ഡയറി ഫാം: വിപണി സാധ്യത, പുത്തന്‍ വിപണന തന്ത്രങ്ങള്‍ തുടങ്ങിയവ
കന്നുകാലി വളര്‍ത്തലും ഫാം നടത്തിപ്പും കേരളത്തില്‍ ധാരാളമായി പരീക്ഷിക്കപ്പെടുന്നുണ്ട്. വിജയകരമായി നടത്തി മുന്നേറുന്നവരും മേഖലയില്‍ പരാജയം നേരിടുന്നവരും കുറവല്ല. കന്നുകാലി ഫാം ആരംഭിക്കുന്നതിന് മുന്നോടിയായി ശ്രദ്ധ നല്‍കേണ്ടതും പിന്നീട് കൃത്യമായി പാലിക്കപ്പെടേണ്ടതുമായ കുറേയേറെ കാര്യങ്ങളുണ്ട്. ഫാം ആരംഭിക്കുന്നവരുടെ അനുഭവപരിജ്ഞാനമായിരുന്നു ഒരുകാലത്ത് വിജയത്തിന്റെ കൈമുതലെങ്കില്‍ ഇന്ന് ഉത്പന്നത്തിന്റെ വിപണി സാധ്യതകളെക്കുറിച്ചുള്ള കൃത്യമായ ധാരണകള്‍, വില, വിപണന തന്ത്രങ്ങള്‍ എന്നിവ മെച്ചപ്പെട്ട വിപണനത്തിനും മേഖലയിലെ വിജയത്തിനും സഹായിക്കുന്ന മുഖ്യ ഘടകങ്ങളാണ്.
Also Read: പുതിയതായി ഡയറി ഫാം ആരംഭിക്കുന്നവരോട് പറയാനുള്ളത്
ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മെച്ചപ്പെട്ട വിലയ്ക്ക് ശാസ്ത്രീയ വിപണന തന്ത്രങ്ങള്‍ അനുവര്‍ത്തിച്ച് വിപണിയില്‍ യഥേഷ്ടം ലഭ്യമാക്കണം. ഉത്പന്നങ്ങള്‍ വിപണിയിലിറക്കുമ്പോള്‍ ഉപഭോക്താക്കളുടെ താല്‍പര്യം പ്രത്യേകം വിലയിരുത്തണം. ഉപഭോക്താവിന്റെ പ്രായം, താല്‍പര്യം, ആരോഗ്യസ്ഥിതി എന്നിവ വിലയിരുത്തി ഉത്പന്നങ്ങള്‍ പ്രത്യേക ലേബലില്‍ വിപണിയിലിറക്കാവുന്നതാണ്.
നമ്മുടെ നാട്ടില്‍ 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ 12% ത്തിലധികം വരും ഇവരില്‍ ഭൂരിഭാഗവും കൊളസ്റ്ററോള്‍ അധികരിച്ച രോഗംമൂലം കൊഴുപ്പു കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാറാണ് പതിവ്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ഡബിള്‍ ടോണ്‍ഡ് മില്‍ക്കില്‍ 1.5% കൊഴുപ്പും, 9% കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങളുമുണ്ട്. എന്നാല്‍ മേല്‍ സൂചിപ്പിച്ചവര്‍ക്കും ഹൃദ്രോഗികള്‍ക്കും വേണ്ടി കൊഴുപ്പില്ലാത്ത പാല്‍ വിപണനം നടത്താവുന്നതാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ബേബി മില്‍ക്ക്, തെറാപ്യൂട്ടിക് പാല്‍, ഫാം ഫ്രെഷ് പാല്‍ എന്നിവ വിപണിയിലിറക്കാവുന്നതാണ്. യോഗര്‍ട്ട് ഏറെ പോഷകപ്രദമായ ഒരു പാലുല്പന്നമാണ്.
Also Read: കുന്നുകാലികളിലെ ദുശ്ശീലങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും
പ്രോബയോട്ടിക്കുകള്‍ കൂടിയ അളവില്‍ അടങ്ങിയ യോഗര്‍ട്ട്, തൈര്, മറ്റ് പാലുത്പന്നങ്ങള്‍ എന്നിവയ്ക്ക് കയറ്റുമതി സാധ്യതയുമുണ്ട്. കുറഞ്ഞ കലോറിമൂല്യത്തിലുള്ള പ്രോബയോട്ടിക് സ്‌കിംഡ് പാലിനും സാധ്യതയേറെയാണ്. കുട്ടികളുടെ താല്‍പര്യം വിലയിരുത്തി ഖോവ, പേഡ, പാല്‍ ചോക്കളേറ്റ്, പായസം എന്നിവയും നിര്‍മ്മിച്ച് വിപണനം നടത്താവുന്നതാണ്. സ്‌കിംഡ് പാലും സോയാ പ്രോട്ടീനും ചേര്‍ത്തുള്ള ശീതള പാനീയ വിപണനത്തിനും സാധ്യതകളുണ്ട്. സോയാബീനിലുള്ള ഐസോഫ്‌ളാവോണ്‍സ്, രക്തത്തിലെ കൊളസ്റ്ററോളിന്റെ അളവ് കുറയ്ക്കാനും കാന്‍സര്‍ രോഗം ഇല്ലാതാക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, പാല്‍ ജൈവകൃഷിയിലൂടെ ജൈവപ്പാലായി വില്‍പന നടത്തിയാല്‍ കൂടുതല്‍ വില ലഭിക്കും. ആയുര്‍വ്വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നിരവധി ആയുര്‍വേദ ഔഷധങ്ങള്‍ പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കാവുന്നതാണ്.
