ഹിന്ദിക്കാരുടെ ഭിന്ദി, നമുക്ക് വെണ്ടയ്ക്ക; സ്വാദിഷ്ടവും പോഷക സമൃദ്ധവും
വെണ്ടക്കയില്ലാത്ത സാമ്പാര്‍ കേരളീയര്‍ക്ക് അത്ര പഥ്യമല്ല. വെണ്ടക്കയുടെ ചെറിയ കൊഴുപ്പോടുക്കൂടിയുള്ള സാമ്പാര്‍ കുത്തരിയും കൂട്ടി കുഴച്ചു ഉണ്ണുന്നത് മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. അതു കൊണ്ടുതന്നെ നമ്മുടെ വീട്ടുവളപ്പില്‍ ചെറിയ തോതിലെങ്കിലും വെണ്ട കൃഷി ചെയ്‌തെടുക്കാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്.
മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ടക്ക കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തിലും അടുക്കള തോട്ടത്തിലും ധാരാളമായി കൃഷി ചെയ്യുന്നു. ഉഷ്ണകാല പച്ചക്കറി വിളയായ വെണ്ടയുടെ നാടന്‍ ഇനങ്ങളും സങ്കര ഇനങ്ങളും കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്. സാമ്പാര്‍, തോരന്‍, ഉപ്പേരി എന്നീ ആവശ്യത്തിന് പുറമെ ചെറിയ കഷണങ്ങളായി നുറുക്കിയെടുത്ത് കൊണ്ടാട്ട രൂപത്തിലും വെണ്ടക്ക നമ്മുടെ അടുക്കളയില്‍ സൂക്ഷിക്കാറുണ്ട്. കാല്‍സ്യം, ഇരുമ്പ്, അയഡിന്‍ തുടങ്ങിയ ശരീരത്തിന് അത്യന്താപേക്ഷിതമായ മൂലകങ്ങളും ഈ പച്ചക്കറി വിഭവത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാല്‍വേസീ (Malvaceae) സസ്യകുടുംബത്തില്‍ ഉള്ളതും ലോകത്ത് മിക്കവാറും രാജ്യങ്ങളില്‍ കൃഷിചെയ്യുന്നതുമായ ഈ സസ്യത്തിന്റെ ശാസ്ത്രനാമം Abelmoschus esculentus എന്നാണ്. വെണ്ടക്കയില്‍ ദഹനത്തിന് സഹായകരമായ നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, തയാമിന്‍, വിറ്റാമിന്‍ ബി6, ഫോളെറ്റ്, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, റൈബോഫ്‌ലേവിന്‍, നിയാസിന്‍, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ പോഷകഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.
അനുയോജ്യമായ കാലാവസ്ഥ
സാധാരണയായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും വേനല്‍ക്കാലവിളയായി ജനുവരി, ഫെബ്രുവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യുന്നത്. എന്നാല്‍ ആനക്കൊമ്പന്‍ എന്ന ഇനം മെയ് അവസാനവും ജൂണ്‍ ആദ്യവുമായി നട്ടുവളര്‍ത്താറുണ്ട്. 18-35 ഡിഗ്രി ചൂടില്‍ വെണ്ട കൃഷി ചെയ്യാം. എന്നാല്‍ വിത്തുകള്‍ മുളപൊട്ടുന്നതിനുള്ള ഏറ്റവും അനുയോജ്യമായ താപനില 20 ഡിഗ്രി ആണ്.
