നോര്‍ക്കണം. തൊഴിൽ മേഖല അപ്പാടെ സ്തംഭിച്ചു. എസ്റ്റേറ്റുകളിൽ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതിയുണ്ടായി. പണികൾ നിലച്ചു. വ്യാപാര-വാണിജ്യ മേഖല മുഴുവൻ നിശ്ചലമായി. ഓരോ ദിനവും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉൽപ്പാദന നഷ്ടം എത്രയെന്ന് അളക്കാനാവുന്നില്ല.
Also Read: കര്‍ഷകസമൂഹത്തെ നിലനില്‍പ്പിന്റെ പോരാട്ടത്തിലേക്ക് തള്ളിവിട്ട നോട്ടുനിരോധനം
ദൈനംദിന പണമിടപാടില്‍ നിന്ന് ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറാനെളുപ്പമാണോ?
അദൃശ്യമായ ഒരു ക്രയവിക്രയ ശൃംഖലയാണ് ഇന്ത്യയിലെ ഉല്‍പ്പാദനരംഗത്ത് നിലനില്‍ക്കുന്നത്. അവിടെ കൊള്ളപ്പലിശക്കാരും ഇടനിലക്കാരുമാണ് കാര്‍ഷികവിഭവങ്ങളുടെ വില നിര്‍ണയിക്കുന്നത്. കര്‍ഷകരില്‍ നിന്ന് ഇടനിലക്കാര്‍ വഴി മൊത്തക്കച്ചവടക്കാരിലേക്കും അവിടെ നിന്ന് കമ്പോളത്തിലേക്കും കാര്‍ഷികോല്‍പ്പന്നങ്ങള്‍ എത്തുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാത്ത അവസ്ഥ കര്‍ഷകര്‍ക്ക് നേരിടുമ്പോള്‍ തന്നെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകാത്ത സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ദൈംദിന ഇടപാടുകള്‍ നടന്നിരുന്ന സ്ഥാനത്ത് പണമിടപാടുകള്‍ പരമാവധി ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റുക എന്നത് ഏറെ ഗൃഹപാഠം നടത്തി ചെയ്യേണ്ട ഒന്നായിരുന്നു. പക്ഷെ, ആ ഗൃഹപാഠം ചെയ്യുന്ന പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ല. കാര്‍ഷികവൃത്തിയ്ക്ക് ആവശ്യമായ ഉല്‍പ്പാദനോപാധികള്‍ എല്ലാംതന്നെ കമ്പോളത്തില്‍ നിന്നും നേരിട്ട് വാങ്ങി ഉപയോഗിക്കുന്ന ശീലമുള്ളവരാണ് ഇന്ത്യന്‍ കര്‍ഷകര്‍. തൊഴിലാളികളുടെ കൂലി, ഉല്‍പ്പാദനോപാധികളുടെ വാടക എന്നിങ്ങനെ അപ്പപ്പോള്‍ പണം കൊടുത്തുതീര്‍ക്കേണ്ട കൃഷിച്ചെലവുകള്‍ ഏറെയുണ്ട്. സബ്സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (Direct Benefit Transfer) പദ്ധതി പ്രകാരം കര്‍ഷകര്‍, രാസവളങ്ങളും കീടനാശിനികളും സ്വയം വാങ്ങുകയും സബ്സിഡി പിന്നീട് അവരുടെ അക്കൗണ്ടുകളില്‍ വന്നുചേരുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. നോട്ട് അസാധുവാക്കല്‍ മൂലം ഈ ക്രവിക്രയങ്ങളാകെ പരിമിതപ്പെടുകയോ നിശ്ചലമാവുകയോ ചെയ്തു. ബാങ്ക് വായ്പ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ഫാര്‍മേഴ്സ് ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ വഴിയുള്ള പണമിടപാടുകളുടെയും താളംതെറ്റി. ബാങ്കുകളുടെ ശാഖകളെയും എടിഎം സംവിധാനങ്ങളെയും ആശ്രയിക്കേണ്ട വന്നതിലൂടെ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായി. അവിടെയും പണത്തിന്റെ ലഭ്യത പരിമിതമായിരുന്നുവല്ലോ. ഈ സാഹചര്യത്തില്‍ കാര്‍ഷികവൃത്തിയില്‍ തന്നെ സമയക്രമം പാലിക്കാനാകാതെ വന്നു. കാര്‍ഷികരംഗത്തുനിന്ന് കൃഷിക്കാരെ അകറ്റുന്ന കാര്യത്തില്‍ ഈ നടപടി വിജയിച്ചുവെന്ന് പറയാം. കറന്‍സി