ലക്ഷ്യം കർഷകർക്ക് നഷ്ടമുണ്ടാക്കാത്ത സീറോ ബജറ്റ് കൃഷിയെന്ന് കൃഷിമന്ത്രി; കോഴിക്കോട് അന്താരാഷ്ട്ര സെമിനാർ നടത്തും
ലക്ഷ്യം കർഷകർക്ക് നഷ്ടമുണ്ടാക്കാത്ത സീറോ ബജറ്റ് കൃഷിയെന്ന് കൃഷിമന്ത്രി; കോഴിക്കോട് അന്താരാഷ്ട്ര സെമിനാർ നടത്തും. സംസ്ഥാനത്തെ കർഷകരെ കനത്ത നഷ്ടത്തിൽനിന്നും കടക്കെണിയിൽ നിന്നും പരിരക്ഷിക്കുന്നതിനായി സീറോ ബജറ്റ് കൃഷി രീതിയ്ക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.
ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ കൃഷി വിദഗ്ധരും കർഷകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര സെമിനാർ കോഴിക്കോട് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കോട്ടയ്ക്കകത്തെ വിപുലീകരിച്ച അഗ്രോ ബസാർ ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ബസവ ശ്രീ സുഭാഷ് പലേക്കര്‍ വികസിപ്പിച്ച ജൈവകൃഷിരീതിയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് അഥവാ ചെലവില്ലാ കൃഷി എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ രീതിയിൽ കൃഷി ചെയ്യുമ്പോൾ മണ്ണ്, വിത്ത്, കൃഷിക്കാരന്‍റെ അധ്വാനം, ഒരു നാടന്‍ പശു എന്നിങ്ങനെ നാലു ഘടകങ്ങളാണ് പ്രധാനമായി വേണ്ടത്.
പലേക്കറുടെ അഭിപ്രായത്തിൽ ഒരു നാടന്‍ പശുവില്‍ നിന്നു കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പതേക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യാന്‍ സാധിക്കും. ചെടികള്‍ അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ വലിച്ചെടുക്കുന്നത് കോടാനുകോടി സൂക്ഷ്മണുക്കളുടെ സഹായത്താലാണ്. ചെടികളെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നതിനുള്ള കഴിവ് നാടന്‍ പശുക്കളുടെ മൂത്രത്തിനുണ്ട്.
ചാണകം ഏറ്റവും പുതിയതും മൂത്രം ഏറ്റവും പഴയതും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഒരു നാടന്‍ പശുവിനെ വളര്‍ത്തുന്ന കര്‍ഷകന് ഒരു ഗ്രാം പോലും വളമോ കീടനാശിനികളോ പുറമേ നിന്നു വാങ്ങേണ്ടതായി വരില്ല. ആയിനത്തിലെല്ലാമുള്ള ചെലവ് ലാഭിക്കാന്‍ സാധിക്കുമ്പോള്‍ കൃഷി ചെലവില്ലാത്തതായി മാറുന്നു.