മഴക്കാല രോഗമായ പഞ്ഞിപ്പു രോഗം ചെമ്മീൻ കർഷകരുടെ പേടിസ്വപ്നം; മുൻകരുതലുകൾ ഇവയാണ്
ചെമ്മീൻ കർഷകരുടെ പേടിസ്വപ്നമാണ് മഴക്കാല രോഗമായ പഞ്ഞിപ്പു രോഗം. ക്രോണിക് സോഫ്റ്റ് ഷെല്‍ സിന്‍ഡ്രോം എന്ന ഈ രോഗം എല്ലാ വര്‍ഷവും മഴക്കലത്തിന്റെ തുടക്കത്തിലാണ് പ്രത്യക്ഷപ്പെടുക പതിവ്. കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, വനാമി ചെമ്മീന്‍, ശുദ്ധജല കൊഞ്ചുകളിൽ എന്നിവയിലെല്ലാ പഞ്ഞിപ്പു രോഗം കണ്ടുവരുന്നു. ചെമ്മീനുകളുടെ ആയുർദൈർഘ്യം നന്നെ കുറച്ച് കർഷകർക്ക് സാമ്പത്തിക ബാധ്യത വരുത്തിവക്കുന്ന ഈ രോഗത്തിനെതിരെ മുൻകരുതൽ എടുക്കേണ്ടത് പ്രധാനമാണ്.
വളർച്ചയുടെ ഭാഗമായി ചെമ്മീൻ അതിന്റെ പുറംതോട് ഇളക്കിക്കളയുകയും രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ കട്ടിയുള്ള ബാഹ്യകവചം രൂപപ്പെടുകയും ചെയ്യുക പതിവാണ്. മോള്‍ട്ടിങ് അഥവാ തോടിളക്കല്‍ എന്നാണ് ഈ പ്രക്രിയക്ക് പറയുന്ന പേര്. പുതിയ ബാഹ്യകവചം രൂപപ്പെടുന്നതുവരെ ചെമ്മീന്റെ പുറം പഞ്ഞിപോലെ മൃദുവായിരിക്കും.
എന്നാൽ ദിവസങ്ങളോളം ബാഹ്യകവചം കട്ടിയാകാതെ പഞ്ഞിപോലെ തുടരുന്നതാണ് പഞ്ഞിപ്പുരോഗത്തിന്റെ പ്രധാന ലക്ഷണം. ഈ രോഗം പിടിപെടുന്ന ചെമ്മീനുകള്‍ ദുർബലരായും ചലനശേഷി നന്നേ കുറഞ്ഞും കാണപ്പെടുന്നു. ഇവ മറ്റു ചെമ്മീനുകളുടെ ഭക്ഷണമാകുകയോ ബാക്ടീരിയ, ഫംഗസ് ബാധകൾക്ക് ഇരയാകുകയോ ചെയ്യും. ചെമ്മീന്റെ മധ്യഉദര ഗ്രന്ഥിയില്‍നിന്ന് പുറംതോട് നിര്‍മാണത്തിനാവശ്യമായ കാത്സ്യവും ഫോസ്ഫറസും ബാഹ്യകവചത്തില്‍ എത്താത്തതാണ് പഞ്ഞിപ്പു രോഗത്തിന് കാരണം.
കുളങ്ങളിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ കുറവോ അനുപാതത്തിലെ വ്യതിയാനമോ പഞ്ഞിപ്പു രോഗത്തിന് കാരണമാവാം. വെള്ളത്തില്‍ ലവണാംശം പൊടുന്നനെ കുറയുന്നതും പഞ്ഞിപ്പു രോഗം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. തീറ്റയില്‍ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അപര്യാപ്തത, തെറ്റായ അനുപാതം എന്നിവയും പഞ്ഞിപ്പുരോഗത്തിന് കാരണമാവും. പോഷകാഹാരക്കുറവ്, കീടനാശിനികളുടെ സാന്നിധ്യം, ജലത്തിന്റെ ഗുണനിലവാരക്കുറവ് എന്നിവയും പഞ്ഞിപ്പു രോഗമുണ്ടാക്കാം.
ആരോഗ്യകരമായ ചുറ്റുപാടുകളില്‍ ചെമ്മീനുകളെ വളർത്തുക, പോഷകഗുണമുള്ള തീറ്റ നല്‍കുക, മണ്ണിന്റെയും ജലത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുക, കനത്ത മഴയ്ക്ക് മുമ്പേ വിളവെടുപ്പ് നടത്തുക, തീറ്റയില്‍ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അനുപാതം 1:1 നും 1:1.5 നും ഇടയില്‍ നിലനിര്‍ത്തുക എന്നിവയാണ് പഞ്ഞിപ്പു രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍.
Also Read: ഇത് നാളെയുടെ കൃഷിരീതി, വെർട്ടിക്കൽ കൃഷി നൽകുന്ന ഹരിത വാഗ്ദാനം
Image: pixabay.com