82 സ്‌ക്വയര്‍ മീറ്റർ സ്ഥലത്ത് ഒരു കാർഷിക വസന്തം; ചന്ദ്രൻ ചാലിയകത്തിന്റെ മട്ടുപ്പാവ് കൃഷിയെക്കുറിച്ച് അറിയാം
82 സ്‌ക്വയര്‍ മീറ്റർ സ്ഥലത്ത് ഒരു കാർഷിക വസന്തം; ചന്ദ്രൻ ചാലിയകത്തിന്റെ മട്ടുപ്പാവ് കൃഷിയെക്കുറിച്ച് അറിയാം. സ്ഥലപരിമിതി മൂലം കൃഷി ചെയ്യാതിരിക്കുന്നവർക്കുള്ള മറുപടിയാണ് കോഴിക്കോട് ചെറുവണ്ണൂരിലെ ചന്ദ്രന്‍ ചാലിയകത്തിന്റെ വിജയഗാഥ. പത്ത് വര്‍ഷം മുന്‍പാണ് ചന്ദ്രൻ മട്ടുപ്പാവ് കൃഷി ആരംഭിക്കുന്നത്. ചാക്കില്‍ പച്ചക്കറിക്കൃഷി നടത്തിയായിരുന്നു തുടക്കം.
പിന്നീട് വലിയ കന്നാസുകള്‍ സംഘടിപ്പിച്ച് രണ്ടായി മുറിച്ച് നടീല്‍മിശ്രിതം നിറച്ച് ജൈവ രീതിയില്‍ കൃഷി ചെയ്യാന്‍ തുടങ്ങി. ഇന്ന് വീടിന്റെ മുകളിലെ 82 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്തായി 150 കന്നാസുകളിലായി ഇദ്ദേഹം വിളിയിക്കുന്നത് തക്കാളി, വെണ്ട, വഴുതന, കാരറ്റ്, ചീര, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കുറ്റി കുരുമുളക്, സവാള, ലറ്റൂസ്, ബ്രക്കോളി, കാബേജ്, കോളിഫ്‌ളവര്‍ എന്നിങ്ങനെ പച്ചക്കറികളാണ്.
മട്ടുപ്പാവില്‍ നെല്‍കൃഷിയും അപൂർവമായ വെളുത്ത ഉള്ളിയും ചന്ദ്രൻ പരീക്ഷിച്ച് വിജയം കൊയ്തു. കൃഷി ചെയ്തും ചന്ദ്രന്‍ പലര്‍ക്കും മാതൃകയായി. കോളിഫ്‌ളവറും കാബേജും വിളവെടുപ്പ് കഴിഞ്ഞ് വച്ചാല്‍ മുള പൊട്ടി വീണ്ടും നടുന്നത് ഉൾപ്പെടെയുള്ള പരീക്ഷണം ചന്ദ്രൻ നടുത്തുന്നു. തക്കാളിയുടെ തണ്ട് രണ്ടാഴ്ച വെള്ളത്തിലിട്ടാല്‍ മുളവരുമെന്നും ഇത് നട്ടാൽ മാതൃവൃക്ഷത്തിന്റെ അതേ ഗുണങ്ങൾ ലഭിക്കുമെന്നും ചന്ദ്രന്‍ പറയുന്നു.
വഴുതന ഉള്‍പ്പെടെ ബെഡിങ് നടത്തിയും ഇദ്ദേഹം പരീക്ഷണം നടത്തിയിട്ടുണ്ട്. മണ്ണ് മാറ്റാതെ ഗ്രോ ബാഗിലും കന്നാസിലും അടിവളമായി ചാണകമിട്ടാണ് ചന്ദ്രന്റെ കൃഷി. കടലപിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, പച്ചച്ചാണക ലായിനി എന്നിവയും വളമായി ഉപയോഗിക്കുന്നു. നനയ്ക്കാനായി ഡ്രിപ് ഇറിഗേഷന്‍ സംവിധാനവുമുണ്ട്.
എല്ലാ ദിവസവും ശരാശരി ഒരു മണിക്കൂര്‍ സമയം കൃഷി പരിപാലനത്തിനായി മാറ്റി വച്ചാൽ ഒരു വീട്ടിലേക്ക് ആവശ്യമായ വിഷ രഹിത പച്ചക്കറികള്‍ നിഷ്പ്രയാസം വിളയിക്കാമെന്ന് തെളിയിക്കുകയാണ് ചന്ദ്രനെ മട്ടുപ്പാവിലെ കാർഷിക പരീക്ഷണങ്ങൾ.