[ഭാഗം – 1] കാട വളര്‍ത്തലില്‍ ഒരു കൈ നോക്കാം

കാട്ടിനുള്ളിൽ യദേഷ്ടം വിഹരിച്ചുനടന്നിരുന്ന കാടകൾ എന്ന കാട്ടുപക്ഷികൾ വളർത്തുപക്ഷികളും പിന്നീട് പണം തരും ലാഭപക്ഷികളും ആയി പരിണമിച്ചത് പൗൾട്രി സയൻസിന്റെ ചരിത്രത്തിലെ നീണ്ട ഒരു അദ്ധ്യായമാണ്. “ആയിരം കോഴിക്ക് അരക്കാട”യെന്ന പഴമൊഴി വെറും വാക്കല്ല. ഇറച്ചിയുടെയും മുട്ടയുടെയും മേന്‍മയില്‍ എപ്പോഴും ഒരു പടി മുന്നിലാണ് കാടകള്‍. ഇത്തിരിമുട്ടയെങ്കിലും പോഷകസമൃദ്ധയിൽ മുന്നിലായതിനാൽ കാടമുട്ട അറിയപ്പെടുന്നത് തന്നെ ന്യൂട്രിയൻറ് ബോംബ് എന്ന ഓമനപ്പേരിലാണ്. കുറഞ്ഞ മുതല്‍മുടക്കില്‍ ഏറ്റവും ലളിതമായ പരിപാലന മുറകള്‍ സ്വീകരിച്ച് വേഗത്തില്‍ വരുമാനമുണ്ടാക്കാവുന്ന ഒരു മൃഗസംരക്ഷണസംരംഭം കൂടിയാണ് കാട വളര്‍ത്തല്‍. ഇറച്ചി കാടകളെയും മുട്ട കാടകളെയും പ്രത്യേകം പ്രത്യേകം വളർത്തിയും, കാടമുട്ടയും ഇറച്ചിയും ഉപയോഗിച്ച് വൈവിധ്യങ്ങളായ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിച്ചും, കാടമുട്ടകൾ വിരിയിപ്പിക്കുന്ന ഹാച്ചറികൾ നടത്തിയും, കാടകുഞ്ഞുങ്ങളെ വിപണിയിൽ എത്തിക്കുന്ന നേഴ്സറികൾ നടത്തിയുമെല്ലാം ആദായമുണ്ടാക്കുന്ന സംരംഭകർ ഇന്ന് കേരളത്തിലുണ്ട്. ഇത്തിരി പക്ഷികളാണെങ്കിലും വിവിധ സംരംഭകസാധ്യതകൾ തുറക്കുന്നതും ഒത്തിരി വരുമാനം നേടിത്തരുന്നതുമായ ലാഭപക്ഷികളാണ് കാടകൾ എന്ന് ചുരുക്കം.

Also Read: വീടുകളിൽ കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ)

കാടവളർത്തൽ നേട്ടങ്ങൾ ഏറെ

കൂടുതൽ എണ്ണം കാടകളെ വളർത്താൻ വേണ്ട കുറഞ്ഞ സ്ഥല ആവശ്യകത, കുറഞ്ഞ അധ്വാനഭാരം, തീറ്റ, മരുന്നുകൾ ഉൾപ്പെടെ പരിമിതമായ പരിപാലനച്ചിലവ്, കാടകളുടെ ചുരുങ്ങിയ ജീവിതചക്രം, കുറഞ്ഞ സമയത്തിനുള്ളിൽ ആദായം കിട്ടി തുടങ്ങൽ എന്നിവയെല്ലാമാണ് കാടവളർത്തലിന്റെ മുഖ്യ ആകർഷണങ്ങൾ. ഒരു കോഴിയെ വളര്‍ത്താന്‍ ആവശ്യമായ സ്ഥലത്ത് 5-6 കാടകളെ എളുപ്പം വളര്‍ത്താം. ദിവസം 25-30 ഗ്രാം തീറ്റ മാത്രമാണ് ഒരു കാടയ്ക്ക് വേണ്ടത്. കാടകളുടെ കുറഞ്ഞ രോഗനിരക്കും ഉയർന്ന രോഗപ്രതിരോധശേഷിയും കാലാവസ്ഥാ അതിജീവനശേഷിയും സംരംഭത്തിന്റെ കുറഞ്ഞ നഷ്ടസാധ്യതയുമെല്ലാം കാടവളര്‍ത്തൽ സംരംഭത്തിന്റെ നേട്ടങ്ങളാണ്. നിരവധി ഇനം വളർത്തുകാടകൾ ഉണ്ടെങ്കിലും ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പ്രയോജപ്പെടുത്താവുന്ന ജപ്പാൻ കാടകളാണ് ഏറെ ജനപ്രിയം. ഇറച്ചിക്കും (ബ്രോയിലർ) മുട്ടയ്ക്കുമായി (ലയെർ) പ്രത്യേകം പ്രത്യേകം ഉരുത്തിരിച്ചെടുത്ത സങ്കരയിനം കാടയിനങ്ങളും ഇന്ന് വിപണിയിലുണ്ട്. ഉദാഹരണത്തിന് തമിഴ്നാട് വെറ്ററിനറി സർവ്വകലാശാല വികസിപ്പിച്ച നാമക്കൽ ഇനം കാടകൾ മാംസോത്പാദനത്തിനാണ് പ്രശസ്തം , മാനുവൽ ഹാച്ചറി വികസിപ്പിച്ച M.L.Q-2 കാടകൾ മുട്ടയുത്പാദനത്തിന് അനിയോജ്യമാണ്.

ഇറച്ചിക്കാടകളെ 5-6 ആഴ്ച പ്രായമെത്തുമ്പോൾ വിപണിയിൽ എത്തിക്കാം. 6-7 ആഴ്ച പ്രായമെത്തുമ്പോൾ തന്നെ കാടകൾ മുട്ടയിടാൻ ആരംഭിക്കുമെന്ന് മാത്രമല്ല വർഷത്തിൽ മുന്നൂറോളം മുട്ടകൾ കിട്ടുകയും ചെയ്യും. പുരയിടത്തിലെ സമ്മിശ്ര മൃഗപരിപാലനസംരംഭങ്ങളിൽ 100 മുതല്‍ 500 കാടകളെ വരെ ഏറ്റവും എളുപ്പത്തില്‍ വളര്‍ത്താം. 100 മുട്ട കാടകളിൽ നിന്നും പ്രതിദിനം ശരാശരി 80 മുട്ടകൾ വരെ കിട്ടും. മുട്ടയുൽപ്പാദനമാണ് ലക്ഷ്യമെങ്കിൽ, മൂന്ന്, നാലാഴ്ച പ്രായമെത്തിയ പിട കാട കുഞ്ഞുങ്ങളെ വളര്‍ത്താനായി വാങ്ങുന്നതാണ് അഭികാമ്യം. ഒരു ദിവസം പ്രായമുള്ള കാടകുഞ്ഞുങ്ങളെയും വിപണിയിൽ ലഭിക്കുമെങ്കിലും ഇവയ്ക്ക് ആവശ്യമായ ബ്രീഡിങ് ക്രമീകരണങ്ങൾ ഒരുക്കേണ്ടതും പൂവൻ, പിട കാടകളെ വേർതിരിച്ചറിയുന്നത് വരെ പൂവൻ കാടകളെ പരിപാലിക്കേണ്ടിവരുന്നതും സംരംഭകന് അധിക ചിലവാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ഫാമുകളില്‍ നിന്നോ സര്‍വ്വകലാശാല ഫാമുകളില്‍ നിന്നോ മികച്ച കാടക്കുഞ്ഞുങ്ങളെ ലഭിക്കും.

Also Read: വളര്‍ത്തുപക്ഷി വ്യവസായം: രീതികളും സാധ്യതകളും ഇന്ത്യന്‍ സാഹചര്യത്തില്‍

കാടകൾക്ക് കൂടൊരുക്കുമ്പോൾ

വീടിന്റെ ചായ്പിലോ, ഓട്, ഓല, അലുമിനിയം ഷീറ്റ് എന്നിവ മേല്‍ക്കൂരയായി നിര്‍മ്മിച്ച് പ്രത്യേകം ഷെഡ്ഡ് ഉണ്ടാക്കി മുറ്റത്തോ, മട്ടുപ്പാവിലോ കാട വളര്‍ത്താം. ശുദ്ധജലലഭ്യതയും വൈദ്യുതിലഭ്യതയും ഉള്ള സ്ഥലമാണ് ഷെഡ്ഡ് നിർമിക്കാൻ തിരഞ്ഞെടുക്കേണ്ടത്. ഷെഡിന്റെ നീളം കൂടിയ വശം കിഴക്ക് പടിഞ്ഞാറ് ദിശയിൽ ആവുന്നതാണ് അഭികാമ്യം. മേല്‍ക്കൂര അലൂമിനിയം ഷീറ്റുകൊണ്ടാണെങ്കില്‍ മേല്‍ക്കൂരയ്ക്ക് കീഴേ തെങ്ങോല മടഞ്ഞോ ഗ്രീന്‍ നെറ്റുകൊണ്ടോ ഒരു അടിക്കൂര ഒരുക്കിയാല്‍ ഉഷ്‌ണസമ്മര്‍ദ്ദം കുറയ്ക്കാം. കമ്പികൊണ്ടുള്ള ചെറിയ കൂടുകളിലാക്കി കേജ്‌ രീതിയിലോ കോൺക്രീറ്റ് തറയിൽ അറക്കപ്പൊടിയോ ചിന്തേര് പൊടിയോ വിരിച്ച് കാടകൾ പറന്നുപോവാത്ത ഉയരത്തിൽ നെറ്റ് കെട്ടി ഡീപ്പ് ലിറ്റർ /വിരിപ്പ് രീതിയിൽ ഷെഡിനുള്ളിൽ തുറന്നുവിട്ടോ ഇറച്ചിക്കാടകളെ വളർത്താം. മുട്ടക്കാടകളെ കമ്പിവലകൊണ്ട് പ്രത്യേകം തയ്യാറാക്കിയ കൂടുകള്‍ ഒന്നിനു മുകളില്‍ ഒന്നായോ കോണിപ്പടിയുടെ മാതൃകയിലോ ക്രമീകരിച്ച് കോളനി കേജ്‌ രീതിൽ വളര്‍ത്തുന്നതാണ് അഭികാമ്യം. മുട്ടകൾ ലിറ്ററിനുള്ളിൽ ഒളിപ്പിക്കുന്നത് കാടകളുടെ സഹജസ്വഭാവമായതിനാൽ വിരിപ്പ് രീതി മുട്ടക്കാടകൾക്ക് അനിയോജ്യമല്ല. കുറഞ്ഞ സ്ഥലത്ത് കൂടുതൽ എണ്ണത്തെ വളർത്താനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പറക്കുന്നത് മൂലമുള്ള ഊർജനഷ്ടം ഒഴിവാക്കാനും കേജ്‌ രീതി സഹായിക്കും. കൂടുകള്‍ തട്ടുകളായാണ് ക്രമീകരിക്കുന്നതെങ്കില്‍ തട്ടുകളുടെ എണ്ണം നാലില്‍ കൂടാതിരിക്കണം.

ഒരു മുതിർന്ന കാടക്ക് നിൽക്കാൻ കൂട്ടിൽ 150-200 ച. സെമീ. തറസ്ഥലം മതി. അതായത്, ഒരു ചതുരശ്രയടി സ്ഥലത്ത് 5-6 മുതിർന്ന കാടകളെ വരെ പാർപ്പിക്കാം. 4 അടി നീളവും 2.5 അടി വീതിയും ഒരടി ഉയരവും ഉള്ള 10 ചതുരശ്രയടി വിസ്തീർണ്ണമുള്ള കൂട്ടിൽ 50 കാടകളെയും 7 അടി നീളവും 3 അടി വീതിയും ഒരടി ഉയരവും ഉള്ള 21 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു കൂട്ടില്‍ 100-105 മുട്ടക്കാടകളെയും പാർപ്പിക്കാം. ഇരുമ്പ് അല്ലെങ്കിൽ തെങ്ങിന്‍റേയോ കവുങ്ങിന്‍റേയോ തടി കൊണ്ടുള്ള ഫ്രെയ്മിൽ കമ്പി വല ഉപയോഗിച്ച് കൂടുകൾ തയ്യാറാക്കാം. അടിവശത്ത് അരയിഞ്ച് (1.25 cm ) സമചതുരത്തിലുള്ളതും വശങ്ങളും മുകള്‍ ഭാഗവും 3 * 1 (7.5 cm * 2.5 cm ) ഇഞ്ച് ചതുരത്തിലുള്ളതുമായ കമ്പിവല/ ഫൈബർ വല ഉപയോഗിച്ചാണ് കൂട് ഒരുക്കേണ്ടത്. തീറ്റ നൽകുന്നതിനായി 4 ഇഞ്ചും, കുടിവെള്ളത്തിനായി 3 ഇഞ്ചും വ്യാസമുള്ള നെടുകെ പകുതിയായി പിളര്‍ന്ന പി.വി.സി. പൈപ്പ് കഷ്ണങ്ങൾ രണ്ടറ്റവും അടച്ച് കൂടിന്‍റെ പുറത്ത് വശങ്ങളില്‍ ക്രമീകരിക്കാം. കുടിവെള്ളത്തിന് ഓട്ടോമാറ്റിക് നിപ്പിൾ ഡ്രിങ്കിങ് സംവിധാനവും ക്രമീകരിക്കാം. രണ്ട് തട്ടുകള്‍ക്കിടയില്‍ 6-8 ഇഞ്ച് സ്ഥലം നല്‍കുന്നതിനൊപ്പം കാഷ്ടം ശേഖരിക്കുന്നതിനായി പ്ലാസ്റ്റിക് ട്രേയും ക്രമീകരിക്കണം. കാഷ്ടം ശേഖരിക്കുന്നതിനായി കൂടിനടിയില്‍ ക്രമീകരിക്കുന്ന ട്രേയിൽ അറക്കപ്പൊടിയോ ചിന്തേര് പൊടിയോ വിതറുന്നത് വൃത്തിയാക്കല്‍ എളുപ്പമാക്കുകയും നല്ല ജൈവവളം ലഭ്യമാക്കുകയും ചെയ്യും.