കൃഷിയിടം ഒരുക്കുമ്പോള്‍
കൃഷിയിടം നന്നായി കിളച്ചു ഇളകി ചപ്പിലകള്‍ കത്തിച്ച ചാരവുമായി മണ്ണ് കൂട്ടിയിളക്കി വെണ്ട കൃഷിക്കായി മണ്ണ് ഒരുക്കാം. ശേഷം മണ്ണ് വരമ്പ് രൂപത്തിലോ കൂനകൂട്ടി തടമാക്കിയോ വാരമെടുക്കാം. വിത്ത് നടുന്നതിനു 15 ദിവസം മുന്‍പ് സെന്റിന് 3 കിലോഗ്രാം എന്ന കണക്കില്‍ കുമ്മായം ചേര്‍ത്ത് മണ്ണിന്റെ അമ്ലത്വം കുറക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജൈവവളം വേഗത്തില്‍ വിളകള്‍ക്ക് വലിച്ചെടുക്കാന്‍ കഴിയും. ഓരോ സെന്റിലേക്കും 30-40 ഗ്രാം വിത്ത് ഉപയോഗിക്കാം ഓരോ ചെടിയും തമ്മില്‍ രണ്ടടി അകലം വരുന്ന വിധത്തില്‍ വിത്തുകള്‍ പാകാം.
ജലസേചനം
വിത്ത് നേട്ടത്തിന് ശേഷം മണ്ണില്‍ ആവശ്യത്തിന് നനവ് ഉണ്ടായിരിക്കണം പാഴ്‌ചെടികള്‍ കൊണ്ട് പുതയിട്ടുകൊടുത്തും വൈകുന്നേരങ്ങളില്‍ നനച്ചു കൊടുത്തും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. വേനല്‍ക്കാലത്തു ഓരോ ദിവസവും ഇടവിട്ടു ചെടികള്‍ നനക്കണം.
വളപ്രയോഗം
വെണ്ട ചെടിക്ക് അടിവളമായി വേപ്പിന്‍ പിണ്ണാക്കും മേല്‍വളമായി ഗോമൂത്രവും (നേര്‍പ്പിച്ചത് ) ഉപയോഗിക്കാം. ഏത് ഒരു പരിധിവരെ കീടനാശിനിയാണ് വര്‍ത്തിക്കുന്നു. വെണ്ട ചെടിയുടെ വളര്‍ച്ച മുരടിക്കുകയും വേരുകളില്‍ മുഴയുണ്ടാവുകയും ചെയുന്ന നിമാവിരകളുടെ ഉപദ്രവം തടയാന്‍ ചെടിയുടെ തടത്തില്‍ മുന്‍കൂട്ടി കമ്മ്യൂണിസ്റ്റ് പച്ചയോ വേപ്പിലയോ ഒരു തടത്തിനു കാല്‍കിലോ എന്ന തോതില്‍ ചേര്‍ക്കാം.
വിളവെടുപ്പ്
വിത്ത് പാകി 30-45 ദിവസം മെത്തുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ കായ്കള്‍ പറിച്ചെടുക്കാന്‍ സാധിക്കും. പൂര്‍ണ്ണവളര്‍ച്ച എത്തിയതും എന്നാല്‍ നാരുകള്‍ വെക്കാത്തതുമായ കായ്കളാണ് പറിച്ചെടുക്കേണ്ടത്. വലിപ്പം വെച്ച കായ്കള്‍ ഏതാണ്ട് ആറു ദിവസത്തിനുള്ളില്‍ നാരുകള്‍ വെയ്ക്കാന്‍ തുടങ്ങും. അതുകൊണ്ടു വെണ്ട കൃഷി വളരെ ശ്രദ്ധയോടെ ചെയ്തു കൃത്യസമയത്തു വിളവെടുക്കേണ്ടുന്ന ഒന്നാണ്.
പ്രധാന ഇനങ്ങള്‍
കാമിനി, മുഖമാലി, വാഗ്മി, സവാനി, പ്രഭാനി ക്രാന്തി, പദ്മിനി, വൈശാലി, പുസ തുടങ്ങിയവയാണ് സാധാരണയായി ഇന്ത്യയില്‍ കൃഷി ചെയ്യുന്ന മികച്ച വെണ്ട ഇനങ്ങള്‍.
Also Read: വരൾച്ചയിൽ നിന്ന് വിളകളെ കാക്കുന്ന ഹൈഡ്രോജെല്ലിനെ പരിചയപ്പെടാം