പേരും പെരുമയും പേറുന്ന പാലക്കാടന്‍ മട്ട
കേരളമട്ട, പാലക്കാടൻ മട്ട, റോസ്മട്ട എന്നീ പേരുകളിൽ പ്രസിദ്ധമായ കേരളത്തിലെ തനത് അരിയിനമാണ് “മട്ട”. കേരളത്തിലും ശ്രീലങ്കയിലും ദൈനംദിന ഭക്ഷണശൈലിയിലെ പ്രധാനഭാഗമായ ഈ ചുവന്നറാണിയുടെ ഉത്ഭവം എ ഡി 800 ൽ ചൈനയിലുണ്ടായിരുന്ന റ്റാങ് രാജവംശത്തിന്റെ കാലത്താണ്. പോഷകഗുണമേറിയതിനാലും വിശിഷ്ടമായ സ്വാദുളളതുകൊണ്ടും ഈ ഇനം ചരിത്രപ്രധാന്യമർഹിക്കുന്നു. ചേര – ചോള രാജാക്കന്മാരുടെ രാജകീയ ഭക്ഷണമായിരുന്നു മട്ടയരി കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ. തമിഴ് സാഹിത്യം ആയ തിരുക്കുറലിൽ മട്ടയരിയെ കുറിച്ചുള്ള പരാമർശം കാണാം. ലഘുഭക്ഷണങ്ങളായ മുറുക്ക്, കൊണ്ടാട്ടം എന്നിവ ഉണ്ടാക്കാനും. ഇന്നും ധാരാളമായി ഉപയോഗിച്ചുവരുന്നു. സവിശേഷമായ സ്വാദും തനിമയും ഈ ഇനത്തിന് ജനപ്രീതി നേടിക്കൊടുക്കുന്നു.
അധികം മൃദുത്വം ഇല്ലാത്ത ചുവന്നപാളിയുളള കട്ടികൂടിയ തരികളായാണ് മട്ടയുടെ പ്രകൃതം. അമിത പോഷകമൂല്യം അടങ്ങിയിരിക്കുന്നത് ചുവന്നപാളിയിലാണ്. സാന്ദ്രത കൂടിയ പാലക്കാടൻ കറുത്ത മണ്ണിലാണ് മട്ട കൂടുതലായി കൃഷി ചെയ്തുപ്പോരുന്നത്. അതുകൊണ്ട് തന്നെ അരിക്ക് മൺമയമായ ചുവയുമുണ്ട്. കളിമണ്ണും എക്കൽ മണ്ണും കലർന്ന ഈ വയലുകൾ “പൊന്തൻപ്പാടങ്ങൾ” എന്ന പേരിൽ അറിയപ്പെടുന്നു. കൃഷിക്കനുയോജ്യമായ ഈ മണ്ണ് സാന്ദ്രതയേറിയതിനാൽ ജലത്തെ അമിതമായ തോതിൽ വലിച്ചെടുക്കുന്നതിനാലും മട്ടയുടെ പോഷകഘടകങ്ങൾ വിശിഷ്ടമാണ്. സിങ്കും മാംഗനീസും അടങ്ങിയതിനാൽ വിരുദ്ധജാരണകാരിയായും (antioxidant) മറ്റ് വിഷാംശങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. വിറ്റാമിൻ B6 അടങ്ങിയതിനാൽ ചുവന്നരക്തകോശങ്ങളുടെ നിരക്കിനെ സന്തുലിതമാക്കുകയും കൊഴുപ്പ് നിയന്ത്രക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ചുവന്ന അരിയായ മട്ട കൊഴുപ്പുരഹിതമായതിനാൽ അമിതവണ്ണത്തിനുളള സാധ്യതയെ ഇല്ലാതാക്കുന്നു. ആസ്തമയെ ചെറുക്കാനുളള കഴിവും മട്ടയരിക്കുണ്ട്.
ധാതുവർദ്ധകമായ മട്ട, മറ്റ് അരിയിനങ്ങളേക്കാൾ കലോറിയുടെ നിരക്കിൽ മുന്നിലാണ്. 1/4 കപ്പ് മട്ടയരി ചോറിൽ 160 കലോറിയും 1 ഗ്രാം ഫൈബറും അടങ്ങിയിരിക്കുന്നു. കൂടാതെ 1 കപ്പ് മട്ടയരി ചോറിൽ 84 ഗ്രാം മഗ്നീഷ്യവും 1ഗ്രാം കാത്സ്യവും അടങ്ങുന്നു. ജീവകങ്ങളുടെ കലവറ കൂടിയാണ് മട്ട. വേവുകൂടിയ ഇനമായ മട്ടയുടെ അപരന്മാർ ഇന്ന് വിപണിയെ കയ്യടക്കുന്നു. കൃത്രിമനിറമടങ്ങിയ ‘മട്ട’ എന്ന പേരുമാത്രമുളള അരി ഉപയോഗിക്കുന്നതു മൂലം പലതരത്തിലുള്ള ശാരീരികാസ്വസ്ഥതകൾ ഉണ്ടാകുന്നു. അതുകൊണ്ട് യഥാർത്ഥ മട്ട വിപണിയിൽ നിന്ന് കണ്ടെത്താൻ പ്രത്യേക ശ്രദ്ധ ആവശ്യമായി വരുന്നു.