കറ്റാർവാഴയ്ക്ക് വൻകിട മരുന്നു കമ്പനികൾക്കിടയിൽ പ്രിയമേറുന്നു
കറ്റാർവാഴയ്ക്ക് വൻകിട മരുന്നു കമ്പനികൾക്കിടയിൽ പ്രിയമേറുന്നു. സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്നതിനും രോഗപ്രതിരോധ മരുന്നുകൾക്കും വ്യാപകമായി ഉപയോഗിക്കുന്നതിനാൽ കറ്റാർവാഴ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് ഇത് നല്ലകാലമാണെന്നാണ് വിപണിയിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.
മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ക്രീം, ചർമത്തിന്റെ സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്കിൻ ടോണിക്, സൺ സ്ക്രീൻ ലോഷൻ എന്നിവയുണ്ടാക്കാൻ കറ്റാർവാഴയുടെ കുഴമ്പ് ഉപയോഗിക്കുന്നു. വിദേശ വിപണികളിലും കറ്റാർവാഴ കുഴമ്പിന് നല്ല ആവശ്യക്കാരുണ്ട്. നിലവിൽ തമിഴ്നാട്ടിലാണ് കറ്റാർ വാഴ വാണിജ്യാടിസ്ഥാനത്തിൽ വ്യാപകമായി കൃഷി ചെയ്യുന്നത്.
ഒന്നരയടി പൊക്കത്തിൽ വളരുന്ന ചെടിയിൽ 10 മുതൽ 20 വരെ കട്ടിയുള്ള പോളകളുണ്ടാകും. പോളകളിലുള്ള അലോയിൻ എന്ന വസ്തുവാണ് കറ്റാർവാഴയ്ക്കു സവിശേഷ ഔഷധഗുണം നൽകുന്നത്. ഈർപ്പ സാന്നിധ്യമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിൽ കറ്റാർവാഴ നന്നായി വളരും. മഞ്ഞുമൂടിയ കാലാവസ്ഥ ഒഴികെ ഏതു കാലാവസ്ഥയിലും ഏതു തരത്തിലുള്ള ഭൂമിയിലും കറ്റാർവാഴ കൃഷി ചെയ്യാം.
വളക്കൂറില്ലാത്ത തരിശുഭൂമിയിലും കല്ലും പാറകളും നിറഞ്ഞ വരണ്ട ഭൂമിയിലും മണൽ നിറഞ്ഞയിടത്തും ഏതു കൊടിയ വരൾച്ചയിലും വളരുമെന്നതാണ് ഇവയുടെ ഗുണം. അധികം പരിചരണം ആവശ്യമില്ലെന്ന മെച്ചവുമുണ്ട്. ഇടവിളയായും തനിവിളയായും കറ്റാർവാഴ കൃഷി ചെയ്യാവുന്നതാണ്. വാതം, പിത്തം, കഫം എന്നിവയുടെ ശമനത്തിനും പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും ആയുർവേദ മരുന്നുകളിൽ കറ്റാർവാഴ ഉപയോഗിക്കുന്നു.
Also Read: 700 വയസ്സുള്ള ആൽമര മുത്തശന് ഡ്രിപ്പ് നൽകി നാട്ടുകാർ; വൃക്ഷസ്നേഹത്തിന്റെ അപൂർവ കഥ തെലുങ്കാനയിൽ നിന്ന്
Image: pixabay.com