ഓണത്തിന് വിഷരഹിത പച്ചക്കറി കൂട്ടി സദ്യയുണ്ണാം; അഞ്ചു ലക്ഷം തൈകൾ സൗജന്യമായി വിതരണം ചെയ്യാൻ കൃഷി വകുപ്പ്; ഒപ്പം കൈനിറയെ സബ്സിഡികളും ആനുകൂല്യങ്ങളും

ഓണത്തിന് വിഷരഹിത പച്ചക്കറി കൂട്ടി സദ്യയുണ്ണാം; അഞ്ചു ലക്ഷം തൈകൾ വിതരണം ചെയ്യാൻ കൃഷി വകുപ്പ് തയ്യാറെടുക്കുന്നു. കൃഷിഭവനുകള്‍ വഴിയാണ് ഇവ വിതരണം ചെയ്യുക. പന്തളം, പുല്ലാട്, അടൂര്‍ ഫാമുകളില്‍ തയ്യാറാക്കിയ തൈകള്‍ വിതരണത്തിനായി കൃഷിഭവനുകളിലേക്കുള്ള യാത്രയിലാണ്. കൃഷിഭവനുകള്‍ വഴി സൗജന്യമായാണ് തൈകള്‍ നല്‍കുന്നത്.

4.2 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ പരിസ്ഥിതിദിനത്തില്‍ കര്‍ഷകര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കൃഷിവകുപ്പ് വിതരണം ചെയ്തിരുന്നു. ഇതിനുപുറമേ നാലുലക്ഷം പച്ചക്കറി തൈകളും കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. ഒരു യൂണിറ്റില്‍ 25 ഗ്രോ ബാഗുകള്‍ വീതമുള്ള 2750 ഗ്രോ ബാഗ് യൂണിറ്റുകളും നല്‍കിയിരുന്നു.

410 ലക്ഷം രൂപയുടെ വമ്പൻ പദ്ധതിയായാണ് കൃഷിവകുപ്പ് ഓണത്തിന് ഒരുമുറം പച്ചക്കറി നടപ്പിലാക്കുന്നത്. സ്‌കൂളുകള്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കര്‍ഷകര്‍ എന്നിവരെ പങ്കാളികളാക്കിയാണ് പദ്ധതി.

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന ക്ലസ്റ്ററുകള്‍ക്ക് 15,000 രൂപ ധനസഹായം നല്‍കും. തരിശുകൃഷി വ്യാപിപ്പിക്കുന്നതിന് ഹെക്ടറിന് 30,000 രൂപയും മഴമറ നിര്‍മിക്കുന്നതിന് 50,000 രൂപ വരെയും സബ്‌സിഡി. കണികാ ജലസേചനം നടത്തുന്നതിന് 30,000 രൂപ സബ്സിഡി നിരക്കില്‍ 40 ഫെര്‍ട്ടിഗേഷന്‍ യൂണിറ്റുകള്‍ക്കും അനുവദിക്കും.

10 ചതുരശ്രമീറ്ററും 20 ചതുരശ്ര മീറ്ററും വിസ്തൃതിയുള്ള മിനി പോളി ഹൗസുകള്‍ക്ക് സഹായം. 75 ശതമാനമാണ് സബ്സിഡി. പച്ചക്കറികള്‍ ഒരാഴ്ചയോളം കേടുവരാതെ സൂക്ഷിക്കാന്‍ കഴിയുന്ന ചെലവ് കുറഞ്ഞ ഊര്‍ജരഹിത ശീതീകരണ യൂണിറ്റുകള്‍ക്ക് 15,000 രൂപ സബ്സിഡി ലഭിക്കും. വള്ളിപ്പയര്‍, വെള്ളരി, വെണ്ട, പച്ചമുളക്, തക്കാളി, വഴുതന, ചീര, പടവലം എന്നിവയുടെ തൈകളാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്.

Also Read: ഇടവിളയായി കൃഷി ചെയ്യാം, ലക്ഷങ്ങൾ സമ്പാദിക്കാം; അലങ്കാര ഇലച്ചെടി കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം