മത്തൻ വളർത്താൻ സിമ്പിളാണ്; പോഷക ഗുണത്തിൽ പവർഫുള്ളും; മത്തൻ കൃഷി ചെയ്യുമ്പോൾ
മത്തൻ വളർത്താൻ സിമ്പിളാണ്; പോഷക ഗുണത്തിൽ പവർഫുള്ളും; പാടത്തും പറമ്പിലും അടുക്കളത്തോട്ടത്തിലും ടെറസിലും മത്തൻ കൃഷി ചെയ്യാം. തണൽ വേണ്ടയിടങ്ങളിലാണെങ്കിൽ വള്ളി പോലെ പടർത്തിയും കൃഷി ചെയ്യാം. രാസവളങ്ങളൊന്നും ചേർക്കേണ്ട ആവശ്യമില്ലാത്ത മത്തൻ പൂർണമായും ജൈവകൃഷി രീതിയിലൂടെ വിളയിച്ചെടുക്കാവുന്ന പച്ചക്കറിയാണ്.
കൃഷി ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകൾ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനൽക്കാലത്ത് തടമെടുത്തുമാണ് കൃഷിചെയ്യേണ്ടത്. രണ്ട് മീറ്റർ ഇടയകലം നൽകി വരികൾ തമ്മിൽ നാലര മീറ്റർ അകലത്തിൽ നിർമ്മിക്കുന്ന തടങ്ങളിൽ വിത്തുകൾ വിതയ്ക്കാം. ഇതല്ലെങ്കിൽ വിത്തുകൾ പാകി തൈകൾ മുളപ്പിച്ചും മാറ്റി നടാവുന്നതാണ്. വിത്തുകൾ നടുന്നതിന് മുൻപ് ആറു മണിക്കൂർ വെള്ളത്തിൽ മുക്കി വക്കുന്നത് നല്ലതാണ്.
കുഴികളിൽ പച്ചില വളമോ ചാണകമോ മേൽമണ്ണുമായി കലർത്തി ഒരു തടത്തിൽ നാലോ അഞ്ചോ വിത്തുകൾ നടാൻ സാധിക്കും. വിത്ത് മുളച്ചു വന്നതിനു ശേഷം ബലമുള്ള രണ്ടോ മൂന്നോ തൈകൾ ഒഴികെ ബാക്കിയുള്ളവ പിഴുതുമാറ്റണം. മണ്ണും മണലും ചാണകവുമായി കൂട്ടിക്കലർത്തി പോളിത്തീൻ കവറുകളിലും വിത്തുകൾ നടാം. ഇങ്ങനെ നടുന്ന വിത്തുകൾ മുളച്ച് രണ്ടില പരുവമാകുമ്പോൾ കവർ പൊട്ടിച്ച് വേര് പൊട്ടാതെ ഉണ്ടാക്കപ്പെട്ടിട്ടുള്ള തടങ്ങളിലേക്ക് മാറ്റി നടാം. ഉണങ്ങിയ ചാണകം, ആട്ടിൻ കാഷ്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിൻ പിണ്ണാക്ക് എന്നിവ വളമായി ഉപയോഗിക്കം.
അമ്പിളി, സരസ്, അർക്കാ സൂര്യമുഖി, അർക്ക ചന്ദ്രൻ തുടങ്ങിയവയാണ് കർഷകർക്കിടയിൽ ഏറെ പ്രചാരമുള്ള ഇനങ്ങൾ. മത്തൻ പൂവിട്ടു തുടങ്ങുമ്പോൾ കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്) തടത്തിൽ ഇട്ടുകൊടുക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ മത്തന്റെ നാമ്പ് നുള്ളി വിടുന്നത് കൂടുതൽ തണ്ടുകൾ വളരാൻ സഹായിക്കും. മത്തന്റെ പ്രധാന ശത്രുവായ കായീച്ചകളിൽ നിന്ന് ഉണങ്ങിയ കരിയില കൊണ്ട് മൂടിയിട്ട് കായകൾ സംരക്ഷിക്കാം.