ആനന്ദത്തോടൊപ്പം ആദായവും പകരുന്ന പ്രാവ് വളർത്തലിൽ മൊയ്തീൻ ശ്രദ്ധ നേടുന്നു
പാലക്കാട് ജില്ലയിലെ വട്ടേനാട് വലിയവളപ്പിൽ മൊയ്തീനാണ് വൈവിധ്യ പ്രാവിനങ്ങളോടെ, വിസ്മയകരവും ലാഭകരവുമായി, പ്രാവ് വളർത്തലിൽ (Pigeon Farming) മുന്നേറുന്നത്. ആനന്ദത്തോടൊപ്പം ആദായവും പകരുന്നതാണ് പ്രാവ് വളർത്തൽ എന്ന് മൊയ്തീൻ പറയുന്നു. മുഖി, പൗട്ടർ, അമേരിക്കൻ ബ്യൂട്ടി, ഓസ്ട്രേലിയൻ ഡ്വാർഫ്, ഹിപ്പി, സിറാസ്, അമേരിക്കൻ ഹെൽമെറ്റ് തുടങ്ങി 40-തിലേറെ വ്യത്യസ്ത ഇനങ്ങളുള്ള വിപുലമായി പ്രാവ് ശേഖരമാണ് മൊയ്തീന്റേത്.
Also Read: അരുമ പക്ഷികളുടെ ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ
വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രാവിനങ്ങളെ കണ്ടെത്തുന്നു
കേരളത്തിലെ പ്രാവ് വളർത്തുന്നവരുടെ കൂട്ടായ്മകളിലും ചർച്ചകളിലുമൊക്കെ സജീവമായ് ഇടപെടുന്ന ആളാണ് മൊയ്തിൻ. ഈ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇഷ്ടപ്പെട്ട പ്രാവിനങ്ങളെ പറഞ്ഞ വില നല്കി സ്വന്തമാക്കുന്നത്. ചെറിയ തുകയിൽ പോലും ഓർഡർ ചെയ്യുന്ന പ്രാവുകളെ ഇത്തരം കുട്ടായ്മള് വഴി വിട്ടിൽ എത്തിച്ചു കിട്ടുന്നു എന്നതും ശ്രദ്ധേയമാണ്. പുതിയതായി എത്തുന്ന പ്രാവുകളെ ഉടൻ തന്നെ മറ്റ് പ്രാവുകളുടെ കൂട്ടത്തിലേക്ക് വിടില്ല. ഒരാഴ്ചയോളം പ്രത്യേകമായുള്ള കൂട്ടിലിട്ട് രോഗങ്ങളില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് പ്രധാന കൂട്ടിലേക്ക് മാറ്റപ്പെടുന്നത്.
കുട്ടിക്കാലം മുതലേ പ്രാവുകളോട് പ്രത്യേക അടുപ്പമുള്ള മൊയ്തീന് വീടിന്റെ ടെറസിന് മുകളിൽ വിശാലമായ കൂടുകളൊരുക്കിയാണ് തന്റെ അരുമ പക്ഷികളെ രാജകീയമായി വാഴിക്കുന്നത്. ഓരോ ഇനത്തിനും പ്രത്യേകം, പ്രത്യേകം കൂടുകളാണ് തയ്യാറാക്കിയിരിക്കുന്നത്. പല ഇനങ്ങളേയും ഒന്നിച്ചു വളർത്തുന്നത് പ്രാവ് വളർത്തലിൽ ഗുണകരമായ പ്രവണതയല്ലന്നാണ് മൊയ്തീന്റെ പക്ഷം.
