കാലവർഷം കനത്തു; ഡയറിഫാമുകളിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ഇടമുറിയാതെ മഴ പെയ്യുന്ന ഈ സമയത്ത് പശുക്കളടക്കമുള്ള നമ്മുടെ വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യപാലനത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. തണുത്തതും ഈര്‍പ്പമേറിയതുമായ അന്തരീക്ഷം സാംക്രമിക രോഗാണുക്കളും രോഗവാഹകരും പെരുകാന്‍ കാരണമാകും. മണ്ണിൽ സുഷുപ്തിയിൽ കഴിയുന്ന ബാക്ടീരിയകളും വൈറസുകളുമെല്ലാം മഴ നനയുമ്പോള്‍ സജീവമാകും. ഇവര്‍ മാത്രമല്ല, ബാഹ്യപരാദങ്ങളും ആന്തരികവിരകളുമെല്ലാം മഴക്കാലത്ത് കൂടുതലായി പെരുകും. ശരീരസമ്മര്‍ദ്ദമേറുന്നത് അത്യുൽപാദനമുള്ള സങ്കരയിനം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനിടയാക്കും, ഇത് അവയുടെ ശരീരത്തിലേക്കുള്ള രോഗാണുകളുടെ കടന്നുകയറ്റവും എളുപ്പമാക്കും. പരിപാലനത്തില്‍ ഒരല്‍പ്പം ശാസ്ത്രീയതയും ശ്രദ്ധയും പുലർത്തിയാൽ പശുക്കളിലെ മഴക്കാലരോഗങ്ങള്‍ തടയാം.
മഴക്കാല രോഗനിയന്ത്രണമാര്‍ഗ്ഗങ്ങള്‍
മഴയുള്ള സമയത്തും തണുത്ത കാറ്റടിക്കുമ്പോഴും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയ്ക്കുന്നത് ഒഴിവാക്കണം. മഴച്ചാറ്റലേല്‍ക്കാതെ പശുക്കളെ തൊഴുത്തില്‍ തന്നെ പാര്‍പ്പിക്കണം. തൊഴുത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കുന്നതിനാവണം മുഖ്യ പരിഗണന. ജൈവ മാലിന്യങ്ങള്‍ നീക്കിയ ശേഷം അണുനാശിനികള്‍ ഉപയോഗിച്ച് തീറ്റത്തൊട്ടിയുൾപ്പെടെ തൊഴുത്ത് നിത്യവും കഴുകി വൃത്തിയാക്കണം. തൊഴുത്തിന്റെ തറയിലെ വിള്ളലുകളും കുഴികളും സിമന്റ് ചേർത്തടച്ച് നികത്തണം. അതല്ലാത്തപക്ഷം ചാണകവും മൂത്രവും കെട്ടികിടന്ന് രോഗാണുക്കൾ പെരുകുന്നതിന് വഴിയൊരുക്കും.
തറ വൃത്തിയാക്കേണ്ട വിധം:
- 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും മൂന്ന് ടീസ്പൂണ്‍ അലക്ക്കാരവും/ഡിറ്റര്‍ജന്‍റ് പൗഡര്‍ കുഴമ്പുരൂപത്തിലാക്കി പത്ത് ലിറ്റര്‍ വെള്ളത്തില്‍ വീതം ചേര്‍ത്ത് വൃത്തിയാക്കാം
- പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് (1 : 10000) ഉപയോഗിച്ച് തറ വൃത്തിയാക്കാം
- അര കിലോഗ്രാം വീതം കുമ്മായം നാല് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തൊഴുത്ത് കഴുകി വൃത്തിയാക്കാം
- വിപണിയില്‍ ലഭ്യമായ കൊര്‍സോലിന്‍, ബയോക്ലിന്‍ തുടങ്ങിയ അണുനാശിനികളും തൊഴുത്ത് വൃത്തിയാക്കാനുപയോഗിക്കാം
Also Read: മഴക്കാലത്ത് വളർത്തു മൃഗങ്ങളെ എലിപ്പനിയിൽ നിന്ന് കാക്കാം; പ്രധാന പ്രതിരോധ മാർഗങ്ങൾ ഇവയാണ്
ശുചിത്വ സംരക്ഷണത്തിലൂടെ അകിടുവീക്കം നിയന്ത്രിക്കാം
മഴക്കാലത്ത് കാണുന്ന രോഗങ്ങളില്‍ മുഖ്യമാണ് അകിടുവീക്കം. അകിടുവീക്കം നിയന്ത്രിക്കാന്‍ കറവക്കാരന്‍റെയും കറവയന്ത്രങ്ങളുടെയുമെല്ലാം ശുചിത്വം പരമപ്രധാനമാണ്. കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി ടിഷ്യൂപേപ്പറോ ടവ്വലോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കാൻ മറക്കരുത്. പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണ്ണമായും കറന്നെടുക്കണം. പൂര്‍ണ്ണകറവയ്ക്കു ശേഷം മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്‍റ് വീതം മുക്കി ടീറ്റ് ഡിപ്പിംങ് (teat dipping) നല്‍കണം. മുലദ്വാരം വഴി രോഗാണുക്കൾ അകിടിനുള്ളിലേക്ക് കയറുന്നത് തടയുമെന്നു മാത്രമല്ല മുലദ്വാരം പെട്ടെന്ന് അടയുന്നതിനും അയഡിൻ സഹായിക്കും. ടീറ്റ് ഡിപ്പിംങ് നൽകാൻ ഉപയോഗിക്കാവുന്ന മാസ്റ്റിഡിപ്പ് ( MASTIDIP – AYUR VET), ലാക്ടിഫെൻസ് (LACTIFENCE – DELAVEL) പോലുള്ള റെഡിമെയ്‌ഡ് ലായനികളും ഇന്ന് വിപണിയിലുണ്ട്. കറവയ്ക്കു ശേഷം മുലക്കണ്ണുകൾ അടയുന്നത് വരെ ചുരുങ്ങിയത് 20 മിനിറ്റ് നേരത്തേക്കെങ്കിലും പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ അല്പം തീറ്റ നല്‍കാം. അകിടിലെ പോറലുകളും മുറിവുകളും എത്ര ചെറുതാണെങ്കിലും കൃത്യമായി ചികിത്സ നൽകി ഭേദപ്പെടുത്തണം. കാരണം, അകിടിലെ ചെറുപോറലുകൾ പോലും രോഗാണുക്കൾക്ക് പാലുൽപ്പാദനനാളികളിലേക്ക് നുഴഞ്ഞുകയറാനും പെരുകാനും അകിടുവീക്കമുണ്ടാക്കാനും വഴിയൊരുക്കും. അകിടിലെ ചെറിയ വിണ്ടുകീറലുകളിൽ ബോറിക് ആസിഡ് പൗഡര്‍ അയഡിൻ ലായനിയിൽ ചാലിച്ച് പുരട്ടാം.
പരുപരുത്ത കോണ്‍ക്രീറ്റ് തറയില്‍ നിന്നും അകിടിന് പോറലുകളേറ്റ് അകിട് വീക്കത്തിന് സാധ്യത ഉയര്‍ന്നതായതിനാല്‍ തറയില്‍ റബര്‍മാറ്റ് വിരിക്കുകയോ വൈക്കോല്‍ വിരിപ്പ് നല്‍കുകയോ വേണം. പാല്‍ തറയില്‍ പരന്നൊഴുകാതെ ശ്രദ്ധിക്കണം. തറയിൽ കിടക്കുമ്പോൾ പാൽ തനിയെ ചുരത്തുന്ന ചില കറവ പശുക്കളുണ്ടാവാം. ഫോസ്‌ഫറസ് മൂലകത്തിന്റെ അഭാവമാണ് ഈ അവസ്ഥയുടെ പ്രധാന കാരണം. തനിയെ തറയിൽ പാൽ ചുരത്തുന്ന അകിടുകൾ രോഗാണുക്കളെ മാടിവിളിക്കും. ഈ ലക്ഷണം കാണിക്കുന്ന പശുക്കളിൽ മാത്രമല്ല മറ്റ് പശുക്കളിലും ഇത് അകിടുവീക്ക സാധ്യത കൂട്ടും. മതിയായ ചികിത്സ ഉറപ്പാക്കി ഇത്തരം സാഹചര്യങ്ങൾ തടയാൻ ക്ഷീരകർഷകർ ജാഗ്രത പുലർത്തണം. പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ട് മാസങ്ങൾക്ക് മുൻപ് കറവ അവസാനിപ്പിച്ച് വറ്റുകാലത്തിലേക്ക് പോവുന്ന പശുക്കൾ ഉണ്ടാവാം. വറ്റുകാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഈ പശുക്കളിൽ അകിടുവീക്കം തടയുന്നതിനായി വറ്റുകാല ചികിത്സ (Dry Cow Therapy) ഉറപ്പാക്കണം.
മൃഗാശുപത്രികളില്‍ നിന്നും തുച്ഛമായ നിരക്കിൽ ലഭ്യമായ കാലിഫോർണിയ അകിട് വീക്ക നിര്‍ണയ കിറ്റ് (California Mastitis Test Kit – CMT Kit) വാങ്ങി ഇടക്ക് അകിടുവീക്ക നിര്‍ണയ പരിശോധന നടത്താന്‍ ശ്രദ്ധിക്കണം. ലക്ഷണങ്ങൾ ഒന്നും പുറമെ പ്രകടമാവാത്ത നിശബ്ദ അകിടുവീക്കത്തെ നിർണയിക്കാൻ ഈ പരിശോധന ക്ഷീരകർഷകരെ സഹായിക്കും പാലില്‍ തുല്യ അളവില്‍ പരിശോധനാ ലായനി ചേര്‍ത്തിളക്കുമ്പോള്‍ പാല്‍ കുഴമ്പുരൂപത്തില്‍ വ്യത്യാസപ്പെടുകയാണെങ്കില്‍ അത് അകിടുവീക്കത്തെ സൂചിപ്പിക്കുന്നു. രോഗം ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ ചികിത്സ തേടണം.
Also Read: കോവിഡ് അതിജീവനം മൃഗസംരക്ഷണമേഖലയില്‍; കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പശുക്കളുടെ പാദസംരക്ഷണത്തിൽ ശ്രദ്ധ അനിവാര്യം
