പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും ഞാന്‍ ഉണ്ണും
”ഒരു നെന്മണിയില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്നത് ഒരായിരം നെന്മണികള്‍. ഓരോന്നിലും ആയിരം ആയിരങ്ങള്‍. പ്രകൃതിയുടെ ഈ അപരിമേയതയ്ക്ക് മുന്നില്‍, ഈ ഉദാരതയ്ക്കു മുന്നില്‍ നമുക്ക് നമ്രശീര്‍ഷരാവുക…” ഒരു മഹര്‍ഷിയെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കുകയും ജീവിതകാലം മുഴുവനും പരിസ്ഥിതിയെയും മണ്ണിനെയും പ്രണയിക്കുകയും തന്റെ അശ്രദ്ധകൊണ്ട് ഒരു പുല്‍ക്കൊടിത്തുമ്പുപോലും നശിക്കരുതെന്ന് ശഠിക്കുകയും ചെയ്ത മഹായോഗിയായിരുന്ന മസനോബു ഫുക്കുവോക്കയുടെ വാക്കുകളാണിത്. നിലം ഉഴാതെയും കിളക്കാതെയും മണ്ണിനെ വെറുതെയിട്ടിട്ട് അവിടെയെല്ലാം നിറകതിര്‍സമൃദ്ധി സാധ്യമാക്കിയ മഹാമുനിയാണ് ഫുക്കുവോക്ക. നമ്മുടെ മുഖ്യാഹാരമായ നെല്ലിനെക്കുറിച്ച് സഗൗരവം ചിന്തിക്കേണ്ട സമയമാണിത്. സംസ്ഥാന സര്‍ക്കാര്‍ 1192 ചിങ്ങം ഒന്നുമുതല്‍ 1193 ചിങ്ങം ഒന്നുവരെയുള്ള കാലഘട്ടം നെല്‍വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നു. ”നമ്മുടെ നെല്ല് നമ്മുടെ അന്നം” എന്നതാണ് വര്‍ഷാചരണത്തിന്റെ സന്ദേശവാക്യം. നമുക്ക് ആവശ്യമായതൊന്നും നാട്ടില്‍ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും ഉപ്പുതൊട്ട് കര്‍പ്പൂരം വരെ സകലതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നതിനാല്‍ നമുക്ക് ഉപഭോഗസംസ്ഥാനം എന്നൊരു ദുഷ്പേര് ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. മലയാളി കാര്‍ഷികമേഖലയോട് പതുക്കെ വിട പറയുന്ന ഘട്ടത്തിലാണ് ‘ പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും ഞാന്‍ ഉണ്ണും’ എന്ന ഒരു പതിരില്ലാച്ചൊല്ല് നാട്ടിലുണ്ടായത്. മേലങ്ങാതെ കുത്തിയിരുന്ന് ഉണ്ണുന്ന പണി മാത്രമേ ചെയ്യൂ എന്ന് വാശി പിടിക്കുന്ന ഒരു തലമുറയെ പരിഹസിച്ചുകൊണ്ട് പൂര്‍വ്വികരാരോ നടത്തിയ പ്രസ്താവനയായിരിക്കാം അത്. ഏതായാലും അത് ഏറെ അര്‍ത്ഥപൂര്‍ണമായൊരു ചൊല്ലാണല്ലോ. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഉപജ്ഞാതാക്കള്‍ ബ്രാഹ്മണൻ ചെയ്യാന്‍ പാടില്ല എന്ന് നിഷ്കര്‍ഷിച്ച പണിയാണ് കൃഷിപ്പണി. ഏറ്റവും ഹീനമായ ഒന്നായിട്ടാണ് ബ്രാഹ്മണ്യം കൃഷിപ്പണിയെ കണ്ടിരുന്നത്. അതുകൊണ്ട് ആദ്യം വയല്‍ ഉണ്ടാക്കുകയും പിന്നീട് കാളകളെ ഉണ്ടാക്കുകയും പിന്നെ ചെറുമനെയും ചെറുമിയെയും ഉണ്ടാക്കുകയും അവര്‍ക്ക് പണിയെടുക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്തു എന്നതാണ് ബ്രാഹ്മണ്യത്തിന്റെ സംഭാവന.
