നെല്ലിന്റെ താങ്ങുവില 13% ഉയർത്തി ക്വിന്റലിന് 1,750 രൂപയാക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
നെല്ലിന്റെ താങ്ങുവില 13% ഉയർത്തി ക്വിന്റലിന് 1,750 രൂപയാക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന. അടുത്ത വർഷംത്തെ ലോക്സഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് കർഷകരെ അനുനയിപ്പിക്കാനാണ് വൈകിയെത്തുന്ന ഈ നീക്കമെന്നും സൂചനയുണ്ട്. രാജ്യത്തെ പ്രധാന ഖരിഫ് വിളയായ നെല്ലിന്റെ താങ്ങുവില ഉയർത്തണമെന്ന കർഷകരുടെ ദീർഘനാളത്തെ ആവശ്യം കേന്ദ്രം ഇതുവരെ ചെവികൊണ്ടിരുന്നില്ല.
ഇതോടൊപ്പം മറ്റു 13 പ്രധാന ഖരിഫ് വിളകളുടേയും താങ്ങുവില ഉയർത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞയാഴ്ച കൂടിയ മന്ത്രിസഭാ യോഗത്തിനു ശേഷം താങ്ങുവില കർഷകരുടെ ഉൽപ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയാക്കി വർധിപ്പിക്കുമെന്ന പതിവ് വാഗ്ദാനം പ്രധാനമന്ത്രി മോദി ആവർത്തിച്ചിരുന്നു.
നടീൽ ആരംഭിച്ചു കഴിഞ്ഞ ഖരിഫ് വിളകളുടെ താങ്ങുവില പ്രഖ്യാപനം കേന്ദ്രം വൈകിപ്പിക്കുന്നത് അതുണ്ടാക്കുന്ന കനത്ത സാമ്പത്തിക ബാധ്യത കൈകാര്യം ചെയ്യുന്നതിനുള്ള വഴികൾ ആരായുന്നതിനാലാണെന്നും സൂചനയുണ്ട്. ഇത്തവണ വിളവ് പ്രതീക്ഷിച്ചതിലും അധികം ലഭിച്ചതോടെ വിളകൾക്ക് മതിയായ വില ലഭിക്കാതെ പ്രതിസന്ധിയിലായ കർഷകരുടെ രോഷം തണുപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി സർക്കാരിന്റെ ഉപദേശക സമിതിയായ സിഎസിപി ശുപാർശ ചെയ്തതിലും കൂടുതലാണ് കാർഷിക മന്ത്രാലയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന താങ്ങുവില നിരക്കുകൾ എന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം 2018-19 വിളയ്ക്ക് (ജൂലായ്-ജൂൺ) താങ്ങുവിലയിൽ ഒരു ക്വിന്റലിന് 200 രൂപയുടെ വർധനയ്ക്കാണ് സാധ്യത.
നിലവിൽ സാധാരണ ഗ്രേഡ് ക്വിന്റലിന് 1,550 രൂപയും ഗ്രേഡ് എയ്ക്ക് ക്വിന്റലിന് 1,590 രൂപയുമാണ് നെല്ലിന്റെ താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്. സാധാരണയായി, വിത ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി താങ്ങുവില നിരക്കുകൾ പ്രഖ്യാപിക്കേണ്ടതാണ്. കർഷകർക്ക് വിളകൾ തെരഞ്ഞെടുത്ത് കൃഷി ചെയ്യാൻ ഇത് അവസരമൊരുക്കുന്നു. എന്നാൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തിയതോടെ ഇത്തവണ ഖരിഫ് വിളകളുടെ വിത രാജ്യമൊട്ടാകെ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ മുതലാണ് ഖരിഫ് വിളവെടുപ്പ്.
Also Read: വാണിജ്യാടിസ്ഥാനത്തിലുള്ള ചക്ക കൃഷിയ്ക്ക് ഒരുങ്ങുകയാണോ? ഈ ഇനങ്ങൾ തരും കൈനിറയെ വിളവും ആദായവും
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|