പശുക്കളുടെ “രണ്ടാം ഹൃദയം” എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ശരീരഭാഗമാണ് കുളമ്പുകൾ. കുളമ്പുകളുടെ ശരിയായ ആരോഗ്യം പശുക്കളുടെ പൊതുവായ ആരോഗ്യസ്ഥിതിയുമായും പാലുൽപാദനവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പരുപരുത്തതും നനഞ്ഞിരിക്കുന്നതും ചളി നിറഞ്ഞതുമായ തറയില്‍ നിന്നും കുളമ്പിന് ക്ഷതമേല്‍ക്കാനും അണുബാധ കാരണം പിന്നീട് കുളമ്പുചീയലിനും സാധ്യതയുണ്ട്. ചെളി നിറഞ്ഞ പറമ്പില്‍ പശുക്കളെ മേയാന്‍ വിട്ടാല്‍ കുളമ്പുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് സാധ്യത കൂടും. നടക്കാനും കിടക്കാനും ഉള്ള മടി, കുളമ്പിൽ നിന്നും രക്തസ്രാവം, ദുർഗന്ധം എന്നിവയെല്ലാം കുളമ്പുചീയലിന്റെ ലക്ഷണങ്ങൾ ആവാം. കുളമ്പിലെ മുറിവുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ആന്‍റിബയോട്ടിക് ലേപനങ്ങൾ പുരട്ടണം. കുളമ്പുകള്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും 5% തുരിശ് ലായനിയിലോ 2% ഫോര്‍മലിന്‍ ലായനിയിലോ 20 മിനിട്ട് നേരം മുക്കിവെക്കുന്നത് (ഫൂട്ട് ഡിപ്പ്) കുളമ്പു ചീയല്‍ തടയാന്‍ ഫലപ്രദമാണ്. കുളമ്പുകൾക്ക് പരിചരണം നൽകുന്നതിനായി സാധ്യമെങ്കിൽ 70-80 സെന്റി മീറ്റർ വീതിയിലും 1.75-1.8 മീറ്റര്‍ നീളത്തിലും 6 മുതല്‍ 8 ഇഞ്ച് ആഴത്തിലും തൊഴുത്തില്‍ കോണ്‍ക്രീറ്റ് ഫൂട്ട് ബാത്ത് ടാങ്കുകള്‍ പണികഴിപ്പിക്കാം. ഫൂട്ട് ബാത്ത് ടാങ്കുകളില്‍ കൃത്യമായ അനുപാതത്തില്‍ മേല്‍പറഞ്ഞ രാസഘടകങ്ങള്‍ ചേര്‍ത്ത ലായനി നിറയ്ക്കാനും ഉപയോഗശേഷം പഴയലായനി മാറ്റി പുതിയ ലായനി ചേര്‍ക്കാനും, ജൈവമാലിന്യങ്ങള്‍ നീക്കി ശുചിയായി സൂക്ഷിക്കാനും ശ്രദ്ധവേണം. അമിതമായി വളർന്ന കുളമ്പിന്റെ ഭാഗങ്ങൾ വിദഗ്‌ധ സഹായത്തോടെ മുറിച്ച് ഹൂഫ് ട്രിമ്മിംങ് നൽകാനും കർഷകർ ശ്രദ്ധിക്കണം.
കുരലടപ്പന്‍, കുളമ്പുരോഗം തുടങ്ങിയ ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍, ബബീസിയോസിസ്, തൈലേറിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ പ്രോട്ടോസോവല്‍, റിക്കറ്റ്സിയല്‍ രോഗങ്ങള്‍ എന്നിവയെല്ലാം പിടിപെടാന്‍ മഴക്കാലത്ത് സാധ്യതയേറെയാണ്. തീറ്റമടുപ്പ്, പനി, വയറിളക്കം, പാല്‍ ഉല്‍പ്പാദനക്കുറവ്, ശ്വാസതടസ്സവും മൂക്കൊലിപ്പും തുടങ്ങിയ പൊതുവായ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടന്‍ വിദഗ്‌ധ ചികിത്സ ലഭ്യമാക്കണം.
