കപ്പകൃഷിയിൽ ഇത് മേടക്കപ്പയുടെ കാലം; കപ്പ നടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്
കപ്പകൃഷിയിൽ ഇത് മേടക്കപ്പയുടെ കാലം; കപ്പ നടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്. ഏപ്രിൽ, മെയ് മാസത്തിൽ നടുന്ന കപ്പയാണ് മേടക്കപ്പ എന്ന പേരിൽ അറിയപ്പെടുന്നത്. കൂടിയ വിളവു തരുന്ന സീസണാണ് മേടക്കപ്പ സീസൺ. സ്വഭാവം അനുസരിച്ച് രണ്ടോ മൂന്നോ തവണ നന്നായി പൂട്ടിയോ ഒരടി താഴ്ചയിൽ കിളയ്ക്കുകയോ ചെയ്ത് മണ്ണ് തയ്യാറക്കലാണ് കപ്പകൃഷിയുടെ ആദ്യപടി.
മൂന്നടി അകലത്തിൽ വരമ്പുകൾ കോരിയോ കൂനകൂട്ടിയോ മണ്ണൊരുക്കാം. വെള്ളായണി ഹ്രസ്വ, ശ്രീജയ ശ്രീസഹ്യ, ശ്രീപ്രകാശ് എന്നീ അത്യുൽപ്പാദന ശേഷിയുള്ള കപ്പയിനങ്ങൾക്കാണ് കർഷകർക്കിടയിൽ പ്രചാരം. തണ്ടുകളാണ് മരച്ചീനിയുടെ നടീൽവസ്തു. വിളവെടുപ്പ് കഴിഞ്ഞശേഷം ആരോഗ്യമുള്ളതും രോഗവിമുക്തവുമായ തണ്ടുകൾ തണലുള്ള സ്ഥലത്ത് കുത്തനെ ചാരിനിർത്തണം. ചുവട്ടിൽനിന്ന് 10 സെന്റീമീറ്ററും തലപ്പുഭാഗത്തെ 30 സെ.മിയും നടാൻ യോഗ്യമല്ല.
കമ്പുകൾ 20 സെ.മി നീളത്തിൽ മുറിച്ചെടുത്ത് നടാൻ ഉപയോഗിക്കാം. കൂനയിൽ ചെറിയ കുഴിയെടുത്ത് അതിൽ വാം ചേർത്തോ അല്ലെങ്കിൽ കമ്പ് വാമിൽ മുക്കിയോ നടുകയാണെങ്കിൽ ഉൽപ്പാദനം 25 ശതമാനം കൂട്ടാമെന്ന് വിദഗ്ദർ പറയുന്നു. മണ്ണിൽനിന്ന് ഫോസ്ഫറസ് ഉൾപ്പെടെയുള്ള മൂലകങ്ങൾ വലിച്ചെടുക്കാനും വരൾച്ചയെ ചെറുക്കാനും കാർബോഹൈഡ്രേറ്റ് വേരുകളിലേക്ക് മാരനും വാം സഹായിക്കും.
വാം ചേർത്ത് ഒരു മാസത്തിനു ശേഷം സെന്റൊന്നിന് രണ്ടു കി.ഗ്രാം മസൂറിഫോസ്, ഒരു കിലോഗ്രാം പൊട്ടാഷ് എന്ന തോതിൽ രാസവളങ്ങൾ ചേർക്കാം. നിലമൊരുക്കുമ്പോഴും നട്ട് രണ്ടാം മാസത്തിലും മൂന്നാം മാസത്തിലും മൂന്ന് തുല്യഗഡുക്കളായി വളം ചേർക്കണം. നട്ടതിനു ശേഷം ഒരുമാസം കഴിഞ്ഞ് മേൽവളം ചേർക്കുമ്പോൾ ചുവട്ടിലുള്ള കളകളും മറ്റും പിഴുതുകൂട്ടി മണ്ണിട്ടുമൂടണം.
90 ദിവസം കഴിഞ്ഞ് ചുവട്ടിൽ മണ്ണ് കൂട്ടിക്കഴിഞ്ഞാൽ ശീമക്കൊന്നയില വെട്ടിയിടാം. കിഴങ്ങ് രൂപപ്പെട്ടുവരുമ്പോൾ എത്തുന്ന എലികളെ തുരത്താണിത്. കപ്പയുടെ പ്രധാന ശത്രുവായ മൊസൈക്ക് രോഗം പരത്തുന്നത് വെള്ളീച്ചകളാണ്. സെന്റൊന്നിന് ഒരു കിലോഗ്രാം കുമ്മായം ചേർത്ത് മണ്ണൊരുക്കുന്നതും രോഗവിമുക്തമെന്ന് ഉറപ്പുവരുത്തിയ കമ്പുകൾ മാത്രം നടാൻ ഉപയോഗിക്കുകയുമാൺ മൊസൈക്ക് രോഗത്തിനുള്ള പ്രതിവിധി.
Also Read: വെറും 70 ദിവസംകൊണ്ട് 21 ലക്ഷം രൂപയുടെ ആദായം; കുമ്പളം കൃഷി ചെയ്ത് അപൂർവ നേട്ടവുമായി ഗുജറാത്ത് കർഷകൻ
Image: unsplash.com