ശാസ്ത്രീയമായ ചെമ്മീന്‍ കൃഷി സാമ്പത്തിക ലാഭത്തിനും വെല്ലുവിളികളെ മറികടക്കാനും

മീൻ വർഗ്ഗത്തിൽ പെടാത്ത ചെമ്മീൻ എന്നുപേരുളള അനിമേലിയ സാമ്രാജ്യത്തിൽ ഉൾപ്പെട്ട ജലജീവിയാണ്. ഇവ കൊഞ്ച് എന്ന പേരിൽ കേരളത്തില്‍ അറിയപ്പെടുന്നു. കേരളത്തിലെത്തുന്ന വിദേശികളുടെ ഇഷ്ടഭാജ്യങ്ങളിലൊന്നാന്നുകൂടിയാണ് ചെമ്മീൻ വിഭവങ്ങൾ. കടലിൽ ജീവിക്കുന്നവയും ശുദ്ധജലത്തിൽ കായൽ പോലുള്ള ജലസ്രോതസുകളിൽ വളരുന്നവയുമായ രണ്ടുതരം ചെമ്മീനുകളാണുള്ളത്. കേരളത്തിൽ കൂടുതലായും ശുദ്ധജല ചെമ്മീൻ കൃഷിക്കാണ് സാധ്യത കണ്ടുവരുന്നത്. ചെമ്മീൻ കൃഷി തുടക്കകാർക്ക് ഒരു വെല്ലുവിളിയാണ്, അതിനാല്‍ കൃഷിയുടെ വിവധഘട്ടങ്ങളില്‍ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എന്നാല്‍ അനുഭവ സമ്പത്തുളള കർഷകർക്ക് ചെറിയ തോതിൽ തുടങ്ങിയാൽ തന്നെ ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്ത് ലാഭം നേടാവുന്നതാണ്. കേരളത്തിൽ ശുദ്ധ ജലസ്രോതസുകൾ സുലഭമായതിനാൽ ചെമ്മീൻ കൃഷി വിജയകരമായി കൊണ്ടു പോകാൻ സാധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു. കേരള ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച് കേരളത്തിൽ ഏകദേശം 0.13 ലക്ഷംഹെക്ടർ സ്ഥലം ചെമ്മീൻ ഊറ്റൽ കേന്ദ്രങ്ങളാണ്. അതിൽ തന്നെ 12500 ഹെക്ടർ പൊക്കാളി പാടങ്ങൾ എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. അവയിൽ ഇന്നും പരമ്പരാഗതമായി ചെമ്മീൻ കൃഷിക്കായി ഉപയോഗിക്കുന്നു. 

പരമ്പരാഗത രീതിയിൽ ചെമ്മീൻ കൃഷി വേലിയേറ്റത്തോടൊപ്പം കടലിൽ നിന്ന് കയറി വരുന്ന ചെമ്മീനുകളെ കെട്ടുകളിൽ തടഞ്ഞിട്ട് ഇറക്ക സമയത്ത് തൂമ്പിൽ വല ഉറപ്പിച്ച് അവയെ പിടിച്ചെടുത്ത് മറ്റ് മത്സ്യങ്ങളുടെ കൂട്ടത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന രീതിയാണ്. പക്ഷേ വേലിയേറ്റത്തോടൊപ്പം എല്ലാ തരത്തിലുള്ള ജലജീവികളും ഒന്നിച്ച് വരുന്നു. അതില്ലാതാക്കാനാണ് ചെമ്മീൻ കൃഷി പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി, ശാസ്ത്രീയമായി ചെയ്ത് തുടങ്ങിയത്. ഏകദേശം നല്ല ഉല്പാദനം ഉള്ള ചെമ്മീൻ കെട്ടുകളിൽ നിന്ന് 750 കിലോ ഗ്രാം വരെ ഒരു ഹെക്ടറിൽ നിന്ന് ലഭിക്കുന്നു. പക്ഷേ അതിനേക്കാൾ ശാസ്ത്രീയമായ ചെമ്മീൻ കൃഷിയിൽ നിന്ന് ലാഭം നേടാൻ കഴിയുന്നു. ഉല്പാദനക്ഷമതയുളള ചെമ്മീൻ കുഞ്ഞുങ്ങളെ തിരഞ്ഞെടുത്തു കൃഷി ചെയ്യുന്ന രീതിയാണിത്.

മലിനീകരണ സാധ്യതയില്ലാത്ത താഴ്ന്ന പ്രദേശങ്ങളിലെ ആഴം കുറഞ്ഞ കായലുകളോ തെങ്ങിൻ തോപ്പുകളിലെ തോടുകളോ ജലസംഭരണികളോ ചെമ്മീൻ കൃഷിക്കായി തിരഞ്ഞെടുക്കാം. കൃഷിക്കായി തിരഞ്ഞെടുക്കുന്ന ജലസ്രോതസ് ഒരുപാട് കലങ്ങിയതായിരിക്കരുത്, കൂടാതെ ജലത്തിന്റെ ഊഷ്മാവ് 20-30 ഡിഗ്രി സെൽഷ്യസിൽ, pH മൂല്യം 7-8 വരെയായിരിക്കണം. കൂടാതെ 20-30 വരെ ലവണാംശമുളള വെള്ളത്തിൽ ചെമ്മീൻ സമൃദ്ധിമായി വളരുന്നു. ജലസ്രോതസ്സിന്റെ അടിത്തട്ടിലെ മണ്ണ്, ചെളി , എക്കൽ എന്നിവ ചേർത്തതും മണ്ണിലടങ്ങിയ ജൈവാംശം 3.6% നിരക്കിലും ആയാൽ ഉല്പാദനക്ഷമത വർദ്ധിക്കുന്നു. ചെമ്മീൻ കുഞ്ഞുങ്ങളെ സംഭരിക്കുന്നതിനുമുമ്പ്, ഒരുക്കിയ ജലസ്രോതസിന്റെ അടിഭാഗത്ത് ചിറകൾ ബലപ്പെടുത്തുകയും ചാലുകൾ വെട്ടുകയും എന്നിങ്ങനെയുളള അറ്റക്കുറ്റപണികൾ ചെയ്തുതീർക്കണം. മത്സ്യകൃഷിക്ക് ലാഭകരമല്ലാത്ത കളമത്സ്യങ്ങളെ നശിപ്പിക്കാനായി, നിലം വറ്റിച്ച് അടിഭാഗം കീറിവിടുന്ന പ്രക്രിയ അഭികാമ്യമാണ്. വെള്ളത്തില്‍ വളരുന്ന ഈ കളമത്സ്യങ്ങൾ ചാവുന്നതിലൂടെ ചളിയിലെ മറ്റ് വിഷാംശങ്ങളും അതിലൂടെ നീക്കം ചെയ്യപ്പെടുന്നു. ശ്രദ്ധ ചെലുത്തേണ്ട കാര്യം വെള്ളം വറ്റിച്ച് സ്രോതസ്സിന്റെ അടിത്തട്ട് ഉണങ്ങുമ്പോൾ മണ്ണിന് അമ്ലത്തിന്റെ അളവ് കൂടാനിടയുണ്ട്. അമ്ലാംശം കുറക്കാനായി കുമ്മായം ചേർക്കുന്നത് നല്ലതാണ്. ഈ പ്രക്രിയക്കുശേഷം കളമത്സ്യം നശിക്കുന്നു. ഏഴുദിവസത്തിനുശേഷം, തൂമ്പിൽ കെട്ടിവച്ച നയിലോൺ വലയിലൂടെ 3-4 ദിവസം ജലം ഒഴുക്കി 2.5 അടിയോളം വെള്ളം സ്രോതസ്സിൽ നിലനിർത്തി ചെമ്മീൻ കുഞ്ഞുങ്ങളെ ആ കെട്ടിലേക്ക് സംഭരിക്കാം.

ചെമ്മീൻ കുഞ്ഞുങ്ങളെ വേലിയേറ്റത്തിനിടയിൽ കയറിവരുന്ന മുറക്കോ, ഹാച്ചറികളിൽ നിന്നോ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നോ ശേഖരിക്കാവുന്നതാണ്. കുഞ്ഞുങ്ങളെ ഉടൻ തന്നെ കൃഷിസ്ഥലമായ സ്രോതസ്സുകളിൽ വിടാൻ പാടില്ല. കാരണം, പെട്ടെന്നുള്ളൊരു പരിസ്ഥിതി മാറ്റം കുഞ്ഞുങ്ങൾക്ക് പൊരുത്തപെടാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ചെറിയ പാത്രത്തിലെ വെള്ളത്തിൽ കുറച്ചുനേരം വച്ചശേഷം, ഊഷ്മാവിന്റെ സ്ഥിതി ത്വരിതമായി കഴിഞ്ഞാൽ നഴ്സറി കുളങ്ങളിൽ 2-3 ആഴ്ചയോളം വളർത്തി, അടുത്ത ഘട്ടത്തിൽ പ്രധാന സ്രോതസ്സിലേക്ക് വിടാം.