ലഭ്യമാക്കുന്നതിന് കര്‍ഷകന് ഏറെ സമയം ചെലവഴിക്കേണ്ടി വന്നതുകൊണ്ടും കാര്‍ഷിക പരിപാലന മുറകള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയാതെ വന്നു. കാലനിഷ്ഠയോടെയുള്ള നടീല്‍, വിത, രോഗകീടനിയന്ത്രണം, പരിപാലനം തുടങ്ങി കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും കൃഷിപ്പണികള്‍ക്കും വന്ന കാലതാമസവും കാര്യക്ഷമതയില്ലായ്മയും ഇന്ത്യയുടെ കാര്‍ഷികരംഗത്തും അതുവഴി ഗ്രാമീണ സമ്പദ് രംഗത്തും ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ചെറുതല്ല. ഇതിനൊക്കെ പുറമേ, കര്‍ഷകത്തൊഴിലാളികളുടെ തൊഴില്‍ ലഭ്യതയിലും വേതനവിതരണത്തിലും സംഭവിച്ച മാന്ദ്യം സമൂഹത്തില്‍ സാമ്പത്തിക ചലനാത്മകത പരിമിതപ്പെടുന്നതിന് ഹേതുവായി. ഇങ്ങനെ സകല പ്രകാരത്തിലും രാജ്യത്തെ സാമ്പത്തികമായി അസ്ഥിരപ്പെടുത്തുന്ന ഒരു നടപടിയായി വേണം നോട്ടുനിരോധനത്തെയും വിലയിരുത്തേണ്ടത്.
Also Read: നോട്ടുനിരോധനം: പൊറുതിമുട്ടിയ കര്‍ഷകര്‍ പ്രക്ഷോഭവുമായി തെരുവിലേക്ക്
ഏറെ വൈജാത്യങ്ങളും അതിലേറെ ബഹുസ്വരതയും നിറഞ്ഞുനില്‍ക്കുന്ന ഒരു മഹാരാജ്യമാണ് ഭാരതം. സുശക്തമായ ഗ്രാമീണ സമ്പദ്ഘടനയാണ് ഭാരതത്തിന്റെ സാമ്പത്തിക മേഖലയെ താങ്ങിനിര്‍ത്തുന്നത്. അശാസ്ത്രീയവും വേണ്ടത്ര ഗൃഹപാഠമില്ലാത്തതുമായ ഒരു സാമ്പത്തിക പരിഷ്കരണം തകര്‍ത്തെറിഞ്ഞത് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയാണ്. രാജ്യത്തെ സഹകരണ മേഖലയില്‍ ഈ തലതിരിഞ്ഞ പരിഷ്കാരം സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി ഗുരുതരമാണ്. സഹകരണ മേഖല മറ്റേതൊരു സംസ്ഥാനത്തേക്കാളും കേരളത്തിൽ വിപുലവും ശക്തവുമാണ്. ഒന്നേകാൽ ലക്ഷം കോടി വരുന്ന നിക്ഷേപം തട്ടിയെടുക്കാൻ നടത്തുന്ന ശ്രമം ഈ മേഖലയുടെ തകർച്ചയിലേക്കും അതുവഴി ലക്ഷക്കണക്കിന് സാധാരണക്കാരുടെ സാമ്പത്തിക ആശ്രയം അറുത്തുമുറിച്ചുമാറ്റുന്നതിലേക്കുമാണ് നയിക്കുക. സഹകരണ ബാങ്കുകളിൽ മാത്രം നിക്ഷേപമുള്ള ലക്ഷക്കണക്കിന് സാധാരണക്കാരും കര്‍ഷകരും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തെക്കുറിച്ച് ഭരണകൂടത്തിന് എന്താണ് പറയാനുള്ളത്? നോട്ട് അസാധുവാക്കല്‍ നടപടി മൂലമുണ്ടായ മഹാദുരന്തത്തെ മറികടക്കുന്നതിന് രാജ്യം ഇനിയും എത്ര കാലം കാത്തിരിക്കണമെന്നത് കണ്ടുതന്നെ അറിയാം. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നതിന് പാവപ്പെട്ട കര്‍ഷകരുടെ മുതുക് തന്നെ വേണമായിരുന്നോ എന്നതാണ് ചോദ്യം. ആരാണ് ഇതുകൊണ്ട് നേട്ടമുണ്ടാക്കിയത് എന്ന് നോക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തുഗ്ലക് പരിഷ്കാരത്തിന്റെ ഉള്ളുകള്ളികള്‍ വെളിച്ചത്തുവരികയുള്ളൂ. കര്‍ഷകന്റെ കയ്യില്‍ എവിടുന്ന് കള്ളപ്പണം ഉണ്ടാകാനാണ്? കള്ളപ്പണമൊക്കെ ഈ രാജ്യത്തെ കുത്തകഭീമന്മാരുടെ കയ്യിലല്ലേ? നോട്ടുനിരോധനത്തിന് മുന്നോടിയായി നേരത്തെ അറിവുകിട്ടിയവരൊക്കെ തങ്ങളുടെ പക്കലുള്ള കള്ളപ്പണം മുഴുവന്‍ വെളുപ്പിച്ചെടുത്തു എന്നതാണ് യാഥാര്‍ത്ഥ്യം.
