കന്നുകാലി കശാപ്പ് നിരോധനം: കേന്ദ്രസർക്കാരിന്റെ സ്ഥാപിത താത്പര്യം സൃഷ്ടിച്ച സാമൂഹിക-സാമ്പത്തിക പ്രതിസന്ധി
കന്നുകാലികളെ കശാപ്പിന് വേണ്ടി കാലിച്ചന്തയില്‍ വില്‍ക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം ഏര്‍പ്പെടുത്തിയ നിരോധനം രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമത്തെ (2017) അടിസ്ഥാനപ്പെടുത്തിയാണ് ഈ നിരോധനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽപ്പെടുന്നതാണ് അറവുപ്രക്രിയയെങ്കിലും കേന്ദ്ര ഗവണ്മെന്റിന് അധികാരമുള്ള “ക്രൂരത തടയൽ നിയമം” ഉപയോഗിച്ചാണ് കന്നുകാലികളുടെ കശാപ്പിനുള്ള വില്‍പന നിരോധനം. പശു, കാള, പോത്ത്, ഒട്ടകം, കന്നുകുട്ടികൾ എന്നിവയുടെ കാശാപ്പിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങളെ കാലിച്ചന്തയിലൂടെ വില്പന നടത്തുന്നത് കർഷകാവശ്യങ്ങൾക്ക് മാത്രമാക്കി മാറ്റുന്നതാണ് ഈ നിയമം. കന്നുകാലികളെ വാങ്ങുന്നവര്‍ താൻ കര്‍ഷകനാണെന്നും കാർഷിക ആവശ്യത്തിനാണ് വാങ്ങുതെന്നും തെളിയിക്കേണ്ടിവരും. കന്നുകാലി വില്പനക്ക് പ്രത്യേക കാലിക്കമ്പോള സമിതികള്‍ക്ക് പ്രാദേശികതലത്തിലോ ജില്ലാതലത്തിൽ രൂപംകൊടുക്കാനും, രാജ്യാതിർത്തിയിൽ നിന്ന് 50 കിലോമീറ്ററും സംസ്ഥാന അതിർത്തിയിൽ നിന്ന് 25 കിലോമീറ്ററും ഉള്ളിലായിരിക്കണം കാലിച്ചന്തകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും നിയമം അനുശാസിക്കുന്നു.
സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍, കേന്ദ്രം ഇടപെടുന്നതിനെ നിശിതമായി വിമര്‍ശിച്ച് മുന്നോട്ടുവന്നത് കേരളവും ബംഗാളുമാണ്. തമിഴ്നാട്, കര്‍ണ്ണാടക, തെലുങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയും പ്രതിഷേധിച്ച് രംഗത്തെത്തി.
മാട്ടിറച്ചി വ്യവസായം
മാട്ടിറച്ചി ആഹാരത്തിന്റെ ഭാഗമായി പരക്കെ സ്വീകരിച്ച ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഈ നിരോധനം പ്രതികൂലമായി ബാധിച്ചു, ഒപ്പം രാജ്യത്താകമാനമുള്ള മാംസവ്യവസായത്തേയും. അഞ്ചു ലക്ഷത്തോളം പേര്‍ നേരിട്ടും, 25 ലക്ഷത്തോളം പേര്‍ പരോക്ഷമായും പ്രവർത്തിക്കുന്നതാണ് ഇന്ത്യൻ മാംസവ്യാവസായ മേഖല. ലോകത്ത് കയറ്റുമതി ചെയ്യപ്പെടുന്ന മാട്ടിറച്ചിയിൽ 16 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ആഗോള കയറ്റുമതിയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഇതിലൂടെ പ്രതിവർഷം ലഭിക്കുന്നത് 26,000 കോടി രൂപയാണ്. ബ്രസീല്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് മുന്നില്‍. ലോകത്തെ ആകെ കയറ്റുമതിയായ 10 ദശലക്ഷം ടണ്‍ മാട്ടിറിച്ചിയില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 1.56 ദശലക്ഷം ടണ്‍ കഴിഞ്ഞവര്‍ഷം കയറ്റുമതി ചെയ്തതായി ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ നിന്നുള്ള പോത്തിറച്ചിക്ക് ആഗോള വിപണിയില്‍ വർദ്ധിച്ച ആവശ്യമാണുള്ളത്. ഇത്തരത്തിൽ കണക്കുകൾ പരിശോധിക്കുമ്പോൾ സർക്കാറിന്റെ ബുദ്ധിരഹിതമായ തീരുമാനം മാംസവ്യവസായം പോലെ രാജ്യത്തിന് സാമ്പത്തികലാഭം ഉണ്ടാക്കുന്ന ഒരു മേഖല തകർക്കാൻ ഉതകുന്നതാണ്. ആഗോള കയറ്റുമതിയിലെ പ്രതിസന്ധിക്കൊപ്പം, ആഭ്യന്തരവ്യവസായത്തിലും കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. പതിനായിരക്കണക്കിനാളുകള്‍ തൊഴിലെടുക്കുന്ന തുകല്‍വ്യവസായം, വാദ്യോപകരണങ്ങളുടെ നിര്‍മ്മാണം പോലുള്ള ചെറുകിട വ്യവസായം എന്നിവയും തകര്‍ച്ചയിലാണ്.
മത-വിശ്വാസ മൂല്യങ്ങള്‍ നയിക്കുന്ന അക്രമം
ആയിരക്കണക്കിന് സംരംഭകര്‍ പ്രവര്‍ത്തിക്കുന്ന ഈ വ്യവസായ മേഖലയിൽ മികച്ച തൊഴില്‍ മേഖലകൂടിയാണിത്. കേരളത്തിൽ ഇറച്ചി സംസ്ക്കരണവുമായി ബന്ധപ്പെട്ട് 3,000 പേര് നേരിട്ടും 20,000 ത്തോളം പേര്‍ പരോക്ഷമായും പ്രവർത്തിച്ചു വരുന്നുണ്ട്. നിയന്ത്രണം അവരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കും. വ്യാവസായിക അടിസ്ഥാനത്തിലുള്ള ഇറച്ചിയുത്പാദനം, സംസ്ക്കരണം എന്നിവയ്ക്ക് ലോകത്താകമാനം സാധ്യതകള്‍ നിലനില്‍ക്കുന്നു, മാത്രമല്ല, മാട്ടിറച്ചി വ്യവസായത്തില്‍ ഇന്ത്യ മുന്‍പന്തിയിലുമാണെന്ന സാഹചര്യം നിലനില്‍ക്കേയാണ് ഈ നിരോധമെന്നതാണ് ശ്രദ്ധേയം. ഭൂരിപക്ഷ ഹൈന്ദവ മത, വിശ്വാസ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനെ (2014 ല്‍) തുടര്‍ന്നാണ് കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂടിയത്. നിരോധനം സൃഷ്ടിക്കുന്ന സാമൂഹികാഘാതം ചര്‍ച്ചചെയ്യപ്പെടുന്നത് മാംസവ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലേറെയും മുസ്ലീങ്ങളും ദളിതരുമാണെന്ന വസ്തുത മുന്നില്‍വെച്ചാണ്. ബീഫ് കഴിക്കുന്നതും കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പലയിടത്തായി മുസ്ലീങ്ങളും ദളിതരും സ്വയംപ്രഖ്യാപിത ഗോസംരക്ഷകരാല്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ഇക്കാലത്ത് വളരെയേറെ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
രാജസ്ഥാനിലെ സികാറില്‍ കര്‍ഷകരും തൊഴിലാളികളും ഈയിടെ നടത്തിയ സമരത്തിലൂടെ മുന്നോട്ടുവെച്ച പതിനൊന്ന് ആവശ്യങ്ങളില്‍ ഒന്ന് കന്നുകാലികളുടെ വില്‍പനാ സ്വാതന്ത്ര്യമാണ്. കന്നുകാലി കശാപ്പ് നിരോധനത്തോടെ കറവവറ്റുകയും പ്രായമാകുകയും ചെയ്യുന്ന കന്നുകാലികള്‍ സംരക്ഷിക്കാനാകാതെ കര്‍ഷകര്‍ ഉപേക്ഷിക്കുന്ന പ്രവണത രൂപപ്പെട്ടു വരുന്നു. ഓരോ ഗ്രാമങ്ങളിലും 300 മുതല്‍ 400 വരെ കന്നുകാലികളാണ് ഇത്തരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്. ഇവ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നതും കൃഷിനാശം വരുത്തുന്നതും കര്‍ഷകരെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയാണ്.
കശാപ്പ് നിരോധനമുള്ള സംസ്ഥാനങ്ങള്‍ | കശാപ്പ് നിരോധനമില്ലാത്ത സംസ്ഥാനങ്ങള്‍ | അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ (%) | ആകെ കന്നുകാലികള്‍ | അലഞ്ഞുതിരിയുന്നവ |
ഗുജറാത്ത് | 3 | 99,83,950 | 2,92,462 | |
രാജസ്ഥാന്‍ | 7.1 | 1,33,24,460 | 9,46,050 | |
യു പി | 5.1 | 1,95,57,070 | 10,09,436 | |
ഹരിയാന | 6.4 | 18,00,000 | 1,17,209 | |
ആന്ധ്രപ്രദേശ് | 0.4 | 95,95,940 | 42,158 | |
കേരളം | 0.3 | 13,28,630 | 4,681 |
കേന്ദ്രസര്‍ക്കാരിന്റെ 19ാം കന്നുകാലി കണക്കെടുപ്പിനെ ആസ്പദമാക്കി തയ്യാറാക്കിയത് (2012)
ആന്ധ്രയുടേയും കര്‍ണ്ണാടകയുമുള്‍പ്പെടെ ദക്ഷിണേന്ത്യയുടെ ഗ്രാമീണമേഖലകളില്‍ ജീവിക്കുന്നവരുടെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് കന്നുകാലി വളര്‍ത്തല്‍. പാലുത്പാദിപ്പിക്കാത്തതും പ്രായമാകുന്നതുമായ കന്നുകാലില്‍ സ്വാഭാവികമായും കശാപ്പിനായി അയക്കപ്പെടുകയും പകരം മറ്റൊരു പറ്റം കന്നുകാലികളെ വാങ്ങി വളര്‍ത്തുകയുമാണ് കര്‍ഷകര്‍ ചെയ്യുന്നത്. ഈ സാമ്പത്തിക ക്രമത്തിനുണ്ടാകുന്ന പരുക്ക് രാജ്യത്തെ പാലുത്പാദനത്തേയും മാംസവ്യവസായത്തേയും കാര്‍ഷികവൃത്തിയേയും ബാധിക്കുന്നു. കൂട്ടത്തില്‍ കന്നുകാലി പരിപാലനത്തിലേര്‍പ്പെട്ടിരിക്കുന്ന പൊതുവെ സമൂഹത്തിന്റെ താഴെ തട്ടില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളെ സാമ്പത്തികമായും സാമൂഹികമായും അരക്ഷിതരാക്കാനും കാരണമാകുന്നു. ഇതില്‍ ഒന്നോ രണ്ടോ കന്നുകാലികളെ പരിപാലിക്കുന്നവരും ഓന്നോ രണ്ടോ ഡസന്‍ കന്നുകാലികളെ സംരക്ഷിക്കുന്നവരും ഫാമുകളില്‍ ജോലി ചെയ്യുന്ന ഭൂരഹിതരായ തൊഴിലാളികളും ഉള്‍പ്പെടുന്നു.
Also Read: വയനാടൻ കുള്ളൻ പശുക്കളും ഗോസംരക്ഷണത്തിന്റെ ഗോത്രവർഗ്ഗ മാതൃകകളും
മാംസാഹാരത്തിന്റെ ആവശ്യകത
ശരീരത്തിലെ പ്രോട്ടീൻ ന്യൂനത പരിഹരിക്കുന്നതിൽ ജന്തുജന്യ പ്രോട്ടീനായ മാംസത്തിന് വലിയ പങ്കുണ്ട്. കുറഞ്ഞ ചിലവില്‍ ശരീരത്തിനാവശ്യമായ പ്രോട്ടീനിന്റെ അളവ് ഉറപ്പ് വരുത്താന്‍ മാംസാഹാരങ്ങളുടെ ഉപഭോഗം സഹായിക്കുന്നു, ലോകത്ത് വര്‍ദ്ധിച്ചുവരുന്ന മാംസാഹാരത്തിന്റെ ഉപഭോഗം ഈ ന്യൂനത പരിഹരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിറുത്തിയാണ്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ മാംസാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നതും കയറ്റുമതി രംഗത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതും ഈ സാധ്യതകള്‍ കണക്കിലെടുത്താണ്. സസ്യപ്രോട്ടീനെ അപേക്ഷിച്ച് ജന്തുജന്യ പ്രോട്ടീന്റെ ഉപഭോഗത്തിൽ നഗരങ്ങളിലും ഗ്രാമീണമേഖലയിലും രണ്ട് ശതമാനത്തിന്റെ വർദ്ധനയുണ്ടായതായി കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ ജനിക്കുന്ന ശിശുക്കളിൽ 42 ശതമാനം പേരുടേയും ശരാശരി ശരീരതൂക്കം രണ്ട് കിലോഗ്രാമിലും കുറവാണ് എന്ന വസ്തുതകൂടി ഇവിടെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
സുരക്ഷിതമായ രീതിയിലുള്ള അറവുശാലകളുടെ പ്രവര്‍ത്തനം ശാസ്ത്രീയമായ ഇറച്ചി സംസ്കരണം എന്നി ഉറപ്പുവരുത്തുന്നതിനായി രാജ്യത്ത് ഭക്ഷ്യസുരക്ഷാനിയമം (2006) നിലവിലുണ്ട്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി സര്‍ക്കാര്‍ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നു. ശാസ്ത്രീയ അറവുശാലകൾ സ്ഥാപിക്കാനും നിലവിലുള്ള അറവുശാലകള്‍ നവീകരിക്കാനുമുള്ള നടപടികളും പുരോഗമിക്കേയാണ് ഈ നിരോധനം.
എന്തിനായിരുന്നു ഈ നിരോധനം?
എവിടെ നിന്നാണ് ഈ കന്നുകാലി സ്നേഹം പൊട്ടിപ്പുറപ്പെടുന്നത്?
ഭരണകര്‍ത്താക്കളുടെ ഇച്ഛാശക്തിയില്ലാത്ത എടുത്തുചാട്ടങ്ങള്‍ക്കും സ്ഥാപിത താത്പര്യങ്ങള്‍ക്കും രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളാണോ വില നല്‍കേണ്ടത്?
ചോദ്യങ്ങള്‍ നിരവധിയാണ്.