ഉള്ള സ്ഥലം കൊണ്ട് ഓണം പോലെ! നഗരങ്ങളിലെ കൃഷി പ്രേമികൾക്കായി മട്ടുപ്പാവ് കൃഷി
സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന നഗരങ്ങളിലെ കൃഷി പ്രേമികൾക്ക് ആഗ്രഹ സാഫല്യത്തിനുള്ള വഴി തുറക്കുകയാണ് മട്ടുപാവ് കൃഷി. ഒരു ചെറു കുടുംബത്തിന് അവര്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ മട്ടുപ്പാവില്‍ സ്വയം കൃഷി ചെയ്‌തെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. വിപണിയില്‍ വിലകൊടുത്തു വാങ്ങുന്ന പച്ചക്കറികളെ ആശ്രയിക്കാതെ ജീവിക്കാൻ മട്ടുപ്പാവിലെ കൃഷി സഹായിക്കുന്നു.
ദൈനംദിനാവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍ ചെറിയ തോതില്‍ കൃഷി ചെയ്‌തെടുക്കുന്നതു കൂടാതെ പോളിഹൗസുകള്‍ നിര്‍മ്മിച്ചു വലിയ തോതിൽ വിളവുണ്ടാക്കി വരുമാനവും നേടാം. തക്കാളി, പയര്‍, വെണ്ട, വഴുതന, പാവല്‍, ചീര തുടങ്ങിയവ മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യമായ ഇനങ്ങളാണ്. പ്ലാസ്റ്റിക് ചാക്കിലോ ഗ്രോബാഗുകളിലോ ആണ് ചെടി നട്ടുവളര്‍ത്തുന്നത്. നിരപ്പായ പ്രതലമുള്ള ഏത് ടെറസിലും പച്ചക്കറികൃഷി ചെയ്യാം.
മണ്ണ്, മണല്‍, ചാണകപ്പൊക്കി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ കൂട്ടിയോജിപ്പിച്ചാണ് ചാക്കുകളില്‍ നിറയ്ക്കുന്നത്. ഈ മിശ്രിതം നന്നായി യോജിപ്പിച്ചതിനു ശേഷം ചാക്കിന്റെ മൂന്നില്‍ രണ്ട് ഭാഗത്തോളം നിറക്കുക. തുടര്‍ന്ന് ചാക്ക് ചെറുതായി നനച്ചതിനു ശേഷം വിത്ത് പാകാവുന്നതാണ്. തൈകള്‍ മണ്ണില്‍ വേരു പിടിക്കുന്നതുവരെ തണല്‍ ആവശ്യമാണ്.
ചെടികള്‍ക്ക് മിതമായ നന ആവശ്യമാണ്. വളമായി ചാണകം, എല്ലുപൊടി, ഗോമൂത്രം, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. പാവല്‍, പയര്‍, പടവലം തുടങ്ങിയ പച്ചക്കറികള്‍ക്കു പ്ലാസ്റ്റിക് ചരട്, പട്ടിക എന്നിവ ഉപയോഗിച്ച് പന്തലിടണം. കൃഷി ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ലഭിച്ചു തുടങ്ങും.
Image: pixabay.com