പപ്പായ കൃഷിയിലെ ചുവന്ന സുന്ദരിയായ റെഡ് ലേഡിയെ പരിചയപ്പെടാം
പപ്പായ കൃഷിയിലെ ചുവന്ന സുന്ദരിയായ റെഡ് ലേഡിയെ പരിചയപ്പെടാം. പപ്പായ കർഷകർക്കിടയിൽ ഏറെ പ്രചാരമുള്ള ഒരു സങ്കരയിനമാണ് റെഡ് ലേഡി. പഴത്തിന്റെ ഉള്‍വശം ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറമായതിനാലാണ് റെഡ് ലേഡിയ്ക്ക് ആ പേര് കിട്ടിയത്. നന്നേ ഉയരം കുറഞ്ഞ ഈ ഇനം നട്ട് മൂന്നു മാസത്തിനുളളില്‍ തന്നെ പൂവിടുകയും 4 മുതൽ 5 വരെ മാസങ്ങൾക്കുളളില്‍ വിളവെടുപ്പിന് പാകമാകുകയും ചെയ്യുന്നു.
ഉയരം കുറവായതിനാൽ വിളവെടുപ്പ് കൈകൊണ്ട് നടത്തമെന്നത് റെഡ് ലേഡിയുടെ ജനപ്രീതിയ്ക്ക് കാരണമായി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് റെഡ് ലേഡി ചെടികള്‍ മുളപ്പിക്കാന്‍ അനുയോജ്യം. ഒരു മീറ്റര്‍ വീതിയും അരയടി പൊക്കവുമുള്ള പണകളിലോ ചെറിയ പോളിത്തീന്‍ ബാഗുകളിലോ പപ്പായ വിത്തുകള്‍ പാകാം. നഴ്‌സറിയില്‍ ചാണകപ്പൊടി ചേര്‍ത്ത് അതിനു മീതെ വിത്തു വിതച്ച് പുറത്ത് നേരിയ കനത്തിൽ മണ്ണിട്ടു മൂടണം.
ആവശ്യത്തിന് നനച്ചുകൊടുക്കാൻ ശ്രദ്ധിക്കണം. 2 മാസം പ്രായമാകുമ്പോൾ തൈകള്‍ മാറ്റി നടാം. രണ്ടു മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ സമചതുരത്തില്‍ തയ്യാറാക്കിയ കുഴികളില്‍ പാറമാറ്റിയ മേല്‍മണ്ണും ജൈവവളവും കൂട്ടിയിളക്കിയ മണ്ണ് ഇറച്ച് തൈകൾ വേരുകള്‍ പൊട്ടാതെ മാറ്റിനടണം. മാറ്റി നട്ട് ഒന്നു രണ്ടു മാസം പ്രായമായാല്‍ റെഡ് ലേഡി പപ്പായയുടെ വേരു മുറിയാതെ അല്പം മണ്ണിളക്കി ചെറുതടമാക്കണം.
തുടർന്ന് 10 കിലോ ഗ്രാം ജൈവവളം, 200 ഗ്രാം എല്ലുപൊടിയും കലർത്തി ചുറ്റും വിതറി മണ്ണിട്ടു മൂടുക. 15-20 ദിവസം കഴിഞ്ഞ് 500 ഗ്രാം ചാരം തണ്ടില്‍ നിന്ന് വിട്ട് വിതറിക്കൊടുക്കുയും വേണം. വേനല്‍ക്കാലത്ത് തടത്തില്‍ പുതയിടുന്നത് നല്ലതാണ്. 7 മുതൽ 8 മാസങ്ങൾക്കൊണ്ട് കായ് പറിക്കാറാകും. കായകളുടെ ഇടച്ചാലുകളില്‍ മഞ്ഞനിറം കാണുന്നതാണ് മൂപ്പെത്തുന്നതിന്റെ ലക്ഷണം.
ഒരു മരത്തില്‍ നിന്നും 50 കായകൾവരെ ലഭിക്കും. കിലോയ്ക്ക് 30 രൂപ വരെ റെഡ് ലേഡിയ്ക്ക് വിപണിയിൽ വില കിട്ടാറുണ്ട്. ജീവകം എയുടെ കലവറയായ പപ്പായയിൽ ധാരാളം ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. പണ്ടുകാലം മുതൽക്കേ പലപേരുകളിൽ മലയാളികളുടെ തീൻമേശയിലെ നിത്യസാന്നിധ്യമാണ് പപ്പായ. പുതിയ കാലത്ത് അൽപ്പം ശ്രദ്ധയോടെ പരിചരിച്ചാൽ കർഷകർക്ക് നല്ല ആദായം നേടിത്തരുന്ന കൃഷിയാണ് പപ്പായ കൃഷി.
Image: pixabay.com