ശുദ്ധജല മത്സ്യകൃഷി: അനുകൂല സാഹചര്യങ്ങളും വരുമാന സാധ്യതകളും
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മത്സ്യം മനുഷ്യരുടെ ഇഷ്ടഭക്ഷ്യവസ്തുവായിരുന്നു. ആരോഗ്യത്തിനു ഗുണം ചെയ്യുന്ന അനവധി പോഷകഘടകങ്ങൾ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് അവശ്യ ഘടകമായ ഒമേഗ-3 എന്നറിയപ്പെടുന്ന ഫാറ്റി ആസിഡും പ്രോസ്റ്ററ്റ് ഗ്രന്ഥിക്കുണ്ടാകുന്ന കാൻസറിനെ തടയുവാൻ ഉള്ള കഴിവും മത്സ്യത്തിനുണ്ടെന്ന് കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്വീഡൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ആസ്തമ, മൂക്കടപ്പ്, സന്ധിവേദന, അൾസർ തുടങ്ങിയ അസുഖങ്ങളെ ചെറുക്കാനും മത്സ്യത്തിലെ ഒമേഗ-3 സഹായിക്കുന്നു. കാൻസറിനാൽ ഉണ്ടാകുന്ന മെലിച്ചിലിനെ കുറക്കാൻ മീനെണ്ണയിലടങ്ങിയ സവിശേഷമായ കേച്ചസ്കിയ എന്ന ഘടകവും മറ്റ് രോഗങ്ങൾ മൂലമുണ്ടാകുന്ന മെലിച്ചിലിനെ തടയാൻ ഒമേഗ-3 യോടോപ്പം വിറ്റാമിൻ സി, ഇ എന്നിവ നൽകിയാലും ആരോഗ്യനില ത്വരിതപ്പെടുത്താവുന്നതാണ്. മാനസികസംഘർഷം, ഓർമ്മക്കുറവ് എന്നിവയെ ഒരു പരിധിവരെ മിതമാക്കാൻ മത്സ്യത്തിലെ ഒമേഗ-3ക്ക് സാധിക്കുമെന്ന് ന്യൂസിലാന്റിലെ ഡയറ്റിക് അസോസിയേഷനും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. മാസത്തിൽ 12 ദിവസമെങ്കിലും മത്സ്യം കഴിച്ചാൽ ആരോഗ്യത്തിനാവശ്യമായ ഒമേഗ-3 ലഭിക്കുന്നു.
ശാസ്ത്രങ്ങൾ തെളിയിക്കുന്നത് 1ദിവസത്തെ ശാരീരിക പ്രവർത്തനങ്ങൾക്ക് 3ഗ്രാം ഒമേഗ മതിയെന്നാണ്. അമിതമായാൽ ഒമേഗയും വിഷമാണ്. കൂടുതൽ ഒമേഗ ഘടകം കഴിക്കുന്നത് രക്തസ്രാവം ഉണ്ടാക്കുന്നു.
Also Read: മിതമായ നിരക്കിൽ കലർപ്പില്ലാത്ത മത്സ്യം; ജയാനന്ദന്‍ പാലക്കാട് ജില്ലയിലെ മികച്ച മത്സ്യ കര്‍ഷകന്‍
ഇത്തരത്തിൽ ഗുണങ്ങൾ ഏറെയുള്ള മത്സ്യം ഇന്ന് നമുക്ക് ലഭിക്കുന്നത് രാസവസ്തുക്കളാൽ വിഭൂഷിതമായാണ്. ഇതൊഴിവാക്കാൻ ശുദ്ധമായ മത്സ്യം വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്നതേയുളളൂ. ഒരു നീന്തൽ കുളമോ തൊട്ടികളോ വീട്ടിൽ ഉണ്ടെങ്കിൽ ഒരു വരുമാനസ്രോതസ്സും കൂടാതെ നല്ല മത്സ്യവും മത്സ്യകൃഷിയിലൂടെ നേടിയെടുക്കാം. നാമിപ്പോൾ ഭക്ഷിക്കുന്ന മത്സ്യം സമുദ്രത്തിൽ നിന്നും ശേഖരിച്ചവയാണ്. എന്നാൽ സമുദ്രത്തിൽ നിന്നും ലഭ്യമാവുന്ന മത്സ്യത്തിന്റെ തോത് കുറയുന്നത് ശുദ്ധജല മത്സ്യകൃഷിക്ക് കളമൊരുക്കുന്നു. മറ്റ് വളർത്തുമൃഗങ്ങളേക്കാൾ ആദായകരവും ലളിതവുമാണ് മത്സ്യകൃഷി. കേരളത്തിൽ ഇതിന്റെ സാധ്യത ബൃഹത്താണ്. ഇപ്പോൾ പ്രചാരത്തിൽ കൃഷി ചെയ്യുന്ന മത്സ്യയിനങ്ങൾ രോഹു, ചെമ്മീൻ, കൊഞ്ച്, കാർപ്പ്, ഗ്രാസ് കാർപ്പ്, സ്വലിർ, കട്ള, മൃഗാൾ, കോമൺ കാർപ്പ് എന്നിവയാണ്. മറ്റുപല കൃഷിയെ പോലെയും മത്സ്യകൃഷിക്കും സ്ഥലം ആവശ്യമാണ്, പ്രത്യേകിച്ച് ശുദ്ധജലം ഉള്ള കുളം.