ഇരപിടിയൻമാരിൽ നിന്നും കാടകളെ രക്ഷിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ മുട്ട ശേഖരിക്കുന്നതിന് എഗ്ഗർ ചാനൽ, മുടക്കമില്ലാതെ കുടിവെള്ളം നൽകുന്നതിനായി നിപ്പിൾ ഡ്രിങ്കർ, അളവനുസരിച്ച് തീറ്റ നൽകുന്നതിനുള്ള ഫീഡറുകൾ, കൂട് വൃത്തിയാക്കുന്നതിനും കാടവളം ശേഖരിക്കുന്നതിനുമുള്ള ട്രേകൾ തുടങ്ങിയ സംവിധാനങ്ങൾ എല്ലാം ക്രമീകരിച്ച ജി. ഐ. പൈപ്പിൽ പ്രത്യേകം ഡിസൈൻ ചെയ്ത റെഡിമെയ്‌ഡ്‌ ഹൈടെക് കാട കൂടുകളും ഇന്ന് വിപണിയിൽ സുലഭമാണ്. നിശ്ചിത എണ്ണം കാടകളെ വളർത്തുന്നതിനായി പ്രത്യേകം പ്രത്യേകം കൂടുകളുണ്ട്. വളർത്താൻ ഉദ്ദേശിക്കുന്ന കാടകളുടെ എണ്ണം ,കാടകളുടെ പ്രായം, ജനുസ്സിനെ സ്വഭാവം തുടങ്ങിയ കാര്യങ്ങൾ റെഡിമെയ്‌ഡ്‌ കൂടുകൾ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കണം. ഈ കൂടുകൾ വാങ്ങാൻ അല്പം ചിലവേറുമെങ്കിലും ദീർഘനാൾ നിലനിൽക്കുമെന്നതിനാലും പരിപാലനം എളുപ്പമാക്കുന്നെന്നതിനാലും സംരംഭകന് പൊതുവെ ഗുണകരമാണ്. ഇത്തരം കൂടുകൾ ലഭ്യമാക്കുന്ന നിരവധി ഏജൻസികൾ ഇന്ന് സംസ്ഥാനത്തൊട്ടാകെയുണ്ട്. അധിക ശബ്ദങ്ങൾ ഒന്നുമില്ലാത്ത ശാന്തമായ സ്ഥലങ്ങളിൽ വേണം കാടകൾക്ക് കൂടൊരുക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ചുറ്റുപാടുകളോട് വേഗത്തിൽ പ്രതികരിക്കുകയും പെട്ടെന്ന് ഭയചകിതരാവുകയും ചെയ്യുന്ന പക്ഷികളായതിനാൽ അമിത ശബ്ദങ്ങൾ മുട്ടയുൽപ്പാദനം കുറയ്ക്കുമെന്ന് മാത്രമല്ല കൂട്ടമായി മരണപെടുന്നതിന് വരെ കാരണമാവും.

Also Read: വളര്‍ത്തു പക്ഷികളുടെ ജീവനെടുക്കുന്ന സാൽമൊണെല്ലോസിസ് രോഗത്തിനെതിരെ മുൻകരുതലെടുക്കാം