ചെമ്മീൻ കുഞ്ഞുങ്ങളുടെ ഭക്ഷണം ആർടീമിയ എന്ന സൂക്ഷ്മജീവിയാണ്. ഈ ജീവി സൂക്ഷമമാണെങ്കിലും വില വലുതാണ്. അതുകൊണ്ട് കക്കയിറച്ചിയോ, പുഴുങ്ങിയ മുട്ടയുടെ മഞ്ഞയോ , ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് കിട്ടുന്ന മറ്റ് സംയുക്താഹാരങ്ങളോ ചെറിയ തരികളാക്കി തീറ്റയായി ഇട്ടുകൊടുക്കാം. കൃഷിചെയ്യുന്ന ജലസ്രോതസിൽ എല്ലായ്പ്പോഴും 2.5 അടിയോളം വെള്ളം ഉണ്ടായിരിക്കണം. കൂടാതെ ജലത്തിന്റെ ആകെയുള്ള ഗുണനിലവാരം ത്വരിതപ്പെടാൻ, ജലത്തിന്റെ ഏറ്റ ഇറക്കം അനുവദനീയമാക്കുകയാണുവേണ്ടത്. തീറ്റ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, സ്രോതസ്സിലെ ചെമ്മീനിന്റെ അളവിന്റെ 5 മുതല്‍ 12% വരെ തീറ്റ ഇട്ടുകൊടുക്കണം. ചെമ്മീൻ കുഞ്ഞുങ്ങളെ അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ എത്തുന്നതിനനുസരിച്ച് സംയുക്താഹാരം നൽകാവുന്നതാണ്. ഇതിൽ 30% ത്തോളം മാംസ്യം ഉണ്ടായിരിക്കേണ്ടതാണ്.
അറവുശാലകളിൽ നിന്നും സംസ്ക്കരണശാലകളിൽ നിന്നും പുറംതള്ളുന്ന മത്സ്യാവശിഷ്ടങ്ങൾ എന്നിവയും മരച്ചീനിപ്പൊടി, തവിട്, നിലക്കടലപ്പിണ്ണാക്ക് കൂടാതെ കാലിത്തീറ്റയിൽ ചേരുവകളായ വിറ്റാമിനുകളും മീനെണ്ണയും ധാതുലവണങ്ങൾ തുടങ്ങിയവയും സംയുക്താഹാര നിർമ്മാണത്തിന് ഉപയോഗിക്കാം.

ചെമ്മീൻ കൃഷിക്ക് വെല്ലുവിളിയായി വരുന്നത് അവക്കുണ്ടാകുന്ന രോഗങ്ങളാണ്. അതുതന്നെ പലതരത്തിലുള്ള അണുബാധകൾ കാരണമോ വരാനിടയുളളവയാണ്.

  1. ബാക്ടീരിയൽ രോഗങ്ങൾ: ബാക്ടീരിയൽ രോഗങ്ങൾ, ചെമ്മീനിന്റെ പുറം തോടും അവയവങ്ങളും ജീർണിച്ചു പോവുന്നതിന് കാരണമാകുന്നു.കൂടാതെ ചെകിളകളിൽ മഞ്ഞ കലർന്ന തവിട്ടുനിറവും മാംസത്തിന് ഒരുതരം ഇരുണ്ടനിറമായും സ്രോതസ്സിലുളള അതിന്റെ സഞ്ചാരരീതി അസാധാരണമാവുകയും ചെയ്യുന്നു.
  2. വൈറസ് രോഗങ്ങൾ: വൈറസ് രോഗങ്ങളുടെ പ്രത്യേകത, അവ ബാധിച്ചാൽ രോഗം ബാധിച്ചതായ രീതിയിൽ തോന്നില്ല. പക്ഷേ ക്രമേണ ചെമ്മീനിന് ഇരുണ്ടനിറവും, വളർച്ചാനിരക്കിൽ കുറവും, പുറംതോടിൽ വെള്ള പാടുകളും ഉണ്ടാകുന്നു.

മറ്റ് രോഗങ്ങൾ പൂപ്പൽ മൂലവും പോഷകാഹാരകുറവുമൂലവും ഉണ്ടാകുന്നവയാണ്. പൂപ്പൽ ബാധിച്ചവയിൽ ചെകിള കറുക്കുക, മന്ദഗതിയിൽ ഉളള സഞ്ചാരം, മറ്റ് ചെറുജീവികൾ അവയുടെ ശരീരത്തിൽ പ്രത്യക്ഷപ്പെടുക എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു. പോഷകാഹാരകുറവുമൂലം അവയ്ക്ക് ഇരുണ്ടനിറമുണ്ടാകുകയും മാംസം ജീർണിക്കുകയും ചെമ്മീനിന്റെ വാലിന് രൂപവ്യത്യാസം ഉണ്ടാകുകയും ചെയ്യുന്നു. ഇവക്കുളള നിവാരണമാർഗങ്ങൾ, ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിനുളള മാർഗനിർദേശങ്ങൾ വിദഗ്ധരുടെ പക്കലിൽ നിന്നും നേടിയതിനുശേഷം ആരംഭിക്കാവുന്നതാണ്. കൂടാതെ തീറ്റക്കൊടുക്കുമ്പോൾ ഗുണമേന്മയുളളതും ശുദ്ധമായതും കൊടുക്കണം. അമിതമായി ആഹാരം കൊടുക്കുന്നതും രോഗങ്ങൾക്കിടയാക്കുന്നതുകൊണ്ട് ആഹാരനിയന്ത്രണം അനിവാര്യമാണ്.