Also Read: മൃഗസംരക്ഷണമേഖലയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ തീറ്റക്രമം
പിന്നെ ഗോബര്‍ ഗ്യാസ് പ്ലാന്റില്‍ നിന്നും പുറംന്തള്ളുന്ന ചാണകം ഉണക്കി പാക്കറ്റിലാക്കി കിലോയ്ക്ക് 4-5 രൂപ വിലയ്ക്ക് ജൈവവളമായി വില്‍ക്കാവുന്നതാണ്. 200-250 പശുക്കളുള്ള ഡയറി ഫാമുകള്‍ നഗരങ്ങളില്‍ നിന്നും 50 കി.മീ. ചുറ്റളവില്‍ സ്ഥാപിച്ചാല്‍ ലാഭകരമായിരിക്കും. പൂര്‍ണ്ണമായോ, ഭാഗികമായോ യന്ത്രവത്കരണം പ്രാവര്‍ത്തികമാക്കുകയും വേണം. വികസിത രാജ്യങ്ങളില്‍ പ്ലാസ്റ്റിക് പാക്കിങ്ങിലുള്ള പാല്‍ വിപണനം നിരോധിച്ചിരിക്കുകയാണ്. ഇവിടെ പോളി എത്തിലിന്‍ കുപ്പികളിലും, ടെട്രാപാക്കിംഗിലുമാണ് കൂടുതല്‍ അളവില്‍ പാല്‍ വില്‍പ്പന നടത്തുന്നത്. ഇങ്ങനെ സൂക്ഷിച്ച പാല്‍ 15-20 ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം. ഉത്പാദനം കൂടിയ ഫാമുകള്‍ക്ക് നഗരങ്ങളിലെ ഫ്‌ളാറ്റുകളിലെ ഉപഭോക്താക്കളുടെ ആവശ്യത്തിനായി ഈ സാധ്യത തേടാവുന്നതാണ്. വീട്ടുജോലിക്കാരില്ലാത്തവര്‍ക്കും പ്രായമായവര്‍ക്കും ഇത് വളരെ സൗകര്യപ്രദമായിരിക്കും.
പാല്‍, പാലുല്പന്ന നിര്‍മ്മാണ മേഖലയില്‍ ബ്രാന്‍ഡ് ബോധവത്കരണം അത്യാവശ്യമാണ്.
Also Read: ക്ഷീര സഹകരണ സംഘങ്ങളുടെ ഭാവി ആര് നിശ്ചയിക്കും?
പ്രത്യേക ലേബലില്‍ വിപണനം നടത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവ ഗുണമേന്മയോടെ വിപണനം നടത്തേണ്ടതുണ്ട്. പട്ടണങ്ങളില്‍ നിന്നും 20-30 കി.മീ. ചുറ്റളവില്‍ 20-25 പശുക്കളെ വളര്‍ത്തുന്ന ഡയറി ഫാമുകള്‍ക്ക് പാല്‍, പാലുത്പന്ന വിപണത്തിലൂടെ കൂടുതല്‍ ആദായം നേടാം. കുട്ടികള്‍, രോഗികള്‍ എന്നിവര്‍ക്കാവശ്യമായ രീതിയിലെ ഉത്പന്ന വൈവിധ്യവത്കരണം കൂടുതല്‍ ലാഭം പ്രദാനം ചെയ്യും.
ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഭക്ഷ്യസുരക്ഷിതത്വം ഇന്ന് ആഗോളതലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു വരുന്നു. ആന്റിബയോട്ടിക്കുകള്‍, വിഷാംശങ്ങള്‍ എന്നിവ കലരാത്ത/ അനുവദനീയമായ തോതില്‍ കൂടാത്ത ഉത്പന്നങ്ങള്‍ മാത്രമേ വിപണിയിലിറക്കാവൂ. ആരോഗ്യമുള്ള കന്നുകാലികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ മാത്രമേ വിപണനം നടത്താവൂ. കയറ്റുമതി ചെയ്യപ്പെടുന്ന ഉല്‍പന്നങ്ങള്‍ രോഗമില്ലാത്ത കന്നുകാലികളില്‍ നിന്നായിരിക്കണം. കുളമ്പുരോഗം, ആന്ത്രാക്‌സ് തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ നിലവിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന പാല്‍, പാലുത്പന്നങ്ങള്‍ എന്നിവ അന്താരാഷ്ട്ര വിപണിയില്‍ വിപണനം നടത്തുവാന്‍ സാധിക്കുകയില്ല.
Also Read: പശുവളര്‍ത്തലും ഫാം നവീകരണവും: “മാറുന്ന കാലം, മാറുന്ന രീതികള്‍”