കേരളം തരിശുനിലങ്ങളിൽ നിന്ന് നെൽപ്പാടങ്ങളെ തിരിച്ചുപിടിക്കും വിധം; പാരി റിപ്പോർട്ട്
കേരളം തരിശുനിലങ്ങളിൽ നിന്ന് നെൽപ്പാടങ്ങളെ തിരിച്ചുപിടിക്കും വിധത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നു പീപ്പിൾ ആർകൈവ് ഫോർ റൂറൽ ഇന്ത്യയുടെ റിപ്പോർട്ട്. ഏതാണ്ടു 30 വർഷത്തോളം കൃഷിയില്ലാതെ തരിശായി കിടന്നിരുന്ന കേരളത്തിലെ നെൽപ്പാടങ്ങളിൽ വീണ്ടും കതിർ വിളയിക്കുകയാണ് തദ്ദേശ സ്വയംഭരണ സർക്കാരുകളും വിവിധ കർഷക കൂട്ടായ്മകളും. നാണ്യവിളകളിലേക്കുള്ള ചുവടുമാറ്റവും കാർഷിക വൃത്തിയിൽ നിന്നുള്ള ആദായക്കുറവും മൂലം സംസ്ഥാനത്തെ നെൽകൃഷി ചുരുങ്ങിവരുന്ന സാഹചര്യത്തിലാണ് പ്രാദേശിക തലത്തിലുള്ള മുന്നേറ്റങ്ങളിലൂടെ സംസ്ഥാനം നെൽക്കൃഷി തിരിച്ചു പിടിക്കുന്നത്.
80 കളിൽ 32% മുണ്ടായിരുന്ന കൃഷി ഭൂമി 2016-17 കാലമാകുമ്പോഴേക്കും സംസ്ഥാനത്തിന്റെ മൊത്തം കൃഷിഭൂമിയുടെ 6.33% മായി കുത്തനെ ഇടിഞ്ഞതായി 2016-2017 ലെ സംസ്ഥാന ഗവൺമെന്റിന്റെ കാർഷിക സ്ഥിതിവിവര കണക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. കൂടുതൽ ലാഭകരമായ നാണ്യ വിളകളുടെ തള്ളിക്കയറ്റം മൂലം നെൽക്കൃഷിയിൽ നിന്നുള്ള സാമ്പത്തിക ലാഭം ക്രമേണ കുറഞ്ഞതും സംസ്ഥാനത്തെ പല കൃഷിയിടങ്ങളും പ്രധാന റിയൽ എസ്റ്റേറ്റ് പ്ലോട്ടുകളായി മാറിയതും കൂടാതെ നെൽകൃഷിയിൽ വിദഗ്ധരായ കർഷക തൊഴിലാളികളുടെ ദൗർലഭ്യവും ഈ തകർച്ചയ്ക്ക് കാരണാമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2016-ലെ ഇക്കണോമിക് റിവ്യൂയുടെ കണക്കുകൾ പ്രകാരം 2015-16 ൽ കേരളത്തിന്റെ ആകെ കൃഷിഭൂമിയുടെ 62% ശതമാനമാണ് റബ്ബർ, കുരുമുളക്, തേങ്ങ, ഏലം, തേയില, കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്നത്. അരി, മരച്ചീനി, പയർവർഗങ്ങൾ തുടങ്ങിയ ഭക്ഷ്യ വിളകകളാവട്ടെ ഇതേ കാലയളവിൽ മൊത്തം കൃഷിഭൂമിയുടെ വെറും 10.21% മായി ചുരുങ്ങുകയും ചെയ്തു. ഒരു ഘട്ടത്തിൽ സംസ്ഥാനത്തിന്റെ മൊത്തം ആവശ്യത്തിനുള്ള നെല്ലിന്റെ അഞ്ചിലൊന്ന് പോലും ഉത്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയിൽ കാര്യങ്ങളെത്തിയിരുന്നു. ഇക്കണോമിക് റിവ്യൂ കണക്കനുസരിച്ച് 1972-73 ൽ 13.76 ലക്ഷം മെട്രിക് ടൺ ഉൽപാദനം ഉദ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 2015-16 ൽ 5.49 ലക്ഷം മെട്രിക് ടൺ ആയി നെല്ലിന്റെ ഉല്പാദനം ഇടിഞ്ഞു.
പത്ത് വർഷം മുമ്പ് നിരവധി ജനകീയ പ്രസ്ഥാനങ്ങളും പ്രവർത്തകരും അടിയന്തരമായി ജലവിഭവങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാക്കിയതോടെ കേരള സർക്കാർ കേരള കൺസർവേഷൻ ഓഫ് പാഡി ആന്റ് വെറ്റ്‌ലാൻഡ്സ് ആക്ട് നടപ്പാക്കിയതോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു തുടങ്ങി. ഈ നിയമം അനുസരിച്ച്, നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നത് കുറ്റകരമാക്കി. ഒപ്പം തരിശുഭൂമിയിൽ കൃഷിയിറക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്ന സബ്സിഡികളും പദ്ധതികളും പഞ്ചായത്ത് തലത്തിൽ ഊർജിതമാക്കുകയും ചെയ്തായി വിവിധ കർഷകരേയും ഈ രംഗത്തെ വിദഗ്ദരേയും ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൃഷിഭൂമി ചുരുങ്ങുന്ന ഭീഷണി നേരിടാൻ പ്രാദേശിക പഞ്ചായത്തുകൾ കൃഷിക്കാർക്കും തരിശുഭൂമികളുടെ ഉടമകൾക്കുമിടയിൽ മധ്യസ്ഥരായി. തൊഴിലാളികളുടെ ദൗർലഭ്യം മറികടക്കാൻ പഞ്ചായത്ത് എം.എൻ.ഇ.ആർ.ഇ.എ.ജി.എ. തൊഴിലാളികളെ ഫലപ്രദമായി ഉപയോഗിച്ചതായി റിപ്പോർട്ട് പറയുന്നു. കൂടാതെ കൃഷിക്കാരും മിൽ ഉടമകളുടെ ഏജന്റുമാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വിളവെടുപ്പിനു ശേഷം നെല്ല് ശേഖരണത്തിനു വേണ്ടി വരുന്ന ദീർഘനാളത്തെ കാലതാമസം തുടങ്ങിയ അനിശ്ചിത്വങ്ങൾ തുടരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 4.3 മില്യൺ അംഗങ്ങളുള്ള കുടുംബശ്രീയും തരിശുഭൂമികൾ പാട്ടത്തിനെടുത്ത് നെൽക്കൃഷി ചെയ്യാനുള്ള ഉദ്യമത്തിൽ പങ്കുചേർന്നതോടെ നെൽക്കൃഷി തിരിച്ചുപിടിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയതായി സൂചിപ്പിച്ചാണ് പാരിയുടെ റിപ്പോർട്ട് അവസാനിക്കുന്നത്.
Courtesy: PARI
Image: pixabay.com