വ്രതശുദ്ധിയുമായി റമദാൻ മാസം; നോമ്പുതുറയിൽ ഈ പഴങ്ങളാണ് താരങ്ങൾ

വ്രതശുദ്ധിയുമായി റമദാൻ മാസം, നോമ്പുതുറയിൽ ഈ പഴങ്ങളാണ് താരങ്ങൾ. വിശ്വാസികൾ നോമ്പിന്‌റെ പരീക്ഷണ ദിനങ്ങളിലൂടെ കടന്ന് ശരീരവും മനസും ശുദ്ധീകരിക്കുമ്പോൾ താങ്ങായി പഴവർഗങ്ങളുണ്ട്. നോമ്പുകാലത്ത് ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നതിനാൽ ജലാശം ധാരാളമുള്ള പഴങ്ങൾ നോമ്പുതുറക്കായി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

90 ശതമാനത്തിലധികം ജലാംശമുള്ള തണ്ണിമത്തനാണ് ഇതിൻ മുമ്പൻ. കര്‍ണാടകയിലും തമിഴ്‌നാട്ടിലും വൻതോതിൽ കൃഷി ചെയ്യുന്ന തണ്ണിമത്തൻ വേനൽക്കാലത്ത് കേരളത്തിലേക്ക് ധാരാളമായി എത്താറുണ്ട്. നോമ്പു തുറക്കുമ്പോള്‍ ജ്യുസ് ആയി കഴിയ്ക്കാൻ ഉത്തമമാണ് തണ്ണിമത്തൻ.

സ്‌ട്രോബറിയാണ് തീന്മേശയിലെ മറ്റൊരു പ്രധാനി. ചെറുതെങ്കിലും ജലാംശം ഏറെയുള്ള ഈ ഫലം ഇന്ത്യൻ വിപണിയിൽ ധാരാളമായി ഇറക്കുമതി ചെയ്യുന്നു. മാതള നാരങ്ങയൊട് സാദൃശ്യമുള്ള കാന്‌റലൂപ്പ് ധാരാളം ജലമടങ്ങിയിരിക്കുന്ന പഴമാണ്. അറബ് നാടുകളിൽ പണ്ടു കാലം മുതലേ നോമ്പു തുറയ്ക്ക് ഉപയോഗിക്കുന്ന ഈ പഴത്തിന് കേരളത്തിലും പ്രചാരമുണ്ട്.

മധുര നാരങ്ങ നോമ്പ് തുറയിലെ ഏറ്റവും പ്രധാനപ്പെട്ട പഴമാണ്. 80 ശതമാനത്തിലധികം ജലാംശമുള്ളതിനാൽ ചർമ്മം വരളുന്നത് തടയാനും ഉന്‍മേഷം നിലനിര്‍ത്താനും മധുരനാരങ്ങയ്ക്ക് സാധിക്കും. ദഹനത്തിനും ഉത്തമമായ മധുരനാരങ്ങ കേരളത്തിൽ ഏതു സ്ഥലത്തും സുലഭമായി ലഭിക്കുന്നു. ചര്‍മ്മത്തിനറെ തിളക്കവും നിറവും കൂട്ടാന്‍ സഹായിക്കുന്ന പീച്ച് പഴവും ശരീരത്തിന് നഷ്ടമാകുന്ന ജലാംശം തിരിച്ചു നൽകുന്ന പഴമാണ്.

വിലക്കുറവു കൊണ്ടും ജലാംശം കൊണ്ടും പോഷക ഗുണം കൊണ്ടും ഏറെ ജനകീയനായ പഴമാണ് പൈനാപ്പിള്‍. നോമ്പു തുറക്കുമ്പോള്‍ പൈനാപ്പിള്‍ ജ്യുസ് ആയി ഉപയോഗിക്കാത്തവർ വിരളം. ഓറഞ്ച്, ഏപ്രിക്കോട്ട്, ആപ്പിള്‍,
മുന്തിരി, വാഴപ്പഴം എന്നിവയും നോമ്പു തുറയ്ക്ക് അനുയോജ്യമാണ്.

Also Read: തേയിലത്തോട്ടങ്ങളെ രക്ഷിക്കാൻ 400 കോടിയുടെ പ്രത്യേക പദ്ധതിയുമായി കേന്ദ്രം; ഇടുക്കി ജില്ലയ്ക്കും പ്രത്യേക പാക്കേജ്

Image: unsplash.com