വിത്ത് വികസന അതോറിറ്റി പുനഃസംഘടിപ്പിക്കാൻ കൃഷി വകുപ്പ്; രാസവളം, കീടനാശിനി വിതരണം ചെയ്യുന്ന കർഷകർ “ദേശി” ഡിപ്ലോമാ കോഴ്സ് പാസാകണം
വിത്ത് വികസന അതോറിറ്റി പുനഃസംഘടിപ്പിക്കാൻ കൃഷി വകുപ്പും മന്ത്രി വി.എസ്. സുനില്‍കുമാർ പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ ഷനിലെ കമ്മ്യൂണിക്കേഷന്‍ സെന്‍റര്‍ സെമിനാര്‍ ഹാളില്‍ കാര്‍ഷികോത്പാദന ഉപാധികള്‍ വിപണനം ചെയ്യുന്ന വ്യാപാരികള്‍ക്കുള്ള ഏകവര്‍ഷ ഡിപ്ലോമ കോഴ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിത്ത്, വളം, കീടനാശിനികള്‍ എന്നിവയുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
കാലദേശാനുസൃതമായി പ്രയോഗിക്കേണ്ടുന്ന വിത്തിനേയും വളത്തേയും കീടനാശിനകളേയുംകുറിച്ച് ധാരണയുണ്ടെങ്കില്‍ മാത്രമേ പ്രകൃതിക്കു നാശം വരുത്താത്ത രീതിയില്‍ കൃഷി ചെയ്യാന്‍ സാധിക്കൂ. ഇക്കാര്യത്തില്‍ നിയമനിര്‍മാണം ആവശ്യമാണെങ്കില്‍ അതു കൊണ്ടുവരും. ന്യൂജന്‍ കീടനാശികളെന്ന പേരില്‍ വിപണിയിലെത്തുന്ന മാരക വിഷമരുന്നുകളെ കര്‍ഷകരുടെ ഇടയില്‍ വ്യാപിപ്പിക്കാന്‍ അനുവദിക്കില്ല. അനിയന്ത്രിതമായ കീടനാശിനി-രാസവള പ്രയോഗം പ്രകൃതിയേയും കാര്‍ഷിക സംസ്കാരത്തേയും നശിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
രാസവളം, കീടനാശിനി, കുമിള്‍നാശിനികള്‍ തുടങ്ങിയ കാര്‍ഷികാനുബന്ധ ഉപാധികള്‍ വിതരണം ചെയ്യുന്ന എല്ലാ കര്‍ഷകരും ഇനിമുതല്‍ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് (ദേശി) എന്ന ഡിപ്ലോമ കോഴ്സുകള്‍ പാസാകണം. ഇതു പാസായവര്‍ക്കേ ഇനിമുതല്‍ വിതരണ ലൈസന്‍സ് നല്‍കൂ. ജൈവകാര്‍ഷിക നയമാണു സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാസവള-കീടനാശിനികളുടെ ഉപയോഗത്തില്‍ കടുത്ത നിയന്ത്രണമാണു കൊണ്ടുവരാനുദ്ദേശിക്കുന്നത്.
കുട്ടനാട് പോലെ കാര്‍ഷികവൃത്തി ജീവിതത്തിന്‍റെ ഭാഗമായി മാറിയ പ്രദേശങ്ങളില്‍പോലും കളനാശിനികളുടേയും രാസവളങ്ങളുടേയും ഉപയോഗം ഒരു ചടങ്ങായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 1275 മെട്രിക് ടണ്‍ കള, കീടനാശിനികളാണ് കാര്‍ഷിക മേഖലയില്‍ മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചു വന്നിരുന്നതെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഗണ്യമായ കുറവുകള്‍ വരുത്താന്‍ കൃഷി വകുപ്പിനു സാധിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും നിര്‍ത്താന്‍ സാധിച്ചിട്ടില്ല. രാസവള പ്രയോഗം ഒരു ദിവസംകൊണ്ട് നിര്‍ത്താന്‍ സാധിക്കില്ലെങ്കിലും ഇതിന്‍റെ ഉപയോഗത്തില്‍ കുറവു വരുത്താന്‍വേണ്ട നടപടികള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
മരുന്നടിക്കുന്നത് ചെടികള്‍ക്കാണെങ്കിലും അതു പരോക്ഷമായി ബാധിക്കുന്നതു മനുഷ്യനെയാണ്. ജൈവവളമെന്ന പേരില്‍ വിപണിയിലെത്തുന്നവയിലും രാസസാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ പരിശോധന കര്‍ശനമാക്കും. കൃഷി എന്‍ഫോഴ്സ്മെന്‍റ് രൂപീകരിച്ച് അവയുടെ കീഴിലേക്ക് രാസവള-കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച കീടനാശിനികളില്‍ പലതും തമിഴ്നാട പോലുള്ള സംസ്ഥാനങ്ങളില്‍നിന്നും വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കന്നാസുകളിലേക്കി കേരളത്തിലെത്തുന്നുണ്ടെന്നതു ഞെട്ടിക്കുന്ന സത്യമാണ്. ഇത്തരം പ്രവൃത്തികള്‍ തടയുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മനുഷ്യന്‍റേയും പ്രകൃതിയുടേയും ആരോഗ്യം പരസ്പര പൂരകമാണെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ ഓർമിപ്പിച്ചു.
Also Read: വേണമെങ്കിൽ മാങ്ങ സൗദിയിലും വിളയും; മാമ്പഴപ്പെരുമയുമായി ഉംലജ് പട്ടണം
Image: pixabay.com