കനിവില്ലാതെ കുരുമുളകു വിപണി; പ്രതീക്ഷകൾ തകർന്ന് കർഷകർ
കനിവില്ലാതെ കുരുമുളകു വിപണിയിൽ വിലയിടിവ് തുടരുമ്പോൾ കർഷകരുടെ പ്രതീക്ഷകൾ തകരുകയാണ്. സംസ്ഥാനത്ത് കുരുമുളക് കൃഷിയിൽ മുന്നിൽ നിൽക്കുന്ന ഇടുക്കി ജില്ലയിൽ മാത്രം നിരവധി കർഷകരാണ് കുരുമുളക് വിലയിടിവ് മൂലം കടുത്ത പ്രതിസന്ധിയിലായത്. മൂന്നു വർഷം മുൻപ് ഒരുകിലോയ്ക്ക് 740 രൂപവരെ കിട്ടിയിരുന്ന കുരുമുളകിന് നിലവിൽ വെറും 365 രൂപയാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു.
മൂന്നു വർഷത്തിനിടെയാണ് വില കുത്തനെ ഇടിഞ്ഞത്. എന്നാൽ തൊഴിലാളികളുടെ കൂലിയിലും വളങ്ങളുടെ വിലയിലും മറ്റു ചെലവുകളിലുമെല്ലാം നല്ല വർധനയുണ്ടാകുകയും ചെയ്തു. വിലനിലവരം ഇത്തരത്തിലാണെങ്കിൽ കുരുമുളകു കൃഷി ഉപേക്ഷിച്ച് മറ്റ് കൃഷികളിലേക്ക് തിരിയാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.
കുരുമുളകിന്റെ അനിയന്ത്രിതമായ ഇറക്കുമതിയാണു കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് 500 രൂപ തറവില നിശ്ചയിച്ചെങ്കിലും അതുകൊണ്ടും കാര്യമായ മാറ്റമൊന്നും വിപണിയിൽ ഉണ്ടായില്ല. ഗുണനിലവാരം കുറഞ്ഞ കുരുമുളക് വിലകുറച്ചു ലഭ്യമാകുന്നതാണു മികച്ച ഗുണനിലവാരം ഉണ്ടായിട്ടും കേരളത്തിൽനിന്നുള്ള കുരുമുളകിനു തിരിച്ചടിയാകുന്നതെന്ന് വ്യാപാരികളും പറയുന്നു.
വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഗുണം കുറഞ്ഞ കുരുമുളക് വിലക്കുറവിൽ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ മ്യാൻമർ, നേപ്പാൾ, ബംഗ്ലദേശ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു അധികൃതരുടെ കണ്ണുവെട്ടിച്ചെത്തുന്ന കുരുമുളക് വേറെയും. കർണാടകയിൽ നിന്നുള്ള വലുപ്പം കൂടിയ കുരുമുളകിൽ നിന്ന് കേരളത്തിലെ കുരുമുളകിന് കടുത്ത മത്സരം നേരിടേണ്ടി വരുന്നതാണ് വിലയിടിവിന്റെ മറ്റൊരു കാരണം.
Also Read: ചെറുകിട കർഷകർക്കായി വായ്പാ നയം ഉദാരമാക്കാൻ കേന്ദ്രം; കിസാൻ ക്രെഡിറ്റ് കാർഡ് വ്യാപിപ്പിക്കും
Image: pixabay.com