കാർഷിക വിളയുമല്ല, താങ്ങുവിലയുമില്ല; റബറിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു
കാർഷിക വിളയുമല്ല, താങ്ങുവിലയുമില്ല; റബറിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു. കാർഷികവിളയായി പ്രഖ്യാപിച്ചാൽ കൃഷിച്ചെലവിന്റെഒന്നര മടങ്ങ് വരുമാനം കേന്ദ്രസർക്കാർ ഉറപ്പാക്കുമെന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് കർഷകർ കേന്ദ്രത്തിന്റെ താങ്ങുവില പ്രഖ്യാപനം കാത്തിരുന്നത്. എന്നാൽ പതിവുപോലെ റബർ തഴയപ്പെട്ടു.
സ്വാഭാവിക റബർ കാർഷികോൽപന്നം അല്ലാത്തതുകൊണ്ടും റബർ കേന്ദ്രകൃഷി വകുപ്പിനു കീഴിൽ വരാത്തതുകൊണ്ടും അടിസ്ഥാനവില പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ ന്യായം. റബറിന്റെ ഇറക്കുമതിക്കായുള്ള തുറമുഖനിയന്ത്രണം നീക്കിയതിന്റെ പേരിലും കർഷകരും കേന്ദ്രവും രണ്ടു ചേരികളിലാണ്. ഈ സാമ്പത്തികവർഷം ആഭ്യന്തര ഉൽപാദനം ഉപഭോഗത്തേക്കാൾ 4.7 ലക്ഷം ടൺ കുറവായിരിക്കുമെന്ന് റബർബോർഡിന്റെ പഠനം വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ ഇറക്കുമതി ഇനിയും വർധിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് കർഷകരുടെ ആശങ്ക. അങ്ങനെയാണെങ്കിൽ റബറിന്റെ വില വീണ്ടും കുത്തനെ താഴോട്ട് വീഴും. ഏഴു വർഷം കൊണ്ട് റബറിന്റെ വില നേർ പകുതിയായി ഇടിഞ്ഞതായി കണക്കുകൾ കാണിക്കുന്നു. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ രാജ്യത്തിനാവശ്യമായ പ്രകൃതിദത്ത റബറിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യേണ്ടിവരുന്ന കാലം വിദൂരമല്ലെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു.
വ്യാവസായിക വിളയായി പരിഗണിക്കുന്നതിനാൽ രാജ്യാന്തരവാണിജ്യ കരാറുകളിൽ കാർഷിക വിളകൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സംരക്ഷണംപോലും റബറിനു കിട്ടാതെ പോകുകയാണ്. കാർഷിക വിളയായി പ്രഖ്യാപിക്കാൻ കഴിഞ്ഞാൽ അത്തരം സംരക്ഷണം ലഭിക്കുമെന്ന കർഷകരുടെ വാദം കേന്ദ്രസർക്കാർ കേട്ടില്ലെന്ന് നടിക്കുകയാണ്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കാർഷികോൽപന്നങ്ങൾക്ക് ഉൽപാദനച്ചെലവിന്റെ ഒന്നര മടങ്ങ് വില ഉറപ്പാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനവും യാഥാർഥ്യമാകണമെങ്കിലും റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം.
കാലവർഷം എത്തിയതോടെ ഇലപൊഴിച്ചിലും പിങ്ക് രോഗവും കൂമ്പു ചീയലും രൂക്ഷമായതും കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഇടയ്ക്കിടെയുള്ള മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് രോഗബാധയ്ക്ക് അനുകൂല സാഹചര്യം. ‘ഫൈറ്റോഫ്തോറ പാല്‍മിവോറ’ എന്നയിനം കുമിളാണു രോഗബാധയ്ക്ക് കാരണം. മഴ ശക്തമാകുമ്പോള്‍ കുമിളുകള്‍ റബര്‍ കായ്കളെ ആദ്യം ബാധിക്കുകയും ഇലപൊഴിയാന്‍ തുടങ്ങുന്നതാണ് പ്രധാന ലക്ഷണം. പിങ്ക് രോഗബാധയുള്ള റബർ മരങ്ങളിലാകട്ടെ വളര്‍ച്ച 20% വരെ കുറയുന്നതായും കർഷകർ പറയുന്നു.
Also Read: പ്രതിസന്ധിയിൽ വലഞ്ഞ മലയോര മേഖലയ്ക്ക് പുതുജീവൻ നൽകി പാഷൻ ഫ്രൂട്ട് കൃഷി