രാജ്യാന്തര വിപണിയിൽ ബ്രസീലിയൻ, ശ്രീലങ്കൻ കുരുമുളകിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ഇന്ത്യൻ കുരുമുളക്
രാജ്യാന്തര വിപണിയിൽ ബ്രസീലിയൻ, ശ്രീലങ്കൻ കുരുമുളകിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ഇന്ത്യൻ കുരുമുളക്. വിയറ്റ്‌നാമിൽനിന്നു ശ്രീലങ്കവഴി ഇറക്കുമതി ചെയ്യുന്ന കുരുമുളക് ആഭ്യന്തര വിപണിക്കു കടുത്ത ആഘാതമേൽപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബ്രസീലിൽ നിന്നുള്ള കുരുമുളകു ഇറക്കുമതിയെക്കുറിച്ചുള്ള റിപ്പോർട്ടും അടുത്തിടെ പുറത്തു വന്നത്. രാജ്യാന്തര വിപണിയിലെ കിടമത്സരത്തിൽ ഇന്ത്യൻ കുരുമുളക് കിതക്കുമ്പോൾ കേരളത്തിലെ കുരുമുളക് കർഷകർ ആശങ്കയിലാണ്.
ഈ വർഷമാദ്യം രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലുമുണ്ടായ ഭീമമായ വിലത്തകർച്ച കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിയിട്ടിരുന്നു.നിലവിൽ ഗാർബിൾഡ് കുരുമുളകിന്റെ വില ക്വിന്റലിന് 40,800 രൂപവരെ താഴ്‌ന്നിരിക്കുകയാണ്. അൺ ഗാർബിൾഡ് കുരുമുളകിന്റെ വില 38,800 രൂപയും. കഴിഞ്ഞ മാസം ഈ സമയത്തു ഗാർബിൾഡ് കുരുമുളകിന്റെ വില ക്വിന്റലിന് 42,100 രൂപയും അൺ ഗാർബിൾഡ് കുരുമുളകിന്റെ വില 40,100 രൂപയുമായിരുന്ന സ്ഥാനത്താണിത്.
വിപണിയിൽ കുരുമുളകിന്റെ ലഭ്യത കുറയാനും വിലത്തകർച്ച കാരണാമായി. വിളവെടുപ്പു നടക്കുന്നതിനാൽ വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിൽ കുരുമുളകിന്റെ ലഭ്യത ഉയരാനാണു സാധ്യത. എന്നാൽ ഇത് വില വീണ്ടും വിലയിടിക്കുമെന്ന ആശങ്കയിലാണ് കർഷകരും വ്യാപാരികളും. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകിന് 6,500 യുഎസ് ഡോളർ വിലയുള്ളപ്പോൾ വിയറ്റ്‌നാമിന്റെ നിരക്ക് 3,200 ഡോളർ മാത്രമാണ്.
ബ്രസീൽ 3,500 ഡോളറിനും ശ്രീലങ്ക 4,500 ഡോളറിനും ഇന്തൊനീഷ്യ 3,800 ഡോളറിനും കുരുമുളക് വിൽക്കുമ്പോൾ ഇന്ത്യൻ കുരുമുളക് കിതക്കുകയാണ്.
Also Read: കറിവേപ്പിന്റെ വില പോലും ഇല്ലെന്നാണോ! എന്നാൽ കറിവേപ്പില കൃഷി അത്ര മോശം കാര്യമല്ല
Image: pixabay.com