സര്‍ക്കാര്‍ സഹായവും സംരക്ഷണവും ആവശ്യമായ കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥ
പ്രാഥമിക മേഖല എന്ന് അറിയപ്പെടുന്ന കാര്‍ഷിക മേഖലയുടെ നിലനില്‍പ്പും വളര്‍ച്ചയും വികാസവും ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ അനിവാര്യ ചുമതലയാണ്. ഈ ദിശയിലുള്ള നയസമീപനങ്ങളും കര്‍മ്മപദ്ധതികളുമാണ് ഉയര്‍ന്നുവരേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല. ഭക്ഷ്യസുരക്ഷയും ഭക്ഷ്യപരമാധികാരവും ഉറപ്പാക്കുന്നതിന് ആദ്യമേ രാജ്യത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥ സുശക്തമാകേണ്ടതുണ്ട്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അടിത്തറ കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനമാണ്. എന്നാല്‍ ഗ്രാമീണ സമ്പദ്മേഖലയുടെ വേരറുക്കുന്നതിനുള്ള ഗൂഢനീക്കങ്ങള്‍ നടന്നുവരികയാണ്. സാധാരണ ശത്രു രാജ്യങ്ങളാണ് ഇത്തരം ഗൂഢ പ്രവര്‍ത്തനങ്ങള്‍ നടത്തുക പതിവ്. മറ്റൊരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അസ്ഥിരതയുണ്ടാക്കി അതുവഴി അവരെ കീഴപ്പെടുത്തുക എന്നത് സാമ്രാജ്യത്വം സ്വീകരിച്ചുവരുന്ന ഒരു രീതിയാണ്. എന്നാല്‍ ഇപ്പോഴിതാ രാജ്യത്തിനകത്തുനിന്നുതന്നെ ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നു. കൂടുതല്‍ മികച്ചതിനാണ് എന്ന വ്യാജേന നടത്തുന്ന കള്ളപ്രചരണങ്ങള്‍ക്ക് അധികം ആയുസ്സ് ഉണ്ടാവാന്‍ വഴിയില്ല. സ്വതവേ കടം വാങ്ങി നട്ടംതിരിഞ്ഞ് നില്‍ക്കുന്ന പാവപ്പെട്ട കര്‍ഷകരെ മുഖ്യ സ്ഥാനത്തു നിര്‍ത്തിക്കൊണ്ട് അവര്‍ക്കും കൂടി പങ്കാളിത്തമുള്ള രീതിയില്‍ കാര്‍ഷികരംഗത്ത് പുതിയ നയരൂപീകരണത്തിനാണ് കേന്ദ്ര ഭരണകൂടം തയ്യാറാകേണ്ടത്. അല്ലാതെ, ഒരു രാത്രി ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേക്കും അതുവരെ ഉപയോഗിച്ചിരുന്ന നോട്ടുകള്‍ക്ക് കടലാസ്സിന്റെ വില പോലുമില്ലാതെയാക്കുകയല്ല. രാജ്യത്ത് സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടായിട്ടും ഇപ്പോഴും മൗനം തുടരുന്ന ചിലരുണ്ട്. ആരുടെ ശബ്ദമാണോ ഇക്കാര്യത്തില്‍ കൂടുതല്‍ ഉയരേണ്ടത് അവര്‍ മൗനം പാലിക്കുന്നു. ആ മൗനത്തെ കുറ്റകരമായ മൗനം എന്നുതന്നെയാണ് വിളിക്കേണ്ടത്.