മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ; അറിയേണ്ടതെല്ലാം
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
വേനൽ പാതി കഴിഞ്ഞതോടെ കേരളം മഴക്കാലത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും നന്നായി പച്ചക്കറി വിളവു ലഭിക്കുന്ന കാലമാണ് മഴക്കാലം. എന്നാൽ മഴക്കാലത്ത് കൃഷി ചെയ്യാനുള്ള പച്ചക്കറികൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.
കേരളത്തിലെ മഴക്കാലത്ത് ഏറ്റവും നന്നായി വളർത്താൻ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കും. ധാരാളം അയഡിൻ അടങ്ങിയ പോഷക സമൃദ്ധമായ വെണ്ടയ്ക്കക്ക് വിപണിയിൽ നല്ല വിലയും ലഭിക്കാറുണ്ട്.
മെയ് മാസം പകുതിയോടെയാണ് വെണ്ടയുടെ മഴക്കാല കൃഷിയ്ക്കായി വിത്ത് പാകേണ്ടത്. വാരങ്ങളിലോ ഗ്രോബാഗുകളിലോ വിത്ത് നടാം. വാരങ്ങളിൽ ചെടികൾ തമ്മിൽ 45 സെമീയും വരികൾ തമ്മിൽ 60 സെമീയും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂർ മുമ്പ് വെണ്ടവിത്തുകൾ വെള്ളത്തിൽ കുതിർത്താൻ ശ്രദ്ധിക്കണം.
ചെടികൾ വളരുന്നതോടെ ചെറിയ തോതിൽ നനയ്ക്കണം. ജൂണിൽ മഴ തുടങ്ങുന്നതോടെ ചെടികൾ തഴച്ചുവളാരാൻ തുടങ്ങും. നട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കുള്ളിൽ വെണ്ട പൂവിടുകയും തുടർന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും. ചെറിയ തോതിൽ ജൈവവളം അടിവളമായി നൽകിയാൽ മികച്ച വിളവു നൽകുന്ന കൃഷിയാണ് വെണ്ടക്കൃഷി.
വെണ്ട കഴിഞ്ഞാൽ മുളകാണ് മഴക്കാല കൃഷിയിലെ പ്രധാനി. വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിച്ചാൽ മഴക്കാലത്ത് മുളക് മികച്ച വിളവു നൽകും. നീരൂറ്റി കുടിക്കുന്ന പ്രാണികൾ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം. സാധാരണ മുളകിനു പുറമേ കാന്താരി മുളകും വീട്ടിൽ കൃഷി ചെയ്യാം. വിത്തുകൾ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്.
ഇതിനായി വിത്തുകൾ മെയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കാം. 20-25 ദിവസം പ്രായമായ തൈകൾ മാറ്റിനടണം. ചെടികള് തമ്മില് 45 സെ.മീറ്ററും വാരങ്ങൾ തമ്മിൽ 60 സെ.മീറ്ററും ഇടയകലം നല്കണം. തൈകള് നട്ട് അമ്പതാം ദിവസം മുതൽ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നൽകാൻ മറക്കരുത്.
വഴുതിനയാണ് മഴക്കാലത്ത് നന്നായി വിളയുന്ന മറ്റൊരു പച്ചക്കറി. വിപണിയിൽ ലഭ്യമായ നിരവധി ഇനം വിത്തുകൾക്കു പുറമേ ധാരാളം നാടൻ വഴുതിന ഇനങ്ങളും വീടുകളിൽ കൃഷി ചെയ്തുവരുന്നു. മെയ് രണ്ടാം വാരത്തോടെ വിത്തിട്ട് 20 മുതൽ 25 ദിവസംവരെ പ്രായമാകുമ്പോൾ തൈകൾ മാറ്റിനടാവുന്നതാണ്. ചെടികൾ തമ്മിൽ 60 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 75 സെന്‍റീ മീറ്ററും ഇടയകലം നൽകണം.
നീർവാർച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതിന നന്നായി വളരുന്നത്. തവാരണകളിലും പ്രധാന സ്ഥലത്തും സ്യൂഡോമോണസിന്‍റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റിനട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കകം വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. ഇവ കൂടാതെ പാവൽ, പയർ തുടങ്ങിയ പച്ചക്കറികളും ജൂൺ ആദ്യവാരം മഴക്കാലം എത്തുന്നതോടെ കൃഷി ചെയ്യാവുന്നതാണ്.
Also Read: ഉറുമ്പുകളുടെ ആക്രമണം കാരണം കൃഷി മടുത്തോ? ഇതാ ചില പൊടിക്കൈകൾ
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|