രോഗവ്യാപകരായ പരാദങ്ങളെ പടിക്ക് പുറത്ത് നിർത്തൂ
ആന്തരപരാദങ്ങളെ നിയന്ത്രിക്കുന്നതിനായി വിരമരുന്നുകള്‍ നല്‍കണം. മഴക്കാലത്തിന്‍റെ തുടക്കത്തില്‍ കണ്ടുവരുന്ന വൈറല്‍ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുടന്തന്‍ പനി. കൈകാലുകളുടെ മുടന്ത്, പനി, പേശിവേദന എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങൾ. വൈറസുകള്‍ കാരണമായുണ്ടാവുന്ന ഈ രോഗം പശുക്കളിലേക്ക് പകര്‍ത്തുന്നത് ബാഹ്യപരാദങ്ങളായ കൊതുകുകളും കടിയീച്ചകളുമാണ്. ബാഹ്യപരാദങ്ങൾ വഴി പശുക്കളിലേക്ക് പകരുന്ന രോഗാണുക്കൾ വേറെയുമുണ്ട്. മഴക്കാലരാത്രികളില്‍ തൊഴുത്തില്‍ സജീവമാകുന്ന കൊതുകുകളെയും കടിയീച്ചകളെയും നിയന്ത്രിക്കാന്‍ ബാഹ്യപരാദങ്ങളെ അകറ്റുന്ന ലേപനങ്ങള്‍ (ഡെൽറ്റമെത്രിൻ, സൈപെർമെത്രിൻ, ഫ്ലുമെത്രിൻ തുടങ്ങിയവയിൽ ഏതെങ്കിലും) പശുക്കളുടെ മേനിയിലും തൊഴുത്തിലും തളിക്കണം. തൊഴുത്തിന്‍റെ ചുമര്‍ പരാദനാശിനികള്‍ ചേര്‍ത്ത് വെള്ളപൂശുകയുമാവാം. പശുവിന്‍റെ മേനിയില്‍ പൂവത്തെണ്ണയോ കര്‍പ്പൂരം വേപ്പെണ്ണയില്‍ ചാലിച്ചോ പുരട്ടുന്നതും രാത്രി തൊഴുത്തില്‍ കര്‍പ്പൂരം, കുന്തിരിക്കം, ശീമകൊന്ന എന്നിവയിലൊന്ന് പുകയ്ക്കുന്നതും കടിയീച്ചശല്യം കുറയ്ക്കും. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ വളക്കുഴിയില്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം. തൊഴുത്തിലും പരിസരത്തും മലിനജലം കെട്ടിക്കിടക്കാന്‍ ഇടവരരുത്. ജലസംഭരണികളില്‍ കൊതുകുലാര്‍വയെ നിയന്ത്രിക്കുന്നതിനായി 250 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ അര ബക്കറ്റ് വെള്ളത്തില്‍ കലക്കി തെളിവെള്ളം ശേഖരിച്ച് ടാങ്കിലൊഴിക്കാം. വളക്കുഴിയിലും മൂത്ര ടാങ്കിലും മഴവെള്ളം വീഴാതെ മേലാപ്പ് ഒരുക്കണം.
Also Read: ക്ഷീരകര്‍ഷകര്‍ അറിയാന്‍: പശുക്കളിലെ സാംക്രമിക രോഗങ്ങളും പ്രതിരോധവും
മഴക്കാലത്ത് പശുക്കളുടെ തീറ്റയൊരുക്കുമ്പോള്‍
ഈര്‍പ്പമേറിയ സാഹചര്യത്തില്‍ തീറ്റസാധനങ്ങളില്‍ കുമിള്‍ ബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. കുമിളുകള്‍ പുറന്തള്ളുന്ന വിഷവസ്തുക്കള്‍ അഫ്ളാടോക്സിക്കോസിസ് എന്ന രോഗത്തിന് കാരണമാവും. ക്രമേണയുള്ള തീറ്റമടുപ്പ്, വയറിളക്കം, ശരീരക്ഷീണം, ഉല്‍പ്പാദനക്കുറവ്, വാലിന്‍റെയും ചെവികളുടെയും അറ്റം അഴുകി ദ്രവിക്കല്‍, രോമക്കൊഴിച്ചില്‍ എന്നിവ അഫ്ളാടോക്സിന്‍ വിഷബാധയുടെ ലക്ഷണങ്ങളാണ്. വിഷബാധയേറ്റാൽ ഗര്‍ഭിണി പശുക്കളില്‍ ഗര്‍ഭമലസാന്‍ സാധ്യതയുണ്ട്. കടലപിണ്ണാക്ക്, പരുത്തിക്കുരുപിണ്ണാക്ക് തുടങ്ങിയവയില്‍ കുമിള്‍ ബാധക്ക് സാധ്യത ഉയര്‍ന്നതായതിനാല്‍ പ്രത്യേക ശ്രദ്ധവേണം. തീറ്റവസ്തുക്കള്‍ മുന്‍കൂട്ടി വാങ്ങി ഒരാഴ്ചയിലധികം സൂക്ഷിച്ച് വെച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. തീറ്റസാധനങ്ങള്‍ തറയില്‍ നിന്ന് ഒരടി ഉയരത്തിലും ചുമരില്‍ നിന്ന് ഒന്നരയടി അകലത്തിലും മാറി മരപ്പലകയുടെയോ ഇരുമ്പ് പലകയുടെയോ മുകളില്‍ സൂക്ഷിക്കണം, തണുത്തകാറ്റോ ഈര്‍പ്പമോ മഴച്ചാറ്റലോ ഏല്‍ക്കാതെ നോക്കണം. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീറ്റയെടുത്തശേഷം ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. വലിയ തീറ്റ ചാക്കില്‍ നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റ മാത്രം എടുത്തുപയോഗിക്കാം. തൊഴുത്തിലും തീറ്റകള്‍ സംഭരിച്ച മുറികളിലും പരിസരത്തും എലികളെയും പെരുച്ചാഴികളെയും നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. കാരണം എലിപ്പനി മനുഷ്യര്‍ക്കെന്നപോലെ പശുക്കള്‍ക്കും മാരകമാണ്. തീറ്റകള്‍ സുരക്ഷിതമായി അടച്ച് സൂക്ഷിക്കുന്നതിനൊപ്പം തീറ്റയവശിഷ്ടങ്ങള്‍ സുരക്ഷിതമായി സംസ്കരിക്കുകയും വേണം. ശരീര സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ധാതുലവണ മിശ്രിതങ്ങള്‍, കരള്‍ ഉത്തേജന മരുന്നുകള്‍, പ്രോബയോട്ടിക് ജീവാണുമിശ്രിതങ്ങള്‍ തുടങ്ങിയവയെല്ലാം നിത്യവും പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉചിതമാവും.
സാംക്രമികരോഗങ്ങളില്‍ നിന്നും കിടാക്കളെ സംരക്ഷിക്കുന്ന പരിപാലന രീതികള്‍
മഴക്കാലത്ത് മൂന്ന് മാസത്തിൽ ചുവടെ പ്രായമുള്ള കിടാക്കളിൽ മരണനിരക്ക് പൊതുവെ കൂടുതലായി കണ്ടുവരുന്നു. സാംക്രമിക രോഗങ്ങൾ, കാലാവസ്ഥയുടെ സമ്മർദ്ദം എന്നിവയെല്ലാമാണ് മരണനിരക്ക് ഉയർത്തുന്ന ഘടകങ്ങൾ. ന്യൂമോണിയ, കോക്സീഡിയ രോഗാണു കാരണം ഉണ്ടാവുന്ന രക്താതിസാരം തുടങ്ങിയവയാണ് കിടാക്കളിൽ മഴക്കാലത്ത് കാണുന്ന പ്രധാന രോഗങ്ങൾ. കിടാക്കൂടുകളിൽ വൈക്കോൽ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. കൂട്ടിൽ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. കിടാക്കളെ ഒരുമിച്ചാണ് പാർപ്പിക്കുന്നതെങ്കിൽ അവയെ തിങ്ങി പാർപ്പിക്കാതിരിക്കണം. കിടാക്കൂടുകളിൽ ഇന്‍കാന്‍റസന്റ് / ഇൻഫ്രാറെഡ് ബൾബുകൾ സജ്ജമാക്കി കിടാക്കൾക്ക് മതിയായ ചൂട് ഉറപ്പാക്കണം.
Also Read: കന്നുകാലികളിലെ ബോട്ടുലിസം രോഗം ഫലപ്രദമായി പ്രതിരോധിക്കാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