Also Read: മണ്ണുരുളകളില്‍ വിത്ത് പൊതിഞ്ഞ് മനുഷ്യമനസ്സുകളില്‍ വിതച്ച് കൊയ്തൊരാള്‍
നെല്‍കൃഷി മുഖ്യ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചുകൊണ്ട് ജീവിതവൃത്തി നടത്തിയവരാണ് നമ്മുടെ പൂര്‍വ്വികര്‍. പ്രകൃതിയോടും കാലാവസ്ഥയോടും പടവെട്ടിയാണ് അവര്‍ ഇവിടെ പുലര്‍ന്നത്. കൃഷിയെ മന്ദഗതിയിലാക്കുകയോ സ്തംഭിപ്പിക്കുകയോ ചെയ്ത ഒരു പ്രധാന ഘടകം കാലാവസ്ഥയിലെ അസ്ഥിരതയായിരുന്നു. അതേസമയം തികച്ചും അനുകൂലമായ കാലവാസ്ഥ മികച്ച വിളവ് നല്‍കിയ അനുഭവവും ഉണ്ട്. കൃഷി ശാസ്ത്രീയമായി അഭിവൃദ്ധിപ്പെടുത്തേണ്ടതാണ് എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ പൂര്‍വ്വികര്‍ ഇവിടെയുള്ള വയലേലകളും ജലാശയങ്ങളും സംരക്ഷിച്ചുപോന്നത്. കാര്‍ഷികമേഖലയുടെ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് കാര്‍ഷിക-ജലസേചന മേഖലകളില്‍ ഭാവനാപൂര്‍ണമായ പദ്ധതികൾക്ക് തുടക്കമിട്ട ഭരണാധികാരികള്‍ രാജഭരണകാലത്തും ഇവിടെയുണ്ടായിരുന്നു. 1894ലാണ് ദിവാന്‍ സുബ്ബരായരുടെ കാലത്ത് തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മ വിവിധ ജലസേചന പദ്ധതികള്‍ക്ക് തുടക്കമിട്ടത്. കൃഷി, വ്യാപാരം, വ്യവസായം തുടങ്ങിയവയുടെ അഭിവൃദ്ധിയിലൂടെയാണ് രാജ്യം പുരോഗമിക്കുകയെന്ന് അദ്ദേഹത്തിന് നല്ലതുപോലെ അറിയാമായിരുന്നു. പൊന്മന, പുത്തന്‍ അണക്കെട്ടുകള്‍ ഇതിന് ഉദാഹരണമാണ്. പണവും അധ്വാനവും നന്നായി ചെലവാക്കിയ ഈ പദ്ധതികള്‍ മൂലം കല്‍ക്കുളം പ്രദേശത്ത് മാത്രം ഏക്കറുകണക്കിന് പാടശേഖരങ്ങളില്‍ നെല്‍ക്കൃഷി അഭിവൃദ്ധിപ്പെടുകയുണ്ടായി. തോടുകളും ചാലുകളും കീറി ടാങ്കുകളിലും റിസര്‍വ്വോയറുകളിലും വെള്ളം ശേഖരിച്ച് ജലസേചനം നടത്തുവാനും അദ്ദേഹത്തിന്റെ പ്രായോഗികബുദ്ധിയ്ക്ക് കഴിഞ്ഞതും ചരിത്രമാണ്. എന്താണ് ഇതിന്റെ ഫലമായി ഉണ്ടായത്? ഒരുപ്പൂ മാത്രം കൃഷി ചെയ്തിരുന്ന പ്രദേശങ്ങള്‍ ഇരുപ്പൂ നിലങ്ങളായി മാറി. ഫലഭൂയിഷ്ഠമായ നാഞ്ചിനാട് തിരുവിതാംകൂറിന്റെ പ്രധാനപ്പെട്ട നെല്ലറയായി തീരുകയും ചെയ്തു. പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറില്‍ മാത്രമല്ല കൊച്ചിയിലും മലബാറിലുമെല്ലാം ഇത്തരത്തില്‍ സക്രിയമായ ഇടപെടലുകള്‍ നടന്നിട്ടുണ്ട്. കാര്‍ഷികമേഖലയുടെ പുരോഗതി ജലലഭ്യതയെ ആശ്രയിച്ചാണല്ലോ നിലകൊള്ളുന്നത്. അതുകൊണ്ട് നെല്‍കൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ തീര്‍ച്ചയായും നീര്‍ച്ചാലുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളുടെ നവീകരണവും സംരക്ഷണവും ഏറ്റവും മുന്തിയ പരിഗണനാവിഷയങ്ങളാകുന്നു.
