കവുങ്ങിൻ തോട്ടത്തിൽ പാഷൻ ഫ്രൂട്ട് കൃഷി പരീക്ഷിച്ചു വിജയിപ്പിച്ച് അയൂബ് തോട്ടോളി

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

കവുങ്ങിൻ തോട്ടത്തിൽ പാഷൻ ഫ്രൂട്ട് കൃഷി പരീക്ഷിച്ച് വിജയിപ്പിച്ച് അയൂബ് തോട്ടോളി. പാഷൻ ഫ്രൂട്ട് കൃഷിയിലെ പ്രധാന കടമ്പയാണ് പന്തൽ നിർമ്മാണത്തിനായി വേണ്ടിവരുന്ന മുതൽമുടക്ക്. ഈ പ്രശ്നത്തിന് പരിഹാരം തേടിയാണ് അയൂബ് കവുങ്ങിൻ തോട്ടത്തിൽ പാഷൻ ഫ്രൂട്ട് കൃഷി എന്ന ആശയത്തിലെത്തിയത്.

പാഷൻ ഫ്രൂട്ട് കൃഷിയിൽ എട്ട് വർഷക്കാലത്തേക്കുള്ള പന്തലിന്റെ കാലുകൾ ജിഐ അല്ലെങ്കിൽ കോൺക്രീറ്റാണ്. ഇത് ഏറ്റവും ചുരുങ്ങിയത് 250 മുതൽ 400 രൂപ വരെ ഒരു കാലിന് ചെലവുവരും. ഈ ഭാരിച്ച ചെലവ് മറികടക്കാൻ കവുങ്ങിൻ തോട്ടത്തിലെ പാഷൻ ഫ്രൂട്ട് കൃഷി സഹായിക്കുന്നു.

സൂര്യപ്രകാശം ധാരാളം ആവശ്യമായ കൃഷിയായതിനാൽ പാഷൻ ഫ്രൂട്ടിനായി കവുങ്ങിൻ തോട്ടത്തിൽ സ്ഥലം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. തൈകൾ തമ്മിൽ 2 മീറ്ററും വരികൾ തമ്മിൽ 3 മീറ്ററും അകലം സൂക്ഷിക്കണം. ഒരു കുഴിയിൽ ഒരു തൈ എന്ന പ്രകാരം നടാം.

2017 ആഗസ്റ്റിലാണ് അയൂബ് 30 തൈകൾ നട്ട് തന്റെ പരീക്ഷണം തുടങ്ങിയത്. ഓവൽ ഷേയ്പ്പിലുള്ള റെഡ് വെറൈറ്റിയായിരുന്നു നട്ടത്. ആദ്യ വിളവെടുപ്പിൽ 16 കിലോ വിളവുകിട്ടിയതായി അയൂബ് പറയുന്നു.
നല്ല തൂക്കവും രുചിയുമുള്ള കായകൾ സാധാരണ ഒരു കിലോയിൽ പത്തെണ്ണം കിട്ടുന്നിടത്ത് 10.4 കിലോയിൽ 79 കായകൾ ലഭിച്ചു.

ഇതിൽ 180 gm തൂക്കമുള്ള ചില കായകളുമുണ്ടായിരുന്നു. കവുങ്ങിൻ തോട്ടമായതിനാൽ ഇടയ്ക്കിടെ വീഴുന്ന കവുങ്ങിൻ പട്ടകളാണ് പാഷൻ ഫ്രൂട്ട് കൃഷിയിലെ പ്രധാന വില്ലന്മാർ. അതിനാൽ മൂന്നോ നാലോ ദിവസത്തിൽ ഒരിക്കലെങ്കിലും പന്തൽ പരിശോധിച്ച് പട്ടകൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.

അടയ്ക്കാ പറിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു വെല്ലുവിളി. ഇതിനായി ഒരാൾക്ക് കയറിപ്പോകാൻ പാകത്തിൽ കവുങ്ങിനോട് ചേർത്ത് പന്തലിന്റെ ഒന്നോ രണ്ടോ കണ്ണികൾ പൊട്ടിച്ചിടാമെന്നും അയൂബ് പറയുന്നു.

Also Read: ബ്ലോക്ചെയിൻ സാങ്കേതികവിദ്യ കേരളത്തിലും; പാല്‍, പച്ചക്കറി, പഴം, മത്സ്യ വിതരണത്തിൽ വൻ സാധ്യതകൾ

Image: pixabay.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.