ചെലവ് തുച്ഛം, വിളവോ മെച്ചം; പ്രതലാധിഷ്ഠിത ചെമ്മീന്‍ വളര്‍ത്തൽ രീതിയ്ക്ക് പ്രചാരമേറുന്നു
ചെലവ് തുച്ഛം, വിളവോ മെച്ചം; പ്രതലാധിഷ്ഠിത ചെമ്മീന്‍ വളര്‍ത്തൽ രീതിയ്ക്ക് പ്രചാരമേറുന്നു; പെരിഫൈറ്റോണുകളെ ഉപയോഗപ്പെടുത്തിയുള്ള പ്രതലാധിഷ്ഠിത ചെമ്മീന്‍ വളര്‍ത്തൽ രീതിയ്ക്ക് മികച്ച ഉത്പാദന ക്ഷമതയും ചെലവ് കുറവും കാരണം പ്രചാരം വര്‍ധിക്കുകയാണ്. ചെമ്മീൻ കെട്ടുകളിൽ ആധുനിക രീതികളിൽ തീറ്റയൊരുക്കുന്ന സംവിധാനമാണ് പെരിഫൈറ്റോണുകൾ. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന പ്രതലങ്ങളില്‍ വളരുന്ന ആല്‍ഗകള്‍, പ്രോട്ടോസോവ, ബാക്ടീരിയ, മറ്റ് സൂക്ഷ്മ സസ്യ-ജന്തുക്കള്‍, ജൈവ പദാര്‍ഥങ്ങള്‍ എന്നിവയുടെ കൂട്ടമാണ് പെരിഫൈറ്റോണ്‍ എന്നറിയപ്പെടുന്നത്.
ചെമ്മീന്‍ കെട്ടുകളിൽ പെരിഫൈറ്റോണുകളുടെ ഉത്പാദനം വേഗത്തിലാക്കുന്ന പ്രതലങ്ങൾ ഒരുക്കുകയാണ് പ്രതലാധിഷ്ഠിത ചെമ്മീന്‍ കൃഷിയുടെ ആദ്യപടി. മുളകള്‍, കാറ്റാടി മരക്കുറ്റികള്‍, തടിക്കഷണങ്ങള്‍, വൈക്കോല്‍. കരിമ്പിന്‍ചണ്ടി, പി.വി.സി പൈപ്പുകള്‍, നൈലോണ്‍ വലകള്‍, വാഹനങ്ങളുടെ ടയറുകള്‍ എന്നിവ ഉപയോഗിച്ചാണ് പ്രതലം ഒരുക്കുന്നത്. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന പ്രതലത്തില്‍ പറ്റിപ്പിടിച്ച് വളരുന്ന പെരിഫൈറ്റോണുകള്‍ ചെമ്മീനുകൾക്ക് മികച്ച തീറ്റയാണ്.
കിലോയ്ക്ക് 100 രൂപയ്ക്കു മുകളിൽ വിലയുള്ള ചെമ്മീൻ തീറ്റ ഒരളവോളം ലാഭിക്കാൻ ഇത് വഴിയൊരുക്കുന്നു. പെരിഫൈറ്റോണുകളില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, അമിനോ ആസിഡുകൾ, മറ്റ് പോഷകങ്ങള്‍ എന്നിവ ചെമ്മീന്റെ ത്വരിത വളര്‍ച്ചയ്ക്ക് സഹായിക്കുകയും മികച്ച വിളവ് ലഭിക്കാൻ കാരണമാകുകയും ചെയ്യുന്നു.
പെരിഫൈറ്റോണുകളില്‍ ചെമ്മീനിന് സ്വഭാവിക നിറം നൽകുന്ന കരോട്ടിനോയ്ഡ് വര്‍ണകങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇവ ഭക്ഷിച്ച് വളരുന്ന ചെമ്മീന് വിപണിയിൽ ആവശ്യക്കാർ ഏറെയാണ് എന്ന മെച്ചവുമുണ്ട്.
Also Read: മണ്ണു കുറവ്, പരിചരണം കുറവ്, ഒരുവിധം ഏതു കാലാവസ്ഥയിലും വളരും; കറ്റാർ വാഴക്കൃഷിയാണ് താരം
Image: pixabay.com