കൃഷി മന്ത്രിയെക്കാണാൻ വിഷു കൈനീട്ടവുമായി ആദിവാസി മൂപ്പനും കുടുംബവും
കൃഷി മന്ത്രിയെക്കാണാൻ വിഷു കൈനീട്ടവുമായി ആദിവാസി മൂപ്പനും കുടുംബവും. സംസ്ഥാനത്തെ ആദിവാസി മേഖലയിലെ മികച്ച കര്‍ഷക അവാര്‍ഡ് ജേതാവും മൂപ്പനുമായ പൊന്നനും കുടുംബവുമാണ് കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അന്തിക്കാട്ടെ വീട്ടിലെത്തി കാര്‍ഷിക ഉല്‍പ്പനങ്ങള്‍ വിഷു കൈനീട്ടമായി നല്‍കിയത്. തുടര്‍ന്ന് മന്ത്രി മൂപ്പനും കുടുബത്തിനും വിഷുപ്പുടവയും സമ്മാനിച്ചു.
ഭാര്യ കാളിയമ്മ, മകള്‍ രാജി, പേരക്കുട്ടി ലതിക എന്നിവരോടൊപ്പമാണ് മൂപ്പൻ മന്ത്രിയെ സന്ദർശിക്കാനെത്തിയത്. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ തേക്കുവട്ടയിലെ ഊരിലേക്ക് മന്ത്രിയെത്തിയപ്പോൾ മുതൽ ആഗ്രഹിക്കുന്നതാണ് മന്ത്രിയെ സന്ദർശിക്കാനെന്നും തൃശൂരിനെ കുറിച്ച് കേട്ട് കേള്‍വി മാത്രം ഉണ്ടായിരുന്ന തനിക്ക് മന്ത്രിയുടെ വീട്ടിലേക്കുള്ള യാത്രയില്‍ ഈ നഗരവും കാണാന്‍ ഭാഗ്യം ഉണ്ടായതായും മൂപ്പന് പറഞ്ഞു.
ജി.ഐ.രജിസ്ട്രാറായ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശായിലെ ഡോ.സി.ആര്. എല്‍സിക്കൊപ്പമാണ് മൂപ്പന് മന്ത്രിയുടെ വീട്ടിലെത്തിയത്. ഊരിലെ അഞ്ച് ഏക്കറില്‍ കൃഷി ചെയ്ത ഒന്നാംവിളയുടെ ഉല്‍പ്പനങ്ങളുമായാണ് കൃഷിമന്ത്രിയെ കാണാനെത്തിയത്. പരമ്പരാഗതവും ജൈവികവുമായ പ്രത്യേകതരം നിലക്കടല, തുമാരപരിപ്പ്, ചോളം, കുറ്റിയമര എന്നിവയും മൂപ്പന്റെ വിഷുകൈനീട്ടത്തിലുണ്ടായിരുന്നു.
Also Read: കാഷ്യു കോർപ്പറേഷന്റെ ഫാക്ടറികൾ ഈ മാസം 26 ന് തുറക്കും; നാടൻ തോട്ടണ്ടി സംഭരിക്കാൻ കോർപ്പറേഷൻ
Image: Asianet News