മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകാവശ്യങ്ങള്‍ അംഗീകരിച്ചു; കിസാന്‍സഭ സമരം പിന്‍വലിച്ചു
മുംബൈ നഗരത്തിലേക്ക് കാല്‍നടയായി എത്തിയ ആയിരക്കണക്കിന് കര്‍ഷകര്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെ സി പി ഐ (എം) കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി ഗിരിഷ് മഹാജൻ കിസാന്‍സഭയുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിവിധ പദ്ധതികൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ കമ്മിഷൻ നിർദേശങ്ങൾ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കര്‍ഷകര്‍ ലോംഗ് മാര്‍ച്ച് നടത്തിയത്.
Also Read: വിയറ്റ്‌നാം കുരുമുളക് വില്ലനാകുന്നു; കുരുമുളക് കർഷകരെ ആശങ്കയിലാഴ്ത്തി വില താഴേക്ക്
ഈ മാസം ഏഴിനു നാസിക്കിൽ നിന്നാരംഭിച്ച കാൽനടജാഥയിൽ, മുംബൈയിലേക്കുള്ള 182 കിലോമീറ്റർ ദൂരവും സ്ത്രീകളും മധ്യവയസ്കരും ഉൾപ്പെടെയുള്ളവർ നടന്നാണെത്തിയത്. പൊരിവെയിലില്‍ പ്രതിദിനം ശരാശരി 35 കിലോമീറ്റർ നടന്ന കര്‍ഷക റാലിയില്‍ ഓരോ പ്രദേശത്തുനിന്നും വൻതോതിൽ ആളുകള്‍ പങ്കുചേർന്നു.
മഹാരാഷ്ട്രയിൽ ഇടതുപക്ഷ സംഘടനകളുടെ മാത്രം നേതൃത്വത്തിൽ സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. സിപിഐയും പെസന്റ് ആൻഡ് വർക്കേഴ്‌സ് പാർട്ടിയും ശിവസേനയും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Also Read: സംസ്ഥാന കര്‍ഷകക്ഷേമ ബോര്‍ഡ് ഈ വര്‍ഷം, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