കുളം നിർമ്മിക്കുന്നതിനുള്ള ശാസ്ത്രീയ രീതികള്‍
- കുളം നിർമ്മിക്കുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ, ജലലഭ്യത കൂടിയ പ്രദേശമാണ് ഉത്തമം
- 4 അടിയെങ്കിലും കുറഞ്ഞത് കുളത്തിൽ ജലം എപ്പോഴും വേണം
- പ്രത്യേകിച്ച് മഴക്കാലത്ത് അമിതമായി കുളത്തിലേക്ക് ജലം ഒഴുകിയെത്തുന്നത് തടയേണ്ടതാണ്
- കുളം ശുചിയാക്കാൻ വിധവും അഴുക്കു വെള്ളം ഒഴുക്കി കളയാൻ ആവുന്ന വിധം കുളം പണിയണം
വിവിധരീതികളിലുള്ള മത്സ്യകൃഷി
- ഏകയിന മത്സ്യകൃഷി: ഒരു ഇനം മത്സ്യത്തെ മാത്രം കൂട്ടമായി ഒരു കുളത്തിൽ കൃഷി ചെയ്യുന്ന രീതിയാണിത്. സാധാരണയായി ഇത്തരം കൃഷിക്ക് തിരഞ്ഞെടുക്കുന്ന മത്സ്യയിനങ്ങൾ ഫിലോപിയ, വാരൽ, കാർപ്പ്, മുഷി, കാരി, ചെമ്മീൻ എന്നിവയാണ്.
- സമ്മിശ്രകൃഷി: ഒരു കുളത്തിൽ തന്നെ വിവിധയിനം അനുയോജ്യമായ മത്സ്യകുഞ്ഞുങ്ങളെ വളർത്തുന്നതാണ് സമ്മിശ്രകൃഷി. ഇന്ന് പ്രചാരത്തിൽ ഉള്ളതും ചെലവ് കുറഞ്ഞതും ആദായകരവുമായ രീതിയാണിത്. വിവിധയിനം മത്സ്യയിനങ്ങൾ തമ്മിൽ ഭക്ഷണകാര്യത്തിൽ വ്യത്യസ്തരാണെങ്കിലും തമ്മിൽ പൊരുത്തപ്പെടുന്നവയായിരിക്കും. പ്രധാനമായും മുഷി, കാരി, കാർപ്പ് എന്നീയിനങ്ങൾ ഇത്തരത്തിൽ കൃഷി ചെയ്യുന്നത്. ഇതു കൂടാതെ നെൽവയലുകളിലും മത്സ്യകൃഷി ചെയ്യാറുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വെള്ളം കെട്ടി നിർത്തി അതിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്തുന്നു. നെല്ലിനോടൊപ്പവും ചിലയിടങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കാറുണ്ട്. മുഷി, കാർപ്പ്, ഫിലോപ്പിയ എന്നിവയാണ് ഈ ഇനങ്ങള്‍.
