“നമുക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ?” വേനൽച്ചൂടിൽ ചെറുനാരങ്ങയുടെ വില കത്തിക്കയറുന്നു
സംസ്ഥാനം വേനൽച്ചൂടിൽ പൊരിയുകയും മലയാളികൾ തണലിനായി നെട്ടോട്ടമോടുകയും ചെയ്യുമ്പോൾ ചെറുനാരങ്ങക്ക് വിപണിയിൽ നല്ലകാലം തെളിഞ്ഞിരിക്കുകയാണ്. കിലോയ്ക്ക് 80 മുതല്‍ 86 വരെയാണ് കഴിഞ്ഞ ദിവസത്തെ വിപണി വില. ചൂടു കൂടിയതോടെയാണ് ചെറുനാരങ്ങയ്ക്ക് ആവശ്യക്കാർ വർധിച്ചത്. കഴിഞ്ഞ വര്‍ഷം 60 രൂപയായിരുന്ന ചെറുനാരങ്ങയാണ് ഇത്തവണ 86 രൂപയിലെത്തി നിൽക്കുന്നത്.
വേനൽ തുടങ്ങുന്നതിനു മുമ്പ് കിലോയ്ക്ക് 30 രൂപ വരെയായിരുന്നു വില. ആന്ധ്രയും തമിഴ്നാടുമാണ് കേരള വിപണിയിലേക്ക് ചെറുനാരങ്ങ എത്തിക്കുന്നതിൽ മുന്നിൽ. ആന്ധ്രയില്‍ നിന്നെത്തുന്ന ചെറുനാരങ്ങയുടെ തൊലിയ്ക്ക് കട്ടി കുറവായതിനാൽ വിപണിയിൽ പ്രിയം കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു.
Also Read: റബർ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; പ്രതിസന്ധിയിൽ വലഞ്ഞ് ചെറുകിട റബർ കർഷകർ
കേരളത്തിൽ ഇടുക്കിയിലെ കട്ടപ്പനയിലാണ് കൂടുതൽ ചെറുനാരങ്ങ കൃഷിയുള്ളത്. എന്നാൽ, ഇത് സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ ചെറിയൊരു ശതമാനമേ വരൂ. വേനൽ കനത്തതോടെ ചെറുനാരങ്ങക്കൊപ്പം തണ്ണിമത്തൻ, ഓറഞ്ച് എന്നിവയ്ക്കും വിപണിയിൽ നല്ലകാലമാണ്. തണ്ണിമത്തന് കിലോയ്ക്ക് 12 രൂപയും ഓറഞ്ചിന് കിലോയ്ക്ക് 60 രൂപയുമാണ് വിപണി വില.