കരിങ്കോഴികൾ ചത്തീസ്ഗഡിലെ ദന്തേവാഡയിലുള്ള ഒരു സംഘം വീട്ടമ്മമാരുടെ ജീവിതം മാറ്റിമറിച്ച കഥ
കരിങ്കോഴികൾ ചത്തീസ്ഗഡിലെ ദന്തേവാഡയിലുള്ള ഒരു സംഘം വീട്ടമ്മമാരുടെ ജീവിതം മാറ്റിമറിച്ച കഥ കേൾക്കാം. കടക്നാഥ് എന്ന വിഭാഗത്തില്‍പ്പെടുന്ന കലിമാസി എന്ന കരിങ്കോഴികളുടെ വിൽപ്പനയിലൂടെയാണ് ഇവർ സ്വന്തം ജീവിതം തിരുത്തിയെഴുതിയത്. വിൽപ്പനയിലൂടെ നല്ല ലാഭം ലഭിക്കുന്നതിനാൽ സ്വന്തം കാലില്‍ തല ഉയര്‍ത്തി നിൽക്കാൻ തങ്ങൾക്ക് സാധിച്ചതായി ഈ സ്ത്രീകൾ പറയുന്നു.
2017 അവസാന മാസങ്ങളിലാണ് കരിങ്കോഴി കൃഷിയെക്കുറിച്ച് ഈ സ്ത്രീകൾ ഗൗരവമായി ആലോചിക്കുന്നത്. തുടര്‍ന്ന് കൃഷി വിജ്ഞാന്‍ കേന്ദ്രവുമായി ബന്ധപ്പെടുകയും തങ്ങളുടെ ആവശ്യം പറയുകയും ചെയ്തു. വളർത്തുന്നത് കലിമാസിയാണെങ്കിൽ പിന്തുണക്കാം എന്നായിരുന്നു അധികൃതരുടെ നിലപാട്.
സ്ത്രീകൾ സമ്മതിച്ചതോടെ അവരെ സഹായിക്കാന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രവും ഒപ്പം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ചറല്‍ റിസര്‍ച്ച് കേന്ദ്രവും (ഐസിഎആര്‍) മുന്നോട്ടുവന്നു. പിന്നീട് എല്ലാം വേഗത്തിലായിരുന്നു. കോഴി വളർത്തൽ സംരഭം തുടങ്ങാൻ ആവശ്യമായ ആദ്യ മുതൽമുടക്ക് ഇവര്‍ക്ക് നല്‍കിയതും ഐസിഎആര്‍ ആണ്.
പുതിയ സംരഭം തുടങ്ങി എട്ടു മാസത്തിനുള്ളിൽ 3 ലക്ഷം രൂപയുടെ വരുമാനമുണ്ടാക്കിയത് ഇവരെ ശരിക്കും ഞെട്ടിക്കുകയും ചെയ്തു. ഏകദേശം മുന്നൂറു കരിങ്കോഴികളുടെ വില്പനയിലൂടെയാണ് 3 ലക്ഷം രൂപ ഇവര്‍ സമ്പാദിച്ചത്.
പ്രാദേശികമായി ‘കലിമാസി’ എന്നറിയപ്പെടുന്ന കടക്നാഥ് കരിങ്കോഴികളാണ് തങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നതെന്ന് സ്ത്രീകൾ പറയുന്നു. മാംസത്തിന് കറുത്ത നിറവും ബ്രോയിലര്‍ കോഴികളെക്കാള്‍ മൂന്നു മടങ്ങ് ഗുണവുമുള്ള കലിമാസിയുടെ ഇറച്ചിയ്ക്ക് വിപണിയിൽ വൻ ഡിമാൻഡാണ്. അതിനാൽ തന്നെ നല്ല വിലയും ലഭിക്കുന്നു.
മധ്യപ്രദേശിലെ നക്സല്‍ ബാധിത മേഖലയായ ജാബുവ, ധാര്‍ എന്നി ജില്ലകളിലാണ് ഇവയെ സുലഭമായി കാണുന്നതെങ്കിലും ഇന്ന് കോഴി വളർത്തുകാർക്കിടയിലെ സൂപ്പർ താരമായി മാറിയിരിക്കുകയാണ് കലിമാസി.
Image: agronfoodprocessing.com