വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയിൽ നേട്ടം കൊയ്ത് അയൂബ് തേട്ടോളി
വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരീക്ഷിച്ച് നേട്ടം കൊയ്യുകയാണ് മാനന്തവാടി സ്വദേശിയായ അയൂബ് തേട്ടോളി. രണ്ട് വർഷം മുമ്പാണ് മാനന്തവാടി എടവക പഞ്ചായത്തിലെ താനിയാടുള്ള കൃഷിയിടത്തിൽ അയൂബ് എടവക കൃഷിഭവന്റെ പിന്തുണയോടെ വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി ആരംഭിച്ചത്. കുരുമുളക് കൃഷിയക്ക് സാധാരണയായി ഉപയോഗിക്കുന്ന മരങ്ങളുടെ താങ്ങു കാലുക്കൾക്കു പകരം നിർജ്ജീവ കാലുകൾ (dead Posts) ഉപയോഗിക്കുന്നതാണ് വിയറ്റ്നാം മോഡൽ.
മരത്തടികൾ തന്നെ ഉപയോഗിക്കുന്നവർക്ക് ദീർഘകാലം നിലനിൽക്കാൻ വേണ്ടി രാസവസ്തുക്കൾ, കോൺക്രീറ്റ്, Gl എന്നിവയോ ഉപയോഗിച്ച് താങ്ങു കാലുകൾ ഒരുക്കാം. പതിനഞ്ച് അടി നീളവും നാല് ഇഞ്ച് കനവുമുള്ള കോൺക്രീറ്റിന്റെ ചതുര തൂണുകളാണ് അയൂബ് തെരഞ്ഞെടുത്തത്. ഒരു പോസ്റ്റിന് 1150 രൂപ നിരക്കിൽ 3 കമ്പിയിട്ട് വാർത്തെടുക്കുകയായിരുന്നു.
13 അടി മുകളിൽ വരത്തക്കവിധം രണ്ടടിയുടെ കുഴികളെടുത്ത് അതിൽ പോസ്റ്റ് ചെരിവോ, ഇളക്കമോ ഇല്ലാതെ ഉറപ്പിക്കുകയാണ് ആദ്യപടി. പോസ്റ്റിന്റെ വടക്കുഭാഗത്തു മാത്രമായി ഒരടി സമചതുര കുഴി എടുത്ത് അതിൽ ട്രൈക്കോഡർമ കൊണ്ട് സമ്പുഷ്ടീകരിച്ച ചാണകവും മേൽമണ്ണും നിറക്കുകയാണ് അടുത്തപടൊ. അതിനുശേഷം ഒരാഴ്ച കഴിഞ്ഞ് ഒരു കുഴിയിൽ 3 വീതം തൈകൾ നടണം.
വേനലിൽ ജലസേചനത്തിന് ഡ്രിപ്പ് ഇറിഗേഷനാണ് അനുയോജ്യം. മഴമാറിയാൽ ഒരു മാസം ഇടവേളയിട്ട് ചാണകം, കടലപിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ച് എന്നിവ ചെടികളുടെ ചുവട്ടിൽ ഒരു ലിറ്റർ വീതം തുടർച്ചയായി 3 മാസം ഒഴിക്കണം. ആദ്യത്തെ ഒരു വർഷം വേനലിൽ എല്ലാ ദിവസവും ഒരു നേരം മുടങ്ങാതെ നനക്കണമെന്നും അയൂബ് പറയുന്നു.
കുരുമുളക് വള്ളികൾക്ക് .പറ്റിപ്പിടിച്ചു വളരാൻ പോസ്റ്റിൽ ഷെയ്ഡ് നെറ്റ് കൊണ്ട് പൊതിയുകയും ചെയ്തു. ചെടികൾ നല്ല വളർച്ച നേടികയും ഒരു വർഷത്തിനുള്ളിൽ ഒന്നു രണ്ട് ചെടികൾ തിരിയിടുകയും ചെയ്തു. എന്നാൽ രണ്ടാം വർഷം വേനൽക്കാലത്ത് ചെടികളിൽ മഞ്ഞളിപ്പ് മാറാതിരുന്നത് ആശങ്കയുണ്ടാക്കിയതായും അയൂബ് ഓർക്കുന്നു.
ഒടുവിൽ സൂര്യാഘാതമാണ് കാരണമെന്ന് കണ്ടെത്തിയതോടെ ഓലകൊണ്ട് തണലൊരിക്കയപ്പോൾ ആ പ്രശ്നത്തിനും പരിഹാരമാമായി. ആത്മ വയനാടിന്റെ മുൻ ഡയറക്ടറായിരുന്ന ആശയുടെ നിർദേശങ്ങളും തുണയായി. താങ്ങുകാലും കുരുമുളകു ചെടിയും തമ്മിൽ വെള്ളത്തിനും വളത്തിനുമുള്ള മത്സരം ഒഴിവാകുന്നു എന്നതാണ് വിയറ്റ്നാം രീതിയിലുള്ള കുരുമുളക് കൃഷിയുടെ മെച്ചമെന്ന് അയൂബ് വ്യക്തമാക്കുന്നു.
സൂര്യപ്രകാശം തടസമില്ലാതെ കിട്ടുന്നത് കൊണ്ടുതന്നെ അതിസാന്ദ്രതാ കൃഷിക്ക് അനുയോജ്യമാണ് ഈ രീതി. ഒരു ഏക്കറിൽ 1000 പോസ്റ്റുകൾവരെ സ്ഥാപിച്ച് കൃഷി നടത്താമെന്ന മെച്ചവുമുണ്ട്. താങ്ങുകാലുകൾ നശിച്ചു പോകുന്ന അപകടവും ഒഴിവാക്കാം. ശക്തമായ കാറ്റുള്ള ഇടങ്ങളിലും അനായാസം ഈ രീതി ഉപയോഗിച്ച് കുരുമുളക് കൃഷി ചെയ്യാം.
താരതമ്യേന ഉയർന്ന മുതൽമുടക്ക് ആവശ്യമാണ് എന്നതാണ് ഈ രീതിയുടെ പ്രധാന പോരായ്മ. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ താത്പര്യമില്ലാത്തവർക്ക് വീട്ടുമുറ്റത്തുതന്നെ ഒന്നോ രണ്ടോ പോസ്റ്റിട്ട് കൃഷി ചെയ്താൽ വർഷം മുഴുവൻ വീട്ടാവശ്യത്തിനുള്ള കുരുമുളക് ഉൽപ്പാദിപ്പിക്കാമെന്നും അയൂബ് പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് അയൂബ് തേട്ടോളി, 9387752145.
Also Read: താങ്ങുവില വർധന ചെറുകിട, ഇടത്തരം കൃഷിക്കാരേക്കാൾ കൂടുതൽ ഗുണം ചെയ്യുക വൻകിട കൃഷിക്കാർക്ക്; കാരണം ഇതാണ്