മത്സ്യവിഭവങ്ങളുടെ വില ദിനംതോറും വൻതോതിൽ ഉയരുന്നതിനാൽ ചെമ്മീൻ കൃഷി നല്ലൊരു സാമ്പത്തികമാർഗമാണ്. പ്രത്യേകിച്ചും ശുദ്ധജലത്തിൽ ശാസ്ത്രീയമായി കൃഷിചെയ്ത ചെമ്മീനുകൾക്ക്. വിദേശമാർക്കറ്റിലും തദ്ദേശസംരംഭങ്ങളിലും വൻസാധ്യതകളാണു തുറന്നുതരുന്നത്. കയറ്റുമതിക്കാവശ്യമായി വലിയ തോതിൽ ചെമ്മീനുകൾ ആവശ്യമുള്ളവർ കർഷകരോട് വൻതോതിലുള്ള ഉല്പാദനത്തിനായി കരാറുണ്ടാക്കുന്ന രീതിയുമുണ്ട്. ഇതു ചെയ്യുന്നതുമൂലം കർഷകർക്ക് വാണിജ്യത്തിലുളള വിഷമതകൾ അനുഭവിക്കേണ്ടി വരുന്നില്ല. കൂടാതെ ഇപ്പോൾ നിലവിൽ ഉള്ള തദ്ദേശീയ സ്വയംഭരണസ്ഥാപനങ്ങളും സഹകരണത്തോടെ സ്ഥാപനങ്ങളും മുഖേന ഇടനിലക്കാർ ഇല്ലാതെ തന്നെ കച്ചവടമുറപ്പിക്കാനും കഴിയുന്നു.

ചെമ്മീൻ കൃഷി നൂതനമായി ചെയ്യുന്ന ഇടങ്ങളും കേരളത്തിൽ പ്രചാരത്തിലുണ്ട്. ഇസ്രയേൽ ശാസ്ത്രഞ്ജനായ അമിർ സാഗി കേരളത്തിലെ തീരദേശ കർഷകർക്കായി, ശുദ്ധ ജലസ്രോതസുകളിൽ വളർത്താൻ തരത്തിലുള്ള പുതിയ തരം
ആൺ ചെമ്മീനുകളെ ശാസ്ത്രീയമായി ഉല്പാദിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സവിശേഷത പെൺ ചെമ്മീനുകളേക്കാൾ ആറുമാസത്തിനുളളിൽ മൂന്നുമടങ്ങ് വളർച്ചാനിരക്ക് ഈ ആൺ ചെമ്മീനുകൾക്ക് കൂടുതലാണ്. ഈ കണ്ടുപിടിത്തം കേരളത്തിലെ കർഷകർക്ക് പ്രചോദനം നല്‍കുന്നതാണ്. ചെമ്മീനിന്റെ വിപണനസാധ്യതകൾ ലോകത്തെമ്പാടുമായി പരന്നുകിടക്കുന്നു. കേരളത്തിൽ വീട്ടമ്മമാർ മുതൽ വൻകിടസംരംഭങ്ങൾ വരെ ചെമ്മീനിനറെ ഗുണഭോക്താക്കളാണ്. ഒരു വൻകിടസംരംഭം എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ധാരാളം ചെറുപ്പക്കാർ ഈ മേഖലയിലേക്ക് തിരിയുന്നത്. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ കണക്കുപ്രകാരം 2012 വർഷത്തെ അപേക്ഷിച്ച് ഇന്ന് കേരളത്തിൽ മത്സ്യവിഭവങ്ങളുടെ കയറ്റുമതി 30%ത്തോളം വർദ്ധനവുണ്ടെന്നാണ്.

References:

  1. http://timesofindia.indiatimes.com/kerala/New-technology-to-grow-all-male-prawns-in-Kerala/articleshow /47783581.cms?from=mdr

 

Jaya Balan

An aspiring writer and activist on gender issues.