Also Read: നാട് മറന്ന് കൊണ്ടിരിക്കുന്ന കിഴങ്ങ് വിളകൾ അരിക്കാട് ഗ്രാമത്തിൽ ഇന്നും സമൃദ്ധമായി കൃഷിചെയ്യുന്നു
ഒരു കാലത്ത്, കേരളത്തില്‍ കൃഷി ചെയ്തിരുന്ന നെല്ലിനങ്ങളുടെ വൈവിധ്യം നമ്മെ അത്ഭുതപരതന്ത്രരാക്കും വിധം വിപുലമായിരുന്നു. തിരുവിതാംകൂറില്‍ മാത്രം കൃഷിചെയ്തിരുന്ന ചില നെല്‍വിത്തുകള്‍ ഇവയാണ്. ഇളനെല്ല്, ഇറക്കുവെള്ള, വാങ്കുവെള്ള, നാഞ്ചനമ്മൂപ്പന്‍, കറുപ്പുകച്ചുമപ്പ്, ചണ്ണവെള്ള, ദര്‍പ്പക്കറുവ, വരവിലന്താന്‍, പൂവാലങ്കുറവ, കട്ടിക്കറുവ, ആനമൊന്തന്‍, ചെളിവാണി, പൊനംകറുവ, ചാവഹാനിക്കൊമ്പന്‍, കിട്ടമ്മുണ്ടന്‍, മുണ്ടുവെള്ള, ഇഞ്ചക്കാടന്‍, കാമദേവന്‍വെള്ള, ഒറ്റക്കാളി, കൊ മ്പനാരായന്‍, പൂക്കുലക്കറുവ, കരിമിഞ്ചന്‍, കാലച്ചമ്പാ, പിനിക്കറുവ, പന്നിമുണ്ടന്‍, പന്നിക്കുറ്റാലന്‍ വെള്ള, പന്നിക്കുറ്റാലന്‍ ചെമപ്പ്, പന്നിക്കുറ്റാലന്‍ കറുപ്പ്, കട്ടിവെള്ളി, കരുത്തില വിത്ത്, കരവയല്‍വിത്ത്… കാര്‍ത്തികപ്പിള്ളി, കരുനാഗപ്പള്ളി താലൂക്കുകളും മാവേലിക്കര, കൊല്ലം പ്രദേശങ്ങളുടെ ഭാഗങ്ങളും ചേര്‍ന്ന ഓണാട്ടുകര മേഖലയിലെ കൃഷി സവിശേഷമായ ഒന്നാണ്. ചുവന്നചാര, ചെറുമല്ലാരിയന്‍, ചെമ്പാവ്, ചെന്നെല്ല്, വൈക്കത്താര്യന്‍, വള്ളാള, മലവള്ളാള, ആനക്കൊട്ടന്‍, കൊച്ചുവിത്ത്, തൂണിപ്പാവ്, മൈല, കപ്പചെമ്പാവ്, ജീരകചെമ്പാവ്, നവര, കൊടുങ്ങല്ലൂര്‍ കറുക, നേന്ത്രപ്പള്ളി, പട്ടന്‍വെള്ള, ജീരകക്കറുവ, അതിക്കിരാം, കൂലപ്പാല, മുണ്ടകന്‍, മുണ്ടകക്കുറവ, കല്ലടചെമ്പാവ് തുടങ്ങിയവയാണ് ഓണാട്ടുകരയിലെ നെല്‍കൃഷിയ്ക്ക് ഉപയോഗിച്ചിരുന്ന വിത്തുകള്‍. (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം-പി.ഭാസ്കരനുണ്ണി). കേരളത്തിലെ പഴയകാല നെല്‍വിത്തുകളുടെ പേരുകളും അവയുടെ പ്രത്യേകതകളും മനസ്സിലാക്കുമ്പോള്‍ തന്നെ അവയുടെ വൈവിധ്യവും വൈപുല്യവും ആരെയും അമ്പരപ്പിക്കുന്നതാണ്.
