ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെമ്മീൻ കൃഷിയിൽ സ്വർണം വിളയിക്കാം
വളരെ അടിസ്ഥാനപരമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച വരുമാനം നേടിത്തരുന്നതാണ് ചെമ്മീൻ കൃഷി.
വിത്തുൽപ്പാദന കേന്ദ്രങ്ങളിൽനിന്നു വാങ്ങുന്ന ചെമ്മീൻ വിത്ത് ഒരേയിനത്തിൽപ്പെട്ടതും ഗുണനിലവാരം ഉള്ളതുമാണെന്ന് ഉറപ്പുവരുത്തുന്നതാണ് ആദ്യപടി. കുഞ്ഞുങ്ങൾക്ക് ഒരേ വലുപ്പമില്ലെങ്കിൽ ചെറിയവയുടെ വളർച്ച മുരടിക്കാൻ സാധ്യത ഉള്ളതിനാലാണിത്.
മാത്രമല്ല, കുഞ്ഞൻ ചെമ്മീനുകൾ വലിപ്പമുള്ള ചെമ്മീനുകളുടെ ഭക്ഷണമാകുകയും ചെയ്യും. ആരോഗ്യമുള്ള കരച്ചെമ്മീൻ കുഞ്ഞുങ്ങൾ നല്ല ചൊടിയുള്ളതും ചാരനിറമോ കടും തവിട്ടുനിറമോ ഉള്ളവയുമാകും എന്നതാണ് പ്രധാന ലക്ഷണം. പുറംതോടിന് കടും ചുവപ്പുനിറമോ പാടലവർണമോ ഉള്ള കുഞ്ഞുങ്ങളെയും വളരെ ചെറിയ കുഞ്ഞുങ്ങളെയും ക്ഷീണം ബാധിച്ചവയെയും വാങ്ങരുത്.
ലാർവകളുടെ രൂപാന്തരീകരണത്തിനുശേഷം 20 ദിവസം പ്രായമായ (പിഎൽ 20) കാരച്ചെമ്മീനുകളെ വേണം തെരഞ്ഞെടുക്കാൻ. ഈ പ്രായമുള്ള ആരോഗ്യമുള്ള കാരച്ചെമ്മീൻ കുഞ്ഞുങ്ങൾ ഏകദേശം 14 മി.മീറ്റർ നീളമുള്ളവയാകും. 20 ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ വാൽഭാഗം സാധാരണയായി തുറന്നിരിക്കുന്നതായി കാണാം.
ഒരു സൂക്ഷ്മദർശിനി ഉപയോഗിച്ചാൽ കൂടുതൽ കൃത്യതയോടെ ചെമ്മീൻവിത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തൻ സാധിക്കും. രോഗകാരകമായ മോർട്ടിസെല്ല, സൂതാമ്നിയം എന്നിവയുടെ ബാധയുള്ള കുഞ്ഞുങ്ങളുടെ പുറന്തോട് കറപിടിച്ചിരിക്കും. അതുപോലെ ആരോഗ്യമുള്ള ചെമ്മീൻ കുഞ്ഞുങ്ങളുടെ മാംസപേശികൾ മൃദുലവും തെളിമയുള്ളതും പുറന്തോടിനുള്ളിൽ നിറഞ്ഞിരിക്കുന്നതുമായി കാണാം. കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുമ്പോൾ വിശ്വാസ്യതയുള്ള ഒരു ലാബിന്റെ സഹായം തേടുന്നതും നല്ലതാണ്.
Also Read: മല്ലിയില നട്ടാൽ കീശയും മനസും നിറയും; മല്ലിയില കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം
Image: pixabay.com