മനസ്സിന് വളരെയേറെ ആനന്ദം മികച്ച വരുമാനവും പ്രദാനം ചെയ്യുന്ന പ്രാവ് വളർത്തലിൽ നിന്ന് അന്ധവിശ്വാസം മൂലം ചെറിയൊരു വിഭാഗം പിൻതിരിയുന്ന പ്രവണതയുമുണ്ട്. “പ്രാവ് കുറുകിയാൽ പണം നില്‍ക്കില്ല” എന്ന അന്ധവിശ്വാസത്തെ മൊയ്തീൻ പുച്ഛത്തോടെ തന്നെ തള്ളികളയുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം വളരെയധികം പേരാണ് പ്രാവ് വളർത്തലിലൂടെ നല്ല വരുമാനം നേടുന്നത്. അതേസമയം, മികച്ച മുന്നേറ്റം നേടാവുന്ന പ്രാവ് വളർത്തലിനെ ഇനിയും നാം ഗൗരവത്തിലെടുത്തിട്ടില്ല എന്ന വസ്തുതയുമുണ്ട്.
Also Read: കോവിഡും മാർജ്ജാരന്മാരും: ചൈനീസ് ഗവേഷകരുടെ കണ്ടെത്തലുകൾ
തുടക്കക്കാര്‍ പോക്കറ്റിനിണങ്ങിയ പ്രാവിനങ്ങളാണ് നല്ലത്; നിരന്തര നിരീക്ഷണവും അനിവാര്യം
വൻവിലയുള്ള പ്രാവുകൾ വിപണിയില്‍ ധാരാളം ലഭ്യമാണ്. എങ്കിലും തുടക്കക്കാര്‍ക്ക് വിലക്കൂടുതലില്ലാത്തതും പെട്ടെന്ന് വിറ്റഴിക്കുവാൻ കഴിയുന്നതും പോക്കറ്റിനിണങ്ങും വിധമുള്ളതുമായ ഇനങ്ങളാണ് നല്ലത്. ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിൽ “മുഖി” പ്രാവിനത്തെ വളർത്തുന്നതാണ് കൂടുതൽ ഉചിതമെന്നാണ് മൊയ്തീന്റെ പക്ഷം. ജോഡിക്ക് എട്ടായിരം രൂപ വരെയുള്ള പ്രാവുകളെയാണ് മൊയ്തീൻ കൂടുതലായും വളർത്താൻ തിരഞ്ഞെടുക്കുന്നത്.
നിരന്തരമുള്ള നിരീക്ഷണം പ്രാവ് വളർത്തലിൽ നിർണ്ണായകമാണ്. പ്രാവുകളുടെ രോഗലക്ഷണങ്ങൾ വേഗം തിരിച്ചറിയപ്പെടേണ്ടതിനും സമയബന്ധിതമായി പ്രതിരോധ നടപടികൾ സ്വികരിക്കുന്നതിനും നിരീക്ഷണം അനിവാര്യമാണ്. കൂട്ടമായി പ്രാവുകളെ വളർത്തുകയാണെങ്കിൽ പ്രതിരോധം സ്വികരിച്ചില്ലെങ്കിൽ രോഗങ്ങൾ വളരെ വേഗം പടരപ്പെടുവാനും അതുമൂലം വലിയ നഷ്ടം സംഭവിക്കാനുള്ള സാധ്യതകളും കൂടുതലാണ്.
നാട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അൻപത്തിയാറുകാരനായ മൊയ്തിൻ മുപ്പത് വർഷക്കാലം പ്രവാസിയായിരുന്നു. ഭാര്യ സുബൈദ, മക്കളായ ഷഹാബ്ബ്, ഷാനിബ്, ഷിഫ ഫാത്തിമ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും മൊയ്തീന്റെ പ്രാവ് വളർത്തല്‍ സംരംഭത്തിനുണ്ട്. പ്രാവ് വളർത്തൽ സംബന്ധിച്ചും, ഇഷ്ടപ്പെട്ട ഫാൻസി പ്രാവുകളെ തേടുന്നവർക്കും മൊയ്തീനെ സമീപിക്കാവുന്നതാണ്.
ഫോൺ: 9048516725