ചൂടിനോട് ഏറ്റുമുട്ടാൻ ഇരട്ടച്ചങ്കൻ പനനൊങ്ക് തയ്യാർ

വേനൽച്ചൂടിൽ മലയാളികൾ നെട്ടോട്ടമോടുമ്പോൾ ഉള്ളുതണുപ്പിക്കാൻ ഇളനീരിനൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ് പനനൊങ്ക്. പോഷകസമ്പത്തും ഔഷധമൂല്യവും ഒത്തിണങ്ങിയ പനനൊങ്ക് ഒരു കാലത്ത് പിന്തള്ളപ്പെട്ടെങ്കിലും ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്.

കേരളത്തിലെ ദേശീയ പാതയോരങ്ങളില്‍ ഇളനീരിനൊപ്പം പനനൊങ്കും സ്ഥാനംപിടിച്ചു കഴിഞ്ഞു. കേരളത്തിന്റെ തെക്കന്‍ജില്ലകളിലും പാലക്കാട്ടുമാണ് കരിമ്പനകള്‍ കൂടുതലായി കാണപ്പെടുന്നത്. തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പനനൊങ്ക് ഉല്പാദനത്തിൽ മുന്നിൽ. കരിമ്പന കൃഷി വ്യാപകമായി ഇവിടങ്ങളിൽ ഒട്ടേറെ മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കുന്നുണ്ട്.

കരിമ്പനയിലെ പെണ്‍ വൃക്ഷത്തിലാണ് പനനൊങ്ക് ഉണ്ടാകുന്നത്. ഒരു മരത്തില്‍ ആറു മുതല്‍ 12 വരെ പൂങ്കുലകള്‍ കാണും. ഓരോ കുലയിലും 10 മുതല്‍ 40 വരെ കറുപ്പുകലര്‍ന്ന പര്‍പ്പിള്‍ നിറമുള്ള നൊങ്ക് കാണാം. ഇവയെ കുലയോടെ മരത്തില്‍ നിന്ന് കെട്ടിയിറക്കി ഓരോന്നായി അടര്‍ത്തി, തലപ്പ് ചെത്തിയാല്‍ കനംകുറഞ്ഞ പാടമൂടിയ മൂന്ന് നൊങ്കിന്‍ കണ്ണുകള്‍ വരെ ലഭിക്കും.

ഇവ കരണ്ടികൊണ്ട് ഇളക്കിമാറ്റിയാല്‍ കൊഴുത്ത് മൃദുവായ മധുരം നിറഞ്ഞ കുഴമ്പും ജലവും കാണും. ഇവ നേരിട്ടോ പനയുടെ തന്നെ നീരയായ അക്കാനിയോട് ചേര്‍ത്തോ കഴിക്കാം. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് പനനൊങ്കിന്റെ സീസൺ. പാലക്കാട് ഉൾപ്പെടെയുള്ള പനനൊങ്കിന്റെ സ്വന്തം കേന്ദ്രങ്ങളിൽ കരിമ്പനകൾ വംശനാശ ഭീഷണിയിലാണിന്ന്.

Also Read: ഇടുക്കി ജില്ലയിലെ പച്ചക്കറി വികസനത്തിന് 2.05 കോടി രൂപയുടെ പദ്ധതികളുമായി കൃഷി വകുപ്പ്

Image: facebook