Also Read: എലിപ്പനി: വളർത്തുമൃഗങ്ങൾക്കും കരുതൽ വേണം
നമ്മുടെ രാജ്യം ഒരു കാര്‍ഷികപ്രധാന രാജ്യമാണ്. ഇവിടുത്തെ മുഖ്യവിള നെല്ലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ അരി ഉല്‍പ്പാദിപ്പിക്കുന്ന പത്തു രാജ്യങ്ങളില്‍ രണ്ടാംസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ചൈനയാണ് അരിയുല്‍പ്പാദനത്തില്‍ മുന്നില്‍. അവരുടെ പ്രതിവര്‍ഷ ഉല്‍പ്പാദനം ശരാശരി 205.463 മില്യന്‍ മെട്രിക് ടണ്‍ ആണ്. ലോകത്ത് ആകെ ഉല്‍പ്പാദിക്കപ്പെടുന്ന അരിയുടെ ഏതാണ്ട് 25 ശതമാനവും ചൈനയുടെ സംഭാവനയാണ്. യാങ്ത്സി നദിയുടെയും മഞ്ഞ നദിയുടെയും സാന്നിധ്യമാണ് അവരുടെ വിജയക്കുതിപ്പിന് നിദാനം. ഈ രണ്ട് നദികളും സ്വരുക്കൂട്ടുന്ന എക്കല്‍ ചൈനയുടെ വയല്‍ മേഖലയെ സമ്പുഷ്ടമാക്കുന്നു. രണ്ടാംസ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ 155.682 മില്യന്‍ മെട്രിക് ടണ്‍ ആണ് പ്രതിവര്‍ഷ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്തോനേഷ്യ – 70.593 മില്യന്‍ മെട്രിക് ടണ്‍, വിയറ്റ്നാം – 44.503 മില്യന്‍ മെട്രിക് ടണ്‍, തായ് ലന്റ് – 37.254 മില്യന്‍ മെട്രിക് ടണ്‍, ബംഗ്ലദേശ് – 34.683 മില്യന്‍ മെട്രിക് ടണ്‍, ബര്‍മ – 34.250 മില്യന്‍ മെട്രിക് ടണ്‍, ഫിലിപ്പീന്‍സ് – 19.832 മില്യന്‍ മെട്രിക് ടണ്‍, ബ്രസീല്‍ – 14.682 മില്യന്‍ മെട്രിക് ടണ്‍, ജപ്പാന്‍-11.573 മില്യന്‍ മെട്രിക് ടണ്‍ എന്നിങ്ങനെയാണ് പ്രതിവര്‍ഷ അരിയുല്‍പ്പാദനത്തിന്റെ ലഭ്യമായ ശരാശരി കണക്ക്.
കേരളത്തിലെ ആഭ്യന്തര അരിയുല്‍പ്പാദനത്തിന്റെ കണക്ക് ആശങ്കാജനകമാണ്. നമുക്ക് ആവശ്യമുള്ള അരിയുടെ അളവ് 40 ലക്ഷം മെട്രിക് ടണ്‍ ആണ്. എന്നാൽ നാം ഉല്‍പ്പാദിപ്പിക്കുന്നത് കേവലം 5 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ്. ഈ നില ഇനിയും തുടരാനാവില്ല. ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്തുന്നതിന് നമ്മുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. കരനെല്‍കൃഷിയ്ക്ക് ഏറ്റവും മുന്തിയ പരിഗണനയാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. കരനെല്‍കൃഷി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ആദ്യഘട്ടം എന്ന നിലയില്‍ ലഭ്യമായ 2546 ഹെക്ടര്‍ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനാണ് തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ തന്നെ 2950 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷി ആരംഭിച്ചിരിക്കുകയാണ്.
ഓരോ പൗരനും ആവശ്യമായ അളവില്‍ സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ അനിവാര്യ ചുമതലയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ പ്രക്രിയയില്‍ പങ്കാളികളാവുക എന്നതാണ് പൗരന്റെ അനിവാര്യചുമതല എന്നതും മറന്നുപോകരുത്. ഒരു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ എന്നുപറയുന്നത് കേവലം ഭൗതികമായ സുരക്ഷിതത്വം മാത്രമല്ല. ഭക്ഷ്യസുരക്ഷ കൂടി അതിന്റെ ഭാഗമാണെന്ന് കാണാം. അതുകൊണ്ട് എല്ലാവരും പാടത്തേ ക്കിറങ്ങുക എല്ലായിടവും കൃഷിയിടമാക്കുക എന്ന ആഹ്വാനത്തിന് പ്രസക്തി ഏറുകയാണ്.