കാടയുടെ തീറ്റയൊരുക്കുമ്പോൾ

കാടവളർത്തലിന്റെ 70 ശതമാനം ചിലവും തീറ്റക്ക് വേണ്ടിയാണ്. കാടകളെ അവയുടെ പ്രായം അനുസരിച്ച് ചിക്ക് (0-3 ആഴ്ച പ്രായം), ഗ്രോവർ (3-6 ആഴ്ച ) , ലയർ (6 ആഴ്ചയ്ക്ക് മുകളില്‍) എന്നിങ്ങനെ തരം തിരിക്കാം. കാടകള്‍ക്ക് പ്രത്യേകമായുള്ള സ്റ്റാര്‍ട്ടര്‍ (0-3 ആഴ്ച പ്രായം ), ഗ്രോവര്‍ (3-6 ആഴ്ച പ്രായത്തിൽ ), ലയര്‍ (6 ആഴ്ചയ്ക്ക് മുകളില്‍) തീറ്റകള്‍ വിപണിയിലുണ്ട്. സ്റ്റാര്‍ട്ടര്‍, ഗ്രോവര്‍ തീറ്റ ലഭ്യമല്ലെങ്കില്‍ ബ്രോയിലർ കോഴികളുടെ സ്റ്റാർട്ടർ തീറ്റ ആറാമത്തെ അഴ്ചവരെ കാടകള്‍ക്ക് നല്‍കാം. മുടക്കമില്ലാതെ മുട്ട കിട്ടണമെങ്കിൽ വിപണിയിൽ ലഭ്യമായ മുട്ടത്തീറ്റ/ലെയർ തീറ്റ ഒരു കാടക്ക് 25-30 ഗ്രാം എന്ന അളവിൽ ആറാഴ്ച പ്രായമെത്തിയത് മുതൽ നിത്യവും നൽകണം. കാടകളുടെ ലെയർ തീറ്റ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്കപൊടിച്ചത് ചേര്‍ത്ത് മുട്ടക്കാടകളുടെ തീറ്റ തയ്യാറാക്കാം. 47-50 കിലോ ബ്രോയിലര്‍ സ്റ്റാർട്ടർ തീറ്റയില്‍ 3 കിലോ കക്കപ്പൊടി ചേർത്ത് തീറ്റ തയ്യാറാക്കാം. 52-54 ആഴ്ച വരെയുള്ള മുട്ടയുൽപ്പാദനകാലയളവിൽ ഏകദേശം 8-9 കിലോ മുട്ടത്തീറ്റ ഒരു കാട കഴിക്കും. ഒരു കിലോ കാടത്തീറ്റക്ക് ഇന്ന് വിപണിയിൽ 28-30 രൂപയോളം വിലയുണ്ട്. ഇതിൽ നിന്നും ചിലവിന്റെ ഏകദേശ കണക്ക് മനസ്സിലാക്കാമല്ലോ.

ലെയർ തീറ്റക്കൊപ്പം കുറഞ്ഞ അളവിൽ ഗുണമേന്മയുള്ള തീറ്റപ്പുല്ലും പച്ചിലകളും അസോളയും അരിഞ്ഞിട്ട് നൽകിയാൽ കാടകൾ ഹാപ്പി. തീറ്റയില്‍ കക്കപ്പൊടിയോ കണവനാക്കോ ചേര്‍ത്ത് നല്‍കുന്നതും മുട്ടക്കാടകളുടെ ഉല്‍പ്പാദനം കൂട്ടാന്‍ സഹായിക്കും. ജീവകം എ, ഡി ,കാൽസ്യം, ഫോസ്‌ഫറസ്‌ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ധാതുജീവക മിശ്രിതങ്ങളും രോഗപ്രതിരോധശേഷി കൂട്ടാൻ ലിവർ ടോണിക്കുകളും കാടകൾക്ക് നൽകാം. ഒപ്പം ശുദ്ധജലം 24 മണിക്കൂറും കൂട്ടില്‍ ഉറപ്പാക്കണം. കാടകളുടെ മുട്ടയുൽപ്പാദനത്തിന് സമീകൃതത്തീറ്റ മാത്രം നൽകിയാൽ പോര, ഒപ്പം വെളിച്ചവും ആവശ്യമുണ്ട്. മുടക്കമില്ലാതെ മുട്ടയിടാൻ 12 മണിക്കൂർ പകൽ വെളിച്ചം ഉൾപ്പെടെ 14-16 മണിക്കൂർ വെളിച്ചം ദിവസം കാടകൾക്ക് വേണ്ടതുണ്ട്. ഇതിനായി ഷെഡ്ഡില്‍ സി. എഫ്. എൽ. ലൈറ്റുകൾ ക്രമീകരിക്കണം. കൃത്രിമവെളിച്ചം നൽകുന്ന സമയം അധികമായാലും അപകടമാണ്. ഇത് കാടകൾ തമ്മിലുള്ള കൊത്തുകൂടൽ അധികരിക്കുന്നതിനിടയാക്കും എന്ന കാര്യം ഓർക്കണം.

(തുടരും…)

Also Read: ആനന്ദത്തോടൊപ്പം ആദായവും പകരുന്ന പ്രാവ് വളർത്തലിൽ മൊയ്തീൻ ശ്രദ്ധ നേടുന്നു

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]