- സംയോജിത മത്സ്യകൃഷി: മൃഗസംരക്ഷണത്തോടോപ്പവും മറ്റ് കൃഷികളോടൊപ്പവും മത്സ്യ കൃഷി ചെയ്യുന്നവരുമുണ്ട്. ഈ കൃഷിരീതി മറ്റേതൊരു രീതിയേക്കാളും ഉത്പാദനതോത് വർധിപ്പിക്കുന്നു. കാരണം സംയോജിതമായി മൃഗസംരക്ഷണവും ഉള്ളതുകൊണ്ട് മൃഗങ്ങളുടെ വിസർജ്ജ്യം മത്സ്യകുളത്തിന് വളമായി മാറുന്നു. കാർപ്പാണ് ഈ കൃഷി രീതിക്ക് അനുയോജ്യമായത്. ടാർപോളിൻ ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ കൃത്രിമ കുളങ്ങളിലും സ്വാഭാവിക കുളങ്ങളിലും മത്സ്യകൃഷി ചെയ്യാവുന്നതാണ്.
മറ്റ് കൃഷിയിൽവിത്തുപാകുന്നതുപ്പോലെ മത്സ്യകൃഷിയിൽ മത്സ്യകുഞ്ഞുങ്ങളെയാണ് വളർത്തുന്നതിനായിനിക്ഷേപിക്കുന്നത്. നിക്ഷേപിക്കുന്ന സമയത്ത് മത്സ്യകുഞ്ഞുങ്ങളുടെ വലിപ്പവും പ്രകൃതിയിലെ കാലാവസ്ഥയും ശ്രദ്ധിക്കേണ്ടതാണ്. വളർച്ചയെത്താത്ത മത്സ്യത്തെ നിക്ഷേപിക്കുന്നതുമൂലം അവ ചത്തു പൊങ്ങാനിടയുണ്ട്. 50 മുതൽ 100 മില്ലിമീറ്റർ വലിപ്പവും 250 മുതൽ 500 ഗ്രാം വരെ ഭാരമുളള മത്സ്യകുഞ്ഞുങ്ങളാണ് കൃഷിയ്ക്ക് അനുയോജ്യം. ഒരു ഹെക്ടറിൽ 7000 മുതൽ 10000 വരെ മത്സ്യകുഞ്ഞുങ്ങളെ വളർത്താം. സമ്മിശ്രമത്സ്യകൃഷി അവലംബിക്കുകയാണെങ്കിൽ കട്ല, സില്വര്‍,കാർപ്പ് എന്നിവ 40 ശതമാനവും മധ്യത്തിൽ രോഹു എന്നയിനം 30 ശതമാനവും അടിത്തട്ടിൽ ജീവിക്കാൻ ശേഷിയുള്ള മൃഗാൾ, കോമൺകാർപ്പ് എന്നിവ 30 ശതമാനവും വളർത്താവുന്നതാണ്. ഇത്തരത്തിലാണെങ്കിൽപ്പോലും ശരാശരി കൃഷി ചെയ്യാവുന്ന മത്സ്യകുഞ്ഞുങ്ങളുടെ തോത് ജൈവോല്പ്ന്നശേഷിയനുസരിച്ചും കുളത്തിന്റെ വലിപ്പമനുസരിച്ചും വിഭിന്നമാണ്.
3 ഘട്ടങ്ങളിലായാണ് മത്സ്യവളർച്ച. അതിൽത്തന്നെ രണ്ടാംഘട്ടത്തിൽ വളർച്ചാനിരക്ക് കൂടുതലും മറ്റ് 2 ഘട്ടങ്ങളിൽ നിരക്ക് കുറവുമാണ്. ശരാശരി ഒരു ഹെക്ടറിൽ മത്സ്യകുഞ്ഞുങ്ങൾക്ക് ആവശ്യമായ ഭാരമുണ്ടായിക്കഴിഞ്ഞാൽ 1000 മുതൽ 2500 കിലോഗ്രാം വരെ മത്സ്യം വിളവെടുക്കാവുന്നതാണ്. മത്സ്യങ്ങളുടെ ആഹാരക്രമത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കാരണം മത്സ്യത്തിന് ദഹിക്കുന്നതും സുലഭമായിരിക്കുന്നതുമായിരിക്കണം തീറ്റ. ചെറുസസ്യങ്ങളും പ്രാണികളുമാണ് ആഹാരപദാർത്ഥങ്ങൾ. വേരുകൾ, പുല്ല്, കിഴങ്ങ്, ഞണ്ട്, കൊഞ്ച്,മുട്ട, അറവുശാലയിലെ അവശിഷ്ടങ്ങൾ എന്നിവയും പൊടിച്ചോ ഉണക്കിയോ നൽകുന്നു.
Also Read: കരിമീന്‍ കൃഷി: ശുദ്ധജലത്തിലും കായലിലും ഒരുപോലെ സാധ്യതകള്‍