Friday, April 4, 2025
Trendingകാര്‍ഷിക വാര്‍ത്തകള്‍

വയനാടിന് പ്രത്യേക കാർഷിക മേഖലാ പദവി; 4 വർഷം കൊണ്ട് വൻ കാർഷിക വികസനത്തിന് പദ്ധതി

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

വയനാടിന് പ്രത്യേക കാർഷിക മേഖലാ പദവി; 4 വർഷം കൊണ്ട് വൻ കാർഷിക വികസനത്തിന് പദ്ധതി. ജില്ലയുടെ പ്രത്യേക കാലാവസ്ഥ, പരിസ്ഥിതി, മണ്ണ്, പ്രകൃതി വിഭവങ്ങൾ എന്നിവ കണക്കിലെടുത്ത് വിവിധതരം പൂക്കൾ, പഴവർഗങ്ങൾ, നെല്ലിനങ്ങൾ എന്നിവ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിനും വിപണനം നടത്തുന്നതിനും പ്രത്യേക കാർഷിക മേഖലാ പദവി വഴിയൊരുക്കും. സംസ്ഥാനകൃഷി വകുപ്പും കേരള കാർഷിക സർവകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഓർക്കിഡ് ഫെസ്റ്റ് ഉദ്ഘാടന വേദിയിൽ കൃഷി മന്ത്രി വിഎസ് സുനിൽ കുമാറാണ് പ്രഖ്യാപനം നടത്തിയത്.

നിലവിലുളള തോട്ടങ്ങളിൽ ഇടവിളയായും, തനിവിളയായും സാധ്യമായ ഇടങ്ങളിലെല്ലാം വിവിധ ഇനങ്ങളിലുളള പൂക്കൾ, പഴവർഗങ്ങൾ എന്നിവ കൃഷിചെയ്യുക, പരമ്പരാഗത നെൽവിത്തിനങ്ങൾ സംരക്ഷിക്കുക, വിത്ത് മുതൽ വിപണിവരെ കർഷക പ്രാധാന്യം നൽകിക്കൊണ്ടുളള വികസനങ്ങൾ നടത്തുക എന്നിവയാണ് പ്രത്യേക കാർഷിക മേഖല പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. 4 വർഷം കൊണ്ട് 450 ഏക്കർ പൂക്കൃഷി 10000 ഏക്കർ ഫലവർഗകൃഷി, 3000 ഏക്കർ നെൽകൃഷി എന്നിവയുടെ വികസനം പദ്ധതി വിഭാവനം ചെയ്യുന്നു.

ആഭ്യന്തര, അന്താരാഷ്ട്ര വിപണി വിപണി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി കർഷകരുടെ വരുമാനത്തിൽ വർധനയുണ്ടാക്കാനാണ് പദ്ധതി ആവിഷ്ക്കരിച്ചത്. അവക്കാഡോ, പാഷൻ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, പപ്പായ, ലിച്ചി തുടങ്ങി ഓഫ്സീസൺ ഇനങ്ങളായ 5 പഴവർഗ്ഗങ്ങൾ 10 പഞ്ചായത്തുകളിലായി വ്യാപകമായി കൃഷി ചെയ്യും. ഓർക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയുമായി ചേർന്നുകൊണ്ട് പൂക്കൃഷി ചെയ്യുന്നതിനും കയറ്റുമതി ഉൾപ്പെടെയുളള സാധ്യതകൾക്കുമായി പ്രത്യേകം പദ്ധതികൾ നടപ്പിലാക്കാനും പദ്ധതിയുണ്ട്.

ഒപ്പം കൃഷിക്കാവശ്യമായ നടീൽ വസ്തുക്കൾ അമ്പലവയൽ ഗവേഷണ കേന്ദ്രത്തിൽ നിന്നും കർഷകർക്ക് ലഭ്യമാക്കും. കൃഷി, ഫ്ളവർ അറേഞ്ച്മെന്റ്, മൂല്യവർദ്ധനം തുടങ്ങിയ മേഖലയിൽ കർഷകർക്ക് പരിശീലനം നൽകും.
ആദിവാസി ഗോത്രജനവിഭാഗങ്ങൾ പരമ്പരാഗതമായി കൃഷി ചെയ്തുകൊണ്ടിരുന്ന നെല്ലിനങ്ങൾ തിരിച്ചു കൊണ്ടുവരാനും പദ്ധതി ഉന്നം വക്കുന്നു. സുഗന്ധ നെല്ലിന കൃഷിയുടെ വിസ്തീർണ്ണം വർധിപ്പിക്കുക, വിവിധ ജലസേചന പദ്ധതികളുടെ നിർമ്മാണം, നെല്ല് സംഭരണം, സംസ്കരണം എന്നിവയാണ് പദ്ധതിയുടെ മറ്റു മെച്ചങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Also Read: പിഎൻബി വായ്പാ തട്ടിപ്പു കേസിൽ പ്രതിയായ നീരവ് മോദി ഏറ്റെടുത്ത ഭൂമി തിരിച്ചുപിടിച്ച് മഹാരാഷ്ട്രയിലെ കർഷകർ

Image: pixabay.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.