3,000 തൈകളില്‍ നിന്നും 30,000 ചെടികളിലേക്ക് വളരാൻ 3 വർഷം; ഊട്ടിയിൽ നിന്നൊരു സ്ട്രോബറി വിജയഗാഥ
3,000 തൈകളില്‍ നിന്നും 30,000 ചെടികളിലേക്ക്; ഊട്ടിയിൽ നിന്നൊരു സ്ട്രോബറി വിജയഗാഥ രചിക്കുകയാണ് ജൈവ കർഷകനും സംരഭകനുമായ ബാബു രാജശേഖർ. ഐടി രംഗത്ത് ഉയർന്ന ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കർഷകനായ ബാബു രാജശേഖർ ഇന്ന് ഊട്ടിയിലുള്ള തന്റെ ഒന്നരയേക്കര്‍ കൃഷിയിടത്തില്‍ നിന്നും ഒരു വർഷം 10 മുതൽ 15 മെട്രിക് ടണ്‍വരെ സ്‌ട്രോബെറി ഉല്‍പ്പാദിപ്പിക്കുന്നു.
സ്‌ട്രോബെറി കൃഷിക്ക് പേരുകേട്ട നീലഗിരിയിലെ ചെങ്കുത്തായ പ്രദേശങ്ങളിൽ ധാരാളം സ്ട്രോബറി കർഷകരുണ്ടെങ്കിലും ജൈവകൃഷി രീതികളും ശാസ്ത്രീയ മാര്‍ഗങ്ങളും കൃത്യമായി പിന്തുടരുന്നതാണ് ബാബു രാജശേഖറിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നത്. ചെറുപ്പത്തില്‍ തന്നെ അമ്മ ചെറിയ തോതിലുള്ള കൃഷിപ്പണികൾ ചെയ്യുന്നത് കണ്ട് വളർന്നതിനാൽ പ്രകൃതിയോടും പൂന്തോട്ടങ്ങളോടുമുള്ള ഇഷ്ടവും മനസിൽ എന്നും സൂക്ഷിച്ചിരുന്നതായി ബാബു പറയുന്നു.
നല്ലൊരു കര്‍ഷകയായിരുന്ന അമ്മ വര്‍ഷം മുഴുവനും വീടിനു ചുറ്റും സ്‌ട്രോബെറി ചെടികള്‍ നട്ടുവളർത്തിയിരുന്നു. ഈ സ്‌ട്രോബെറി പ്രേമമാണ് പില്‍ക്കാലത്ത് ഇതേ കൃഷിതന്നെ തെരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബാബു വ്യക്തമാക്കുന്നു. മാത്രമല്ല, സ്‌ട്രോബെറിക്ക് വിപണിയില്‍ എന്നും ധാരാളം ആവശ്യക്കാരുണ്ട് എന്നതും മറ്റൊരു കാരണമായി. ഏറെക്കാലം ഐടി മേഖലയില്‍ ജോലി ചെയ്തശേഷം കൃഷിയിലേക്കു തിരിയാനുള്ള നിർണായകമായ തീരുമാനത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ പിതാവ് പി രാജശേഖരനായിരുന്നു.
അങ്ങനെ കുടുംബത്തിന്റെ അനുഗ്രാശിസുകളോടെ ജൈവകൃഷി രീതിയ്ക്ക് മുന്‍തൂക്കം നല്‍കി 2015 ൽ പോളിഹൗസില്‍ 3000 സ്‌ട്രോബെറി തൈകള്‍ നട്ടാണ് ബാബു തന്റെ സംരംഭത്തിന് തുടക്കമിട്ടത്. കൃഷി തുടങ്ങുന്നതിനു മുമ്പായി ഓര്‍ഗാനിക് ഫാമിംഗിനെ കുറിച്ചും ശാസ്ത്രീയ കൃഷിരീതികളെ കുറിച്ചുമെല്ലാം ഗവേഷണം നടത്തുകയും തുടർന്ന് ഒരു വര്‍ഷത്തോളം കൃഷിയില്‍ ചെറിയ തോതില്‍ പരീക്ഷണം നടത്തി പ്രായോഗിക വശങ്ങൾ മനസിലാക്കിയതായും ബാബു പറയുന്നു.
വര്‍ഷങ്ങളായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച കൃഷിയിടം ജൈവ കൃഷിയ്ക്കായി മാറ്റിയെടുക്കുന്നതായിരുന്നു ആദ്യ വെല്ലുവിളി. ഒടുവില്‍ ഒരിക്കലും കൃഷി ചെയ്യാതിട്ടിരുന്ന ഒരു മലഞ്ചെരിവ് കണ്ടെത്തിയതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. മുകൃതി റിസര്‍വിനടുത്തുള്ള ഒന്നരയേക്കര്‍ സ്ഥലം മണ്ണിലെ പിഎച്ചിന്റെ അളവും ഉറവകളുമെല്ലാമായി സ്‌ട്രോബെറി കൃഷിക്ക് അനുയോജ്യമായിരുന്നു. കൃഷി തുടക്കം മുതല്‍ തന്നെ ലാഭകരമാണെന്നാണ് ബാബുവിന്റെ അഭിപ്രായം.
ആദ്യം ഊട്ടിയിലെ പല ഭാഗങ്ങളിലായി സ്‌ട്രോബെറി വില്‍പന തുടങ്ങി. പിന്നീട് ആവശ്യക്കാർ കൂടിയതോടെ ചെന്നൈയിലേക്കും തമിഴ്‌നാട്ടിലെ മറ്റു നഗരങ്ങളിലേക്കും വില്‍പന വ്യാപിപ്പിച്ചു. വിപണിയില്‍ ലഭ്യമായ സ്‌ട്രോബെറികളേക്കാള്‍ വലുപ്പം കൂടിയതിനാലാണ് തന്റെ കൃഷിയിടത്തില്‍ വിളയുന്ന സ്ട്രോബറികൾക്ക് പ്രിയം കൂടുതലെന്ന് ബാബു പറയുന്നു. 90 ദിവസമാണ് സ്‌ട്രോബെറി ചെടികള്‍ പൂര്‍ണ വളര്‍ച്ചയെത്താന്‍ വേണ്ടത്.
തുടര്‍ന്ന് 20 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുപ്പ് നടത്തണം. വിളവെടുപ്പ് കാലത്ത് ഒരു ചെടിയില്‍ നിന്നും 500 മുതല്‍ 800 ഗ്രാം വരെ സ്‌ട്രോബെറി ലഭിക്കും. നിലവില്‍ 30,000 ചെടികളില്‍ നിന്നായി 10-15 മെട്രിക് ടണ്‍ സ്‌ട്രോബെറികള്‍ ബാബുവിന്റെ തോട്ടത്തിൽ വിളയുന്നു.
Also Read: മഴയോടൊപ്പം എത്തുന്ന അപകടകാരിയായ മുടന്തൻ പനിയിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കാം
